07 August Friday
കെയർ സെന്ററിലെ വളന്റിയർക്കും രോഗം ‌

പത്തനംതിട്ടയിൽ 7 പേർക്ക് കൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020

 പത്തനംതിട്ട 

വ്യാഴാഴ്‌ച ഏഴു പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ ജില്ലയിൽ ഇതുവരെ  408 പേർക്ക്‌ രോഗബാധ ഉണ്ടായി. ഇന്നലെ ജില്ലയിലുളള ഏഴു പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 225 ആണ്. നിലവിൽ ജില്ലക്കാരായ 182 പേർ ചികിത്സയിലുണ്ട്‌. ഇതിൽ 170 പേർ ജില്ലയിലും 12 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഒരാൾ തമിഴ്‌നാട് സ്വദേശിയാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 77 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 11 പേരും, അടൂർ ജനറൽ ആശുപത്രിയിൽ 10 പേരും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 70 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 25 പേരും 
സ്വകാര്യ ആശുപത്രികളിൽ 14 പേരും ഐസൊലേഷനിലുണ്ട്. ആകെ 207 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിലുണ്ട്‌. വ്യാഴാഴ്‌ച പുതുതായി 22 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.  775 സമ്പർക്കങ്ങൾ നിരീക്ഷണത്തിലുണ്ട്. മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ തിരിച്ചെത്തിയ 2660 പേരും വിദേശത്തുനിന്ന്‌ തിരിച്ചെത്തിയ 2300 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്ന്‌ ഇന്നലെ തിരിച്ചെത്തിയ 108 പേരും, മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 114 പേരും ഇതിൽ ഉൾപ്പെടും.
ആകെ 5735 പേർ നിരീക്ഷണത്തിലാണ്. തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 135 കോവിഡ് കെയർ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവയിൽ നിലവിൽ 1504 പേർ താമസിക്കുന്നുണ്ട്. ഇതുവരെ  17526 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയിൽ ഇന്നലെ 360 സാമ്പിളുകൾ നെഗറ്റീവായി റിപ്പോർട്ട് ചെയ്തു. ഇതുവരെ അയച്ച സാമ്പിളുകളിൽ 396 എണ്ണം പൊസിറ്റീവായും 15220 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 1219 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. 
 
വ്യാഴാഴ്‌ച രോഗം സ്ഥിരീകരിച്ചവർ
ജൂൺ 23ന് ഡൽഹിയിൽനിന്നെത്തിയ അടൂർ പന്നിവിഴ സ്വദേശി 23 കാരൻ, 24ന് അബുദാബിയിൽ നിന്നെത്തിയ സീതത്തോട് സ്വദേശി 30 കാരൻ, ഒൻപതിന് മഹാരാഷ്ട്രയിൽ നിന്നെത്തിയ തിരുവല്ല സ്വദേശിയായ 27 കാരൻ. 20ന് ദുബായിയിൽ നിന്നെത്തിയ വാഴമുട്ടം സ്വദേശി 40 കാരൻ,
 22ന് മഹാരാഷ്ട്രയിൽ നിന്നെത്തിയ ചിറ്റാർ സ്വദേശിനി 27 കാരി, ജൂലൈ എട്ടിന് സൗദിയിൽ നിന്നെത്തിയ വെച്ചൂച്ചിറ സ്വദേശി 50 കാരൻ, ആറന്മുള കോവിഡ് കെയർ സെന്ററിലെ വളന്റിയർ എന്നിവർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. വളന്റിയർക്ക്‌ രോഗം  ഉണ്ടായ  ഉറവിടം കണ്ടെത്താൻ സമ്പർക്ക പരിശോധന നടന്നുവരുന്നു. കൂടാതെ എറണാകുളം ജില്ലയിൽ ജൂലൈ നാലിന് പോസിറ്റീവായി സ്ഥിരീകരിച്ച  വ്യക്തിയെ പത്തനംതിട്ടയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top