15 September Sunday

റാന്നിയിൽ ജലനിരപ്പ് താഴുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019

 റാന്നി 

റാന്നിയിൽ രണ്ടാംദിവസം ജലനിരപ്പ് താഴ്‌ന്നു.  കഴിഞ്ഞ ദിവസം വെള്ളത്തിനടിയിലായ പമ്പാനദിയിലെ  അറയാഞ്ഞിലിമൺ, കുരുമ്പൻമൂഴി, മുക്കം കോസ്വേകൾ അതേ നിലയിൽ തുടരുന്നു. 
റാന്നിയിൽ കഴിഞ്ഞവർഷം വെള്ളപ്പൊക്ക ദുരിതത്തിന് ഇരയായവരിൽ പലരും രാത്രിതന്നെ  വീട്ടുപകരണങ്ങളും വാഹനങ്ങളും മാറ്റിയിരുന്നു. നദീതീരങ്ങളിലെ വീടുകളിലും ലോഡ്ജുകളിലും വെള്ളം കയറി. ഒട്ടേറെ കടകളും വെള്ളത്തിനടിയിലായി. ഇട്ടിയപ്പാറ മുത്തൂറ്റ് ഹോണ്ട ഷോറൂമിൽ വെള്ളംകയറി  അൻപതിലധികം സ്കൂട്ടർ മുങ്ങി. ശേഷിച്ച വാഹനങ്ങൾ  ജീവനക്കാർ ഇവിടെ നിന്ന് നീക്കി. വലിയകാവ് - അങ്ങാടി റോഡിൽ പുള്ളോലിൽപടിയിലും ഒന്നരയടിയോളം വെള്ളം കയറി. പഴവങ്ങാടി സെന്റ്‌ മേരീസ് ഹയർസെക്കൻഡറി സ്കൂളും പരിസരവും വെള്ളംകയറി.റാന്നിയുടെ താഴ്ന്ന  ഭാഗങ്ങളിലെ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. മന്ദിരംപടി വയലിലും വെള്ളം ഉയർന്ന് തിരുവാഭരണപാത മുങ്ങി. ബ്ലോക്ക്പടി വയലിലും നദീജലം കയറി. ഇട്ടിയപ്പാറ ബസ്‌സ്റ്റാൻഡ്, മാമുക്ക് ഭാഗങ്ങളിൽ കടകളിൽ നിന്ന്‌ വ്യാപാരികൾ സാധനങ്ങൾ നീക്കംചെയ്തു.
ഇതിനിടയിൽ മൂഴിയാർ ഡാം തുറന്നുവിട്ടു എന്ന വ്യാജ പ്രചാരണം  ജനങ്ങൾക്കിടയിൽ ആശങ്ക ഉണർത്തി. കെഎസ്ഇബിയുടെ പെരുന്തേനരുവി ഡാം നേരത്തേ തുറന്നുവച്ചിരിക്കുന്നത് ഒഴിച്ചാൽ മറ്റുള്ളവയൊന്നും തുറന്നിട്ടില്ല.  കക്കി ഡാമിൽ സംഭരണശേഷിയുടെ 30 ശതമാനം വെള്ളം മാത്രമേ എത്തിയിട്ടുള്ളൂ.  മൂഴിയാർ ഡാമിലെ വെള്ളം ഉപയോഗിച്ച് കക്കാട് പദ്ധതിയിൽ പരമാവധി വൈദ്യുതി ഉൽപാദനം നടത്തുന്നുണ്ട് .തൊട്ടുതാഴെയുള്ള സ്വകാര്യകമ്പനികളായ മണിയാർ കാർബോറാണ്ടം, അള്ളുങ്കൽ എന്നിവിടങ്ങളിലും  സർക്കാർ ഉടമസ്ഥതയിലുള്ള ചെറുകിട ജലവൈദ്യുത പദ്ധതിയിലും പമ്പാ നദിയിലുള്ള പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയിലും പരമാവധി വൈദ്യുതോൽപ്പാദനം  നടത്തുന്നുണ്ട്. 
പീരുമേട്, അഴുത ഭാഗങ്ങളിൽ പെയ്ത ശക്തമായ മഴയിൽ വെള്ളം എത്തിയാണ് പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നിരിക്കുന്നത്. വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്ന് ചില സ്വകാര്യ ബസുകൾ സർവീസ്‌ നിർത്തിവച്ചു. കനത്ത മഴയെ തുടർന്ന്  യാത്രക്കാർ കുറവായതിനാൽ കെഎസ്ആർടിസിയുടെ റാന്നി സബ് ഡിപ്പോയിലെ രണ്ട്‌ സർവീസുകൾ അയച്ചില്ല.
മണിയാർ ഡാം തുറക്കുന്ന വിവരം റവന്യൂ അധികൃതർ ഉച്ചഭാഷിണിയിലൂടെ നാട്ടുകാരെ അറിയിച്ചിരുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top