22 June Tuesday

സ്വകാര്യ ആശുപത്രികൾ 50 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്ക് നീക്കിവയ്ക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday May 11, 2021

 കോന്നി

എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സയ്ക്കായി 50 ശതമാനം കിടക്കകൾ നീക്കിവയ്ക്കണമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ആവശ്യപ്പെട്ടു. സർക്കാർ മേഖലയ്ക്ക് ഒപ്പം സ്വകാര്യ മേഖലയിലും കോവിഡ് ചികിത്സ ലഭ്യമാക്കണം. സർക്കാർ നിർദേശിച്ച നിരക്കിൽ സ്വകാര്യ മേഖലയിലും ചികിത്സ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു. കോന്നി മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. 
പഞ്ചായത്ത് തലത്തിൽ കൺട്രോൾ റൂമുകൾ കാര്യക്ഷമമാക്കും. ആംബുലൻസ് സൗകര്യവും ക്യാബിൻ തിരിച്ച അഞ്ച്‌ വാഹനങ്ങളും സജ്ജമാക്കും. പഞ്ചായത്ത് പ്രദേശത്ത് താമസക്കാരായ മെഡിക്കൽ വിദ്യാർഥികളുടെ ലിസ്റ്റ് തയാറാക്കും. എല്ലാ വാർഡിലും വാർഡുതല ജാഗ്രതാ സമിതി രൂപീകരിച്ചത് കൂടുതൽ സജീവമാക്കും. രോഗികൾക്ക് മരുന്നും ഭക്ഷണവും എത്തിച്ചു നല്കും. പ്രൈമറി കോണ്ടാക്ട് ലിസ്റ്റും സമിതി തയാറാക്കും. വാർഡിലെ താമസക്കാരെ ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കും. എല്ലാ ആഴ്ചയും അവലോകനയോഗം വാർഡുതലത്തിൽ ചേരണം. സ്ഥലപരിമിതി മൂലം കോന്നി താലൂക്ക് ആശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രം സമീപത്തുള്ള കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു.
ജനകീയഹോട്ടലോ കമ്യൂണിറ്റി കിച്ചണോ എത്രയും വേഗമാരംഭിച്ച് ഭക്ഷണമെത്തിക്കാൻ നടപടി സ്വീകരിക്കണം. അതിഥി തൊഴിലാളികൾക്ക് സർക്കാർ നിർദേശിച്ചിട്ടുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തണം. എംഎൽഎ അധ്യക്ഷനായ യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ ബീനാ റാണി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എബി സുഷൻ, തഹസിൽദാർ കെ എസ് നസിയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം വി അമ്പിളി, ജിജി സജി, കെ ബൈജുകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോബി ടി ഈശോ, സജി കുളത്തുങ്കൽ, കുട്ടപ്പൻ, സുലേഖ വി നായർ, ഷീലകുമാരി, ചന്ദ്രിക സുനിൽ, എൻ നവനിത്, മോഹനൻ നായർ, രേഷ്മ മറിയം റോയ്, ടി വി പുഷ്പവല്ലി , രാജഗോപാൽ, കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഗ്രേസ് മറിയം ജോർജ്‌ തുടങ്ങിയവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top