23 September Wednesday

കോഴഞ്ചേരിയുടെ വികസനം അട്ടിമറിക്കാൻ നീക്കം: എൽഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020
കോഴഞ്ചേരി
സമാന്തര പാലം നിർമാണത്തിന് കോഴഞ്ചേരി മാർക്കറ്റിന്റെ ഒരു ഭാഗം മാത്രം പൊളിച്ചു മാറ്റി ബാക്കി ഭാഗം ഹൈടെക് മാർക്കറ്റാക്കാനാണ്   തീരുമാനമെന്ന് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി. രണ്ടു മാസത്തിനുള്ളിൽ എ‌സ്റ്റിമേറ്റ് നടപടി പൂർത്തിയാക്കി ടെൻഡറിലേക്ക്‌ നീങ്ങാനാണ് തീരുമാനം. ഇവിടെ മാലിന്യ സംസ്‌കരണത്തിന് ഉൾപ്പെടെ ഒരു കോടി രൂപയാണ്‌ വീണാ ജോർജ്‌ എംഎൽഎ വകയിരുത്തിയത്.ഒഴിപ്പിക്കുന്ന വ്യാപാരികളോട് അനുഭാവ നിലപാടാണ് എൽഡിഎഫിനുള്ളത്. വസ്തുത ഇതായിരിക്കെ മാർക്കറ്റിലെ മുഴുവൻ വ്യാപാരികൾക്കും ബദൽ സംവിധാനം വേണമെന്ന് ആവശ്യപ്പെടുന്ന കേരള കോൺഗ്രസിന്റെ ജോസഫ് ഗ്രൂൂപ്പിന്റെ ആവശ്യം ബാലിശമാണ്.
1995 മുതൽ 2005 വരെ തുടർച്ചയായി കേരള കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് പഞ്ചായത്ത് ഭരിച്ചത്. ഈ സമയം ഡീറ്റയിൽഡ് ടൗൺ പ്ലാനിങിന് സ്വകാര്യ ഏജൻസിയെകൊണ്ട് ലക്ഷക്കണക്കിന് രൂപ മുടക്കി പ്ലാൻ തയ്യാറാക്കിയിരുന്നു. അന്ന് ഈ തട്ടിപ്പിനെതിരെ എൽഡിഎഫിനൊപ്പം സമാന്തരമായി കോൺഗ്രസും  സമരം നടത്തി.
എന്നാൽ ഒരു ശൗചാലയം പോലും പണിതില്ല.പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തു ക്രയവിക്രയം ചെയ്തത്‌ വഴി കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കി. 
2005-ൽ ഭരണത്തിൽ വന്നഎൽഡിഎഫ് ഭരണ സമിതിയുടെ ഇടപെടൽ മൂലമാണ് വർഷങ്ങളായി റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലായിരുന്ന വണ്ടിപ്പേട്ടയുടെ ഉടമസ്ഥാവകാശം പഞ്ചായത്തിന് ലഭിച്ചത്. ഇപ്പോൾ സമാന്തരപാലം പണി പോലും പൂർത്തിയാക്കാതിരിക്കാനുള്ള ശ്രമമാണ് ജോസഫ് ഗ്രൂപ്പുകാർ നടത്തുന്നത്‌. വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന ഗൂഢശക്തികൾക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും അണി നിരക്കണമെന്ന്   ആവശ്യപ്പെട്ടു. 
യോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ബാബു കോയിക്കലേത്ത് ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി ചന്ദ്രശേഖരകുറുപ്പ് പഴഞ്ഞിയിൽ അധ്യക്ഷനായി. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്‌, സിപിഐ എം ലോക്കൽ സെക്രട്ടറി എം കെ വിജയൻ, പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ, ഏരിയ കമ്മിറ്റിയംഗം ബിജിലി പി  ഈശോ, ജനതാദൾ എസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ബിജോ പി മാത്യു എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top