23 January Wednesday

ഇടയാറന്മുള എഎംഎം ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി നിറവിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

 

കോഴഞ്ചേരി
നൂറ്റാണ്ടു കാലം തലമുറകൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന ഇടയാറന്മുള എ.എംഎം ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി നിറവിലേക്ക്. വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലഘട്ടത്തിൽ തല മുറയ്ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് മലങ്കര സഭയിലെ നവീകരണത്തിന്റെ ആവേശം ഉൾക്കൊണ്ട് ഇടയാറമുളയിലെ പൂർവപിതാക്കന്മാർ, ഡോ. ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പോലീത്ത, ആനിക്കാട്ട് എ ജി തോമസ് കശീശ്ശ, അയിരൂർ സി പി ഫിലിപ്പോസ് കശീശ്ശ, മൂത്താംപാക്കൽ സാധു കൊച്ചുകുഞ്ഞുപദേശി എന്നിവരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസം ഒരു ദൗത്യമായി ഏറ്റെടുത്ത് 100 വർഷം മുമ്പ് മാലക്കരയിൽ ആരംഭിച്ച  ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഇന്ന് എം എംഎം ഹയർ സെക്കൻഡറി സ്കൂളായി മൊട്ടയ്ക്കൽ കുന്നിന്റെ നിറുകയിൽ പ്രശോഭിക്കുന്നു. 1919 - ൽ ആരംഭിച്ച് 1948- ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ട വിദ്യാലയത്തിന് ഏബ്രഹാം മാർത്തോമ്മ മെമ്മോറിയൽ സ്കൂൾ എന്ന് പുനർനാമകരണം നടത്തി. 1991 - ൽ  എയ്ഡഡ് മേഖലയിലെ ആദ്യ ഹയർ സെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനമായി  മാറി. 
പത്മഭൂഷൻ ഡോ. കെ എം ജോർജ്, കെ ഭാസ്കരൻ നായർ, മഹാകവി കെ എം വർഗീസ്, എൻ  കെ ദാമോദരൻ, മഹാവീരചക്ര തോമസ് ഫിലിപ്പോസ്, ജസ്റ്റീസ് പി ഡി രാജൻ, കുര്യാക്കോസ് മാർ ക്ലിമ്മിസ്, മാലേത്ത് സരളാദേവി മുൻ എംഎൽഎ എന്നീ പ്രമുഖർ ഇവിടെ പഠിച്ചിറങ്ങിയവരാണ‌്.
ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾ 14 ന‌്  വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ശതാബ്ദി സ്മാരക ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം തോമസ് മാർ തിമോഥിയോസ് എപ്പിസ്കോപ്പാ നിർവഹിക്കും. സ്കൂൾ മാനേജർ റവ.ജോൺസൺ വർഗീസ് അധ്യക്ഷനാകും.
- ശതാബ്ദി ആഘോഷങ്ങളുടെ നടത്തിപ്പിനായി റവ. ജോൺസൺ വർഗീസ് (ചെയർമാൻ), അഡ്വ. സാംജി മാത്യ, റെജി ജോർജ് (ജനറൽ കൺവീനേഴ്സ്), കെ സി തോമസ് (ട്രഷറാർ), കരുണ സരസ്സ് തോമസ് പ്രിൻസിപ്പൽ), അന്നമ്മ നൈനാൻ (ഹെഡ്മിസ്ട്രസ്സ്) എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ സംഘാടക സമിതി പ്രവർത്തിച്ചു വരുന്നു.
പ്രധാന വാർത്തകൾ
 Top