18 October Friday

ജില്ലയിൽ പുനർനിർമിച്ചത്‌ 341 വീടുകൾ: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019

 പത്തനംതിട്ട 

കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ ജില്ലയിൽ പൂർണമായും തകർന്ന 615 വീടുകളിൽ 341 എണ്ണത്തിന്റെ നിർമാണം പൂർത്തിയായിട്ടുണ്ടെന്ന് വനം, മൃഗസംരക്ഷണ മന്ത്രി കെ രാജു പറഞ്ഞു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി പത്തനംതിട്ട മെട്രോ റോട്ടറി ക്ലബ്ബ് ആറന്മുള എഴീക്കാട് കോളനിയിൽ നിർമിച്ച ഭവനങ്ങളുടെ താക്കോൽ ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ 95 വീടുകളുടെ നിർമാണം റൂഫ് ലെവലിലും 100 എണ്ണം ലിന്റൽ ലെവലിലും 73 എണ്ണം ബേസ്‌മെന്റ് ഘട്ടത്തിലും നടന്നുവരികയാണ്. കൈമാറ്റം ചെയ്ത വീടുകളിൽ 114 എണ്ണം കെയർ ഹോം പദ്ധതിയിലുൾപ്പെടുത്തി നിർമിച്ചതും  199 എണ്ണം സ്വന്തം നിർമാണത്തിലും 28 എണ്ണം സ്‌പോൺസർഷിപ്പിൽ പൂർത്തിയായവയുമാണ്.
ഓണാഘോഷം ഇത്തവണ ആർഭാടമില്ലാതെ നടത്താനാണ് സർക്കാർ തീരുമാനം. കഴിഞ്ഞ വർഷം മഹാപ്രളയം സംഭവിച്ചതിനാൽ സർക്കാർ തലത്തിൽ ഓണം ആഘോഷിച്ചിരുന്നില്ല. ഇത്തവണ ആർഭാട രഹിതമായുള്ള ഓണാഘോഷമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഓണത്തിന് മുമ്പ്‌ നിർമാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം എന്നത് മന്ത്രിസഭാ തീരുമാനമാണെന്നും മന്ത്രി പറഞ്ഞു.
550 സ്‌ക്വയർ ഫീറ്റിൽ 9,90,000 രൂപ ചെലവിലാണ് രണ്ട് ഭവനങ്ങളുടേയും നിർമാണം. സന്ധ്യാ സുരേന്ദ്രന് താക്കോൽ നൽകി മന്ത്രി ഉദ്ഘാടനം ചെയ്‌തു. മല്ലശേരിൽ തങ്കമണിക്ക് വീണാ ജോർജ് എംഎൽഎ താക്കോൽ കൈമാറി. രണ്ട് മുറി, അടുക്കള, ബാത്ത് റൂം, ഹാൾ എന്നിവയടങ്ങുന്നതാണ് വീട്. മെട്രോ റോട്ടറി ക്ലബ്ബിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.
എ ഡി എം അലക്‌സ് പി തോമസ്, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ, വാർഡ് മെമ്പർ സൂസൻ, മെട്രോ റോട്ടറി ക്ലബ്ബ് ചാപ്റ്റർ പ്രസിഡന്റ് ജോൺ കുരുവിള, ഭാരവാഹിയായ ജാതവേദൻ നമ്പൂതിരി, റോട്ടറി അസിസ്റ്റന്റ് ഗവർണർ പി ജി മോഹൻകുമാർ  എന്നിവർ പങ്കെടുത്തു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top