27 June Thursday
തറക്കല്ലിട്ടിട്ട‌് 2 വർഷമാകുന്നു

ഇല്ലാത്ത ഫണ്ട‌് ഉപയോഗിച്ച‌് ഇൻഡോർ സ‌്റ്റേഡിയം നിർമാണം വിവാദമാകുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

 പത്തനംതിട്ട

ഇതുവരെയും ഫണ്ട‌് മാറ്റിവച്ചിട്ടില്ലാത്ത ഇൻഡോർ സ‌്റ്റേഡിയത്തിന്റെ ആദ്യഘട്ട നിർമാണത്തിന‌് നഗരസഭ അനുമതി നൽകുന്നത‌് വിവാദമാകുന്നു. 16 കോടി രൂപ ചെലവിൽ നിർമിക്കുമെന്ന പേരിലാണ‌് സ‌്റ്റേഡിയത്തിന്റെ നിർമാണത്തിന‌് തുടക്കമിട്ടത‌്. എന്നാൽ, ഇല്ലാത്ത ഫണ്ടിന്റെ പേരിൽ തുടങ്ങാനുള്ള അനുമതിക്കായിട്ടാണ‌് തിങ്കളാഴ‌്ച നഗരസഭ കൗൺസിൽ യോഗം ചേർന്നത‌്. നഗരസഭ ഭരണ നേതൃത്വത്തിന്റെ തട്ട‌ിപ്പ‌് പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു.
 
   നഗരസഭ സ‌്റ്റേഡിയത്തിന‌് സമീപം ഇൻഡോർ സ‌്റ്റേഡിയം നിർമിക്കുന്നതിന‌് തറക്കല്ലിട്ടിട്ട‌് ഈ ആഗസ‌്തിൽ രണ്ട‌് വർഷം തികയും. സ‌്റ്റേഡിയം നിർമിക്കുന്നതിനായി രണ്ട‌് വർഷം മുമ്പ‌് 1.80 കോടി രൂപ കേന്ദ്ര ഫണ്ട‌് അനുവദിച്ചിരുന്നു. പത്തനംതിട്ട എംപി കൂടുതൽ ഫണ്ട‌് അനുവദിക്കുമെന്ന‌് പറഞ്ഞാണ‌് അന്ന‌് പദ്ധതിക്ക‌് തുടക്കമിട്ടത‌്. എന്നാൽ, പിന്നീട‌് ഒരു രൂപ പോലും ഈ പേരിൽ വന്നില്ല. പദ്ധതിയുടെ രൂപ രേഖ തയ്യാറാക്കിയതിന‌് മുബൈ ആസ്ഥാനമായുള്ള ദേശായി കമ്പനിക്ക‌് അവരുടെ കമീഷൻ നിരക്കായ 35 ലക്ഷം രൂപയിൽ 17.5 ലക്ഷം രൂപ നഗരസഭ നൽകുകയും ചെയ‌്തു. ഇതും വഴിവിട്ടാണ‌് നൽകിയത‌്. പദ്ധതിയുടെ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഈ നിരക്ക‌് ഗഡുക്കളായി നൽകണമെന്നാണ‌് ചട്ടം. എന്നാൽ, ഫീസിന്റെ പകുതി തുക ആദ്യം തന്നെ നൽകി കഴിഞ്ഞു. ഇതിലെ ക്രമക്കേട‌് എൽഡിഎഫ‌് അംഗങ്ങൾ ചൂണ്ടിക്കാട്ടി. 
 
  സംസ്ഥാന സർക്കാർ കിഫ‌്ബി വഴി 50 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരമുള്ള സ‌്റ്റേഡിയം നിർമിക്കുന്ന പദ്ധതി തള്ളിക്കളഞ്ഞവരാണ‌് പത്തനംതിട്ടയിലെ യുഡിഎഫ‌് ഭരണ നേതൃത്വം. ഇവിടെ ഒരിക്കലും വരുമെന്ന‌് ഉറപ്പില്ലാത്ത പദ്ധതിയുടെ നിർമാണം ആരംഭിക്കാൻ തിടുക്കും കൂട്ടുകയാണ‌്. കേന്ദ്ര പൊതുമരാമത്ത‌് വകുപ്പിനാണ‌് (സിപിഡബ്ല്യുഡി) നിർമാണ ചുമതല. അവർ ആവശ്യപ്പെട്ട പ്രകാരമാണ‌് ആദ്യഘട്ട നിർമാണത്തിന്റെ അനുമതിക്ക‌് കൗൺസിൽ യോഗം ചേർന്നത‌്. നിർമാണവുമായി ബന്ധപ്പെട്ട‌് കേന്ദ്ര പൊതുമാരമത്ത‌് വകുപ്പുമായി വച്ച കരാർ ഉടമ്പടിയുടെ പകർപ്പ‌് ആവശ്യപ്പെട്ടിട്ട‌് അത‌് നൽകാൻ അധികൃതർക്കായില്ല. നിർമാണം തുടങ്ങുന്നത‌് സംബന്ധിച്ച‌് നഗരസഭയ‌്ക്ക‌് സിപിഡബ്ല്യുഡി നൽകിയ കത്തും കൗൺസിലിൽ വച്ചില്ല. ഇത‌് വലിയ പ്രതിഷേധത്തിന‌് ഇടയാക്കി. ഇല്ലാത്ത ഫണ്ടിന്റെ പേരിൽ നിർമാണം ആരംഭിക്കുന്നെന്ന‌് പറയുന്നത‌് തട്ടിപ്പാണെന്ന‌് എൽഡിഎ‌ഫ‌് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
  യുഡിഎഫിലെ ചില അംഗങ്ങളും ഇതിനെ വിമർശിച്ചു. പത്ത‌് വർഷം എംപിയായിരുന്ന ആന്റോ ആന്റണി പാർലമെന്റിൽ പോയി പത്തനംതിട്ടയ‌്ക്കുവേണ്ടി ‘പ’ എന്നുപോലും പറഞ്ഞിട്ടില്ലെന്ന‌് കോൺഗ്രസിലെ മുതിർന്ന അംഗം കെ ആർ അരവിന്ദാക്ഷൻ നായർ പറഞ്ഞു. പിന്നെയാണ‌് ഇനിയും ഫണ്ട‌്  കൊണ്ടുവരുമെന്ന‌് പറയുന്നതെന്നും അരവിന്ദാക്ഷൻ നായർ പറഞ്ഞു. എൽഡിഎഫ‌് പാർലമെന്ററി പാർടി നേതാവ‌് പി കെ അനീഷ‌്, സെക്രട്ടറി പി വി അശോക‌് കുമാർ, വി മുരളീധരൻ, ആർ ഹരീഷ‌്, വി ആർ ജോൺസൺ, ടി ആർ ശുഭ, ശോഭ കെ മാത്യു എന്നിവർ സംസാരിച്ചു.
 
 
 
പ്രധാന വാർത്തകൾ
 Top