25 August Sunday

വികസന പദ്ധതികളിൽ പുനർവിചിന്തനം അനിവാര്യം: സാമുവേൽ മാർ ഐറേനിയോസ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019

 പത്തനംതിട്ട

 വികസന പദ്ധതികളിൽ പുനർവിചിന്തനം അനിവാര്യമാണെന്നതാണ‌് പ്രളയം നൽകുന്ന പാഠമെന്ന് മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത. പത്തനംതിട്ട പ്രസ്‌ക്ലബിൽ വിക്ടർ ജോർജ് അനുസ്മരണം, മാധ്യമദിനാചരണം ഇവയോടനുബന്ധിച്ച് പ്രളയാനന്തര കേരളം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.മനുഷ്യവിഭവങ്ങളും പ്രകൃതിയും ചൂഷണം ചെയ്യുമ്പോൾ അപരനെക്കുറിച്ചുള്ള ചിന്ത ഉണ്ടാകണം. പരസ്പരമുള്ള സ്‌നേഹവും ഐക്യവും  2018ലെ പ്രളയകാലത്ത് നാം ഊട്ടിയുറപ്പിച്ചു. എന്നാൽ ഇതു നഷ്ടപ്പെടുത്താൻ അധികകാലം വേണ്ടിവന്നില്ല. ഓരോ പ്രളയവും സമൂഹത്തിലെ മാലിന്യങ്ങൾ ഒഴുക്കി കളഞ്ഞു നവജീവനാണ്  ഉണ്ടാക്കുന്നത്. കുട്ടനാട് പാക്കേജും പമ്പാ ആക്ഷൻ പ്ലാനും ഭാരതപ്പുഴ പദ്ധതിയുമെല്ലാം മുടങ്ങിപ്പോയി. ഇവയെല്ലാം പുനരുജ്ജീവിപ്പിക്കേണ്ടത് പ്രളയത്തിന്റെ അതിജീവനത്തിന് അനിവാര്യമാണെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം അധ്യക്ഷനായി.  ജോസഫ് എം പുതുശേരി , മുതിർന്ന മാധ്യമപ്രവർത്തകൻ ക്രിസ് തോമസ് എന്നിവർ സംസാരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി ബിജു കുര്യൻ സ്വാഗതവും വിനോദ് ഇളകൊള്ളൂർ നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top