23 January Wednesday

പമ്പാ ശിൽപ്പങ്ങൾ ദ്രാവിഡ സംസ്കാരത്തിന്റെ ശേഷിപ്പ‌്: ഡോ. എം ആർ രാഘവവാര്യർ

ബാബു തോമസ്Updated: Friday Jan 11, 2019

ആറന്മുളയിൽനിന്ന്‌ ലഭിച്ച ശിൽപങ്ങൾ ചരിത്രകാരൻ ഡോ. എം ആർ രാഘവ വാര്യർ പരിശോധിക്കുന്നു

 

കോഴഞ്ചേരി
പമ്പാതീരം ദ്രാവിഡ ജനജീവിതത്തിന്റെ സാംസ്കാരിക ഭൂമികയെന്നതിന്റെ തെളിവുകളാണ് ലഭിച്ച മൺ ശിൽപ്പങ്ങളെന്ന് ഡോ. എം ആർ രാഘവവാര്യർ.  ബ്രാഹ്മണേതരമായ ഇവ വിജയനഗര സാമ്രാജ്യ കാലഘട്ട ശിൽപ്പങ്ങൾക്ക‌് സമാനമാണ‌്. വെള്ളങ്ങൂരിലെ പെട്ടിക്കല്ലറ മഹാശിലായുഗ സ്മാരകം തന്നെയെന്നും കൂടുതൽ പഠനങ്ങൾ ഉടൻ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 
 സെപ്തംബർ 28നാണ് പ്രളയത്തെ തുടർന്ന് തീരമിടിഞ്ഞ ആഞ്ഞിലിമൂട്ടിൽ കടവിനു സമീപം കോയിപ്രത്ത് കടവിൽ മൺ ശിൽപ്പങ്ങൾ ലഭിച്ചത്. തുടർന്ന് വീണാ ജോർജ‌് എംഎൽഎയുടെ നേതൃത്വത്തിൽ പമ്പാനദീതട പഠന ഗവേഷണസമതി രൂപീകരിക്കുകയും സംസ്ഥാന സർക്കാരിന്റെയും പുരാവസ്തു വകുപ്പിന്റെയും നേതൃത്വത്തിൽ ഉൽഖനനം ആരംഭിക്കുകയുമായിരുന്നു.
അതി മനോഹരമായ നുറുകണക്കിന് ശിൽപ്പങ്ങളാണ് ഇവിടെനിന്ന‌് ലഭിച്ചത്. കേരളത്തിൽ  അഷ്ട കന്യകമാരുടെ ശിൽപ്പം ലഭിച്ചത് ഇവിടെ മാത്രമാണ്. എഴു കന്യകമാർ, വീരക്കല്ലുകൾ, നാഗപ്പത്തി, യോദ്ധാവ്, നാരങ്ങാ വലിപ്പത്തിലുള്ള കുടങ്ങൾ, പടയണി കോലങ്ങളിലെ ദംഷ്ട്രകളുള്ള പുരുഷരൂപങ്ങൾ തുടങ്ങി സ്ത്രീ ആരാധനയുടെ സാധ്യതകളാണ് ഇവിടെനിന്നു ലഭിച്ചത‌്. പെരുമാൾ വാഴ്ചയെക്കുറിച്ചും അക്കാലത്തെ കച്ചവട വ്യാപനത്തെക്കുറിച്ചും  ആറൻമുള മൺ ശിൽപ്പങ്ങളുടെ പശ്ചാത്തലത്തിൽ പഠനം ആരംഭിക്കണമെന്നും എം ആർ രാഘവ വാര്യർ ആവശ്യപ്പെട്ടു.
കെ കൃഷ്ണരാജിന്റെ നേതൃത്വത്തിലാണ് ഖനനം നടക്കുന്നത്. രാഘവ വാര്യർക്കൊപ്പം ഐക്കണോഗ്രാഫി വിദഗ്ധൻ ചിത്രഭാനു, കടമ്മനിട്ട ശിൽപ്പ സമുച്ചയ ശിൽപി കെ കെ ശ്രീധരൻ, രാജീവ് പുലിയൂർ, കെ പി ശ്രീരംഗനാഥൻ  എന്നിവരും ഉണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top