ഉപതെരഞ്ഞെടുപ്പ് ഇന്ന്
പത്തനംതിട്ട
ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്‌ച നടക്കും. കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊള്ളൂർ, പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന, നിരണം പഞ്ചായത്തിലെ കിഴക്കുംമുറി, എഴുമറ്റൂർ പഞ്ചായത്തിലെ ഇരുമ്പുകുഴി, അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി എന്നിവിടങ്ങളിൽ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വൈകിട്ട് ആറിന് ക്യൂവിലുള്ളവർക്കെല്ലാം സ്ലിപ്പ് നൽകി വോട്ട് രേഖപ്പെടുത്താൻ അവസരം നൽകും. ബുധൻ രാവിലെ 10നാണ് വോട്ടെണ്ണൽ. പ്രചാരണം അവസാനിച്ചപ്പോൾ ഇടതുപക്ഷത്തിന് ശക്‌തമായ മുൻതൂക്കമാണ് എല്ലാ സ്ഥലങ്ങളിലും ലഭിച്ചത്. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷനിലും യുഡിഎഫ് ബ്ലോക്ക് പഞ്ചായത്തംഗത്തെ അയോഗ്യയാക്കിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. ജലജാ പ്രകാശാണ് ഇളകൊള്ളൂർ ബ്ലോക്ക് ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി.
നിരണം പഞ്ചായത്ത് ഏഴ-ാം വാർഡിൽ (കിഴക്കുംമുറി) പ്രസാദ് കൂത്തുനടയിലാണ് എൽഡിഎഫ് സ്ഥാനാർഥി. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ ഇവിടെ വിജയിച്ചിരുന്ന ലതാ പ്രസാദ് മരണപ്പെട്ടതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ലതാ പ്രസാദിന്റെ ഭർത്താവാണ് പ്രസാദ് കൂത്തുനടയിൽ. അരുവാപ്പുലം പഞ്ചായത്ത് 12–ാം വാർഡ് പുളിഞ്ചാണിയിൽ സിപിഐ എമ്മിലെ മിനി രാജീവാണ് എൽഡിഎഫ് സ്ഥാനാർഥി. സിപിഐ എമ്മിന്റെ സിറ്റിങ് സീറ്റിൽ മുൻ അംഗം സി എൻ ബിന്ദു സർക്കാർ ജോലി ലഭിച്ചതിനാൽ രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ്. എഴുമറ്റൂർ പഞ്ചായത്ത് അഞ്ചാം വാർഡ് ഇരുമ്പുകുഴിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി ബീന ജോസഫ് മത്സരിക്കും. യുഡിഎഫ് മുൻ വാർഡംഗം അയോഗ്യയാക്കപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന ഡിവിഷനിൽ കളരിക്കോട് എംടി എൽപി സ്കൂൾ, സെന്റ് മേരീസ് എം ടി എൽപി സ്കൂൾ മണപ്പള്ളി കിടങ്ങന്നൂർ, കറുമ്പൻ ദൈവത്താൻ മെമ്മോറിയൽ ഗവ. എൽപിഎസ് എരുമക്കാട്, വല്ലന ടികെഎംആർ എം വിഎച്ച്എസ്, കോട്ട ഡി വി എൽപി സ്കൂൾ എന്നീ പോളിങ് സ്റ്റേഷനുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്.
ആറന്മുള പഞ്ചായത്തിലെ അഞ്ചു വാർഡുകൾ ചേർന്ന പ്രദേശമാണ് വല്ലന ബ്ലോക്ക് ഡിവിഷൻ. ഇവിടെ ആകെ 5954 വോട്ടർമാരാണുള്ളത്. സിപിഐ എം അംഗവും നിർമാണ തൊഴിലാളി യൂണിയൻ കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗവും ആറന്മുള സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗവുമായ കെ ബി അരുണാണ് എൽഡിഎഫ് സ്ഥാനാർഥി.
അരുവാപ്പുലം പഞ്ചായത്ത് കെട്ടിടം, സാംസ്കാരിക നിലയം എന്നിവിടങ്ങളാണ് അരുവാപ്പുലം പഞ്ചായത്ത് പുളിഞ്ചാണി വാർഡിലെ പോളിങ് സ്റ്റേഷനുകൾ.
ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷനിൽ മന്നം ഐടിസി , ഇളകൊള്ളൂർ സെന്റ് ജോർജ് എച്ച്എസ്, തെങ്ങുംകാവ് ഗവ.എൽപിഎസ്, കിഴവള്ളൂർ എൻഎസ്എസ് കരയോഗമന്ദിരം, വെള്ളപ്പാറ അങ്കണവാടി, വെള്ളപ്പാറ അമൃത എൽ പി എസ്, കോന്നി ആർവിഎച്ച്എസ്എസ്, കരക്കാക്കുഴി സെന്റ് മേരീസ് പാരീഷ് ഹാൾ, ചിറ്റൂർ എൻഎസ്എസ് കരയോഗമന്ദിരം എന്നിവിടങ്ങളാണ് പോളിങ് സ്റ്റേഷനുകൾ.
0 comments