19 October Saturday

ഊരിലും താരം

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

 കോന്നി

ഗവിയുടെ കവാടമെന്ന് പ്രസിദ്ധമായ ആങ്ങമൂഴി കിളിയെറിഞ്ഞാംകല്ല് ചെക്ക് പോസ്റ്റ് പിന്നിട്ട് ജനീഷ് കുമാർ ചൊവ്വാഴ്‌ച മൂഴിയാറ്റിൽ എത്തിയപ്പോൾ സമയം 2.30. കാട്ടിനുള്ളിലുടെയുള്ള യാത്ര സ്ഥാനാർത്ഥിയെ ഉൻമേഷവാനാക്കിയിരുന്നു.
മൂഴിയാർ ഡാം പിന്നിട്ട്  റോഡുവക്കിൽ ആദിവാസി കുടിലുകൾ.ഡാമിൽ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വലകളുടെ കുരുക്കഴിച്ചും ശേഖരിച്ചു കൊണ്ടുവന്ന വനവിഭവങ്ങൾ തരംതിരിച്ചും ചിലത് വെയില് കൊള്ളിക്കുകയും ചെയ്ത് കൊണ്ടിരുന്നവരുടെ സമീപത്തേക്ക് ജനീഷ് കുമാർ ചെന്നു.
തങ്ങളുടെ ചിരപരിചിതൻ സ്ഥാനാർത്ഥിയായി എത്തിയത്തിന്റെ അതിരില്ലാത്ത സന്തോഷത്തോടെ അവരെല്ലാവരും ജനീഷിന് ഒപ്പം കൂടി വിജയാശംസകൾ അറിയിച്ചു. കുടിലിനുള്ളിൽ നിന്നിറങ്ങി വന്ന ആദിവാസി വല്യമ്മ ജനീഷിനെ ചേർത്ത് പിടിച്ച് തലയിൽ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്തു. മൂഴിയാറിലെ ആദിവാസികളെ സംബന്ധിച്ച് ജനീഷ് കുമാർ അവർക്ക് അന്യനല്ല. തങ്ങൾക്ക്  സഹായം എല്ലാം ഒരുക്കി നൽകുന്ന നേതാവും സുഹൃത്തും മകനുമാണ്. സംസ്ഥാന സർക്കാരിന്റ മികച്ച കരുതലാണ് അവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്‌.
പട്ടികർഗ വികസന വകുപ്പും റേഷൻകട വഴിയും എല്ലാ മാസവും ഭക്ഷ്യധാന്യങ്ങൾ  ഇവിടെ വിതരണം ചെയ്യുന്നുണ്ട്. സീതത്തോട് പഞ്ചായത്ത് പ്രത്യേക പദ്ധതി തയ്യാറാക്കി കുടുംബശ്രി യൂണിറ്റ് വഴി മൂന്നു നേരം കുടിലുകളിൽ പാകം ചെയ്ത ഭക്ഷണവും എത്തിക്കുന്നു. മൂഴിയാർ ഗവൺമെന്റ് യുപി സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് സഞ്ചരിക്കാൻ ഗോത്ര സാരഥി പദ്ധതിയുടെ വാഹനവും ഇവിടെ സർവീസ് നടത്തിവരുന്നു.
സീതത്തോട് ഗവൺമെന്റ് ആശുപത്രിയിൽ നിന്ന് ആഴ്‌ചയിൽ രണ്ട് ദിവസം കുടിലുകൾ സന്ദർശിക്കുന്ന മെഡിക്കൽ സംഘവും ഈ ജനതയ്ക്ക് നൽകി വരുന്ന കരുതലും സഹായവും അവർ മറന്നിട്ടില്ല. യാത്രയാക്കാൻ നേരം അവരെല്ലാം ജനീഷിനോട് പറയുന്നത് കേൾക്കാമായിരുന്നു അണ്ണൻ ജയിക്കും അതുറപ്പാ...
സിപിഐ എം പെരുനാട് ഏരിയാ സെക്രട്ടറി എസ് ഹരിദാസ് ഏരിയാ കമ്മറ്റി അംഗങ്ങളായ സി എസ് സുകുമാരൻ, പി ആർ പ്രമോദ്,  ബ്ലോക്ക് പഞ്ചായത്തംഗം ജേക്കബ് വളയം പള്ളി, പി ജെ തോമസ് എന്നിവരും ഒപ്പമുണ്ടായി.
 
 
പ്രധാന വാർത്തകൾ
 Top