23 January Wednesday
മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്യും

തിരുവല്ല ബൈപ്പാസിനും ടൗണിലെ റോഡ് നവീകരണത്തിനും ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

  

തിരുവല്ല 
തിരുവല്ലയുടെ സ്വപ്നപദ്ധതിയായ ബൈപ്പാസിന്റെ നിർമാണത്തിനും ടൗണിലെ എംസി റോഡ് നവീകരണത്തിനും വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് അഞ്ചിന് തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ ഓപ്പൺ എയർ സ്റ്റേജിൽ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ഇരുപദ്ധതികളുടെയും നിർമാണപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. 
 നിർമാണം നിലച്ച ബൈപ്പാസിന്റെ അശാസ്ത്രീയമായ രൂപകൽപ്പനയിൽ മാറ്റംവരുത്തി പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ടെൻഡർ വിളിച്ച് പുതിയ കരാറുകാരുമായി എഗ്രിമെന്റ‌് വച്ച ശേഷമാണ് ബൈപ്പാസ് നിർമാണം പുനരാരംഭിക്കുന്നത്. എംസി റോഡ് നവീകരണത്തിൽനിന്ന് ഒഴിവാക്കിയിരുന്ന മഴുവങ്ങാട് മുതൽ രാമഞ്ചിറ വരെയുള്ള ടൗണിലെ എംസി റോഡും ഇതോടൊപ്പം നവീകരിക്കും. 
 37 കോടി രൂപയാണ് ബൈപ്പാസിന്റെ നിർമാണചെലവ്. ഈ മാസംതന്നെ പണികൾ ആരംഭിച്ച് 9 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. ആവശ്യമായ സ്ഥലത്തിന്റെ ബഹുഭൂരിഭാഗവും ഏറ്റെടുക്കാതെയാണ് 2014ൽ ബൈപ്പാസ് നിർമാണത്തിന് തുടക്കമിട്ടത്. ഇതിൽ കുറേഭാഗം കോടതി നടപടികൾ മൂലം വസ്തു ഉടമകൾക്ക് തിരികെ നൽകേണ്ടിവന്നു. ഇതുകൂടാതെ ബൈപ്പാസ് ആരംഭിക്കുന്ന രാമഞ്ചിറയിൽനിന്ന് തിരുവല്ല, മല്ലപ്പള്ളി റോഡ് വരെയുള്ള ഭാഗത്ത് വളരെ ഉയരത്തിൽ മണ്ണിട്ടുയർത്തി റോഡ് നിർമിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇതിന് പാർശ്വഭിത്തികൾ വ്യവസ്ഥ ചെയ്തിരുന്നില്ല. പാർശ്വഭിത്തികൾ നിർമിക്കുന്നതിന് ആവശ്യമായ സ്ഥലവും ഏറ്റെടുത്തില്ല. 
 ചതുപ്പുള്ള ഈ ഭാഗത്ത് മണ്ണിട്ടുയർത്തി റോഡ് നിർമിക്കുന്നത് അപ്രായോഗികമാണെന്നും പിന്നീട് കണ്ടെത്തി. ഇത്തരത്തിലുള്ള സാങ്കേതിക പിഴവുകൾ മൂലം പണികൾ തുടങ്ങാൻ കഴിയാതെ വന്നതോടെ കരാറുകാരൻ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് നിർമാണം മുടങ്ങുകയുമായിരുന്നു.
  എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ബൈപ്പാസ് യാഥാർഥ്യമാക്കുന്നതിന് പുതിയ ഡിസൈൻ തയാറാക്കാൻ മന്ത്രി ജി സുധാകരൻ നിർദ്ദേശിക്കുകയായിരുന്നു. ഇതുപ്രകാരം രാമഞ്ചിറയിൽ ഫ്ളൈഓവർ നിർമിക്കുന്നതിന് തീരുമാനിക്കുകയും ആവശ്യമായ ബാക്കിഭാഗങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. മണ്ണ് പരിശോധന അടക്കമുള്ള നിരവധി പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ബൈപ്പാസിന് ലോകബാങ്കിന്റെ അനുമതി ലഭിച്ചത്. 
പ്രധാന വാർത്തകൾ
 Top