11 December Wednesday

പ്രിൻസിക്കും കുടുംബത്തിനും കൈത്താങ്ങായി സംസ്ഥാന സർക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019

 പത്തനംതിട്ട

ജനങ്ങളുടെ വിശക്കുന്നവയറു നിറയ്ക്കാൻ ഓടിനടക്കുന്ന പ്രിൻസിയുടെ മനസ് നിറച്ച് സംസ്ഥാന സർക്കാർ. കഴിഞ്ഞ വർഷം ആഗസ‌്തിൽ ഉണ്ടായ മഹാപ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവരായിരുന്നു റാന്നി അങ്ങാടി സ്വദേശിനി പ്രിൻസി തോമസും കുടുംബവും. ചെറു തട്ടുകട ഉപജീവന മാർഗമാക്കിയ പ്രിൻസിക്ക് പ്രളയത്തിൽ ആകെയുള്ള കിടപ്പാടമൊലിച്ചു പോകുന്നത് കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളു. എന്നാൽ,  സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ റീബിൽഡ് കേരള പദ്ധതിയിൽ സ്വന്തം സ്ഥലത്ത് ഒരു വീടെന്ന സ്വപ്നം സാക്ഷാൽകരിച്ചിരിക്കുകയാണ് പ്രിൻസിയും കുടുംബവും. 
കൈവശരേഖ മാത്രമുള്ള റാന്നി ഉപാസനക്കടവിലെ ഭൂമിയിലാണ്  36 വർഷമായി ഇവർ കഴിഞ്ഞിരുന്നത്.  കാലവർഷം എന്നും പ്രിൻസിക്ക് പേടി സ്വപ്നമായിരുന്നു. ചെറിയ മഴയിൽ പോലും വെള്ളം കയറുന്ന ഉപാസനക്കടവിൽ ഭീതിയോടെയല്ലാതെ ഒരു ദിവസവും ജീവിക്കുക സാധ്യമായിരുന്നില്ല. സർവതും പ്രളയമെടുത്ത് ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കുമ്പോഴാണ് സംസ്ഥാന സർക്കാർ ഇവർക്ക് കൈത്താങ്ങായത്.  സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന‌് 95,100 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽനിന്ന‌് രണ്ടു ഗഡുക്കളായി 1,52,450 രൂപയും ലഭിച്ചു. സംസ്ഥാന സർക്കാർ നൽകിയ നാലു ലക്ഷം രൂപയും മിച്ചം പിടിച്ച് സ്വരുകൂട്ടിയതും ഉപയോഗിച്ചാണ് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ റാന്നി  അങ്ങാടിയിൽ പുതിയ വീടിന്റ നിർമാണം ഇവർ പൂർത്തീകരിച്ചത്. വെള്ളം കയറാത്ത സുരക്ഷിതമായ നാലു സെന്റ് സ്ഥലം പ്രിൻസിയും കുടുംബവും റാന്നി അങ്ങാടിയിൽ വാങ്ങി. ഇതിലാണ് പുതിയ വീട് വച്ചത്. രണ്ടു  കിടപ്പ് മുറികൾ, ഒരു ഹാൾ, അടുക്കള, ശുചിമുറി എന്നിവ അടങ്ങിയ വീടിന് 900 ചതുരശ്ര അടി വിസ്തീർണമുണ്ട്. മഹാപ്രളയം കഴിഞ്ഞ് ഒരു വർഷം പിന്നിട്ട് മറ്റൊരു കാലവർഷമെത്തുമ്പോൾ വെള്ളം കയറാത്ത ഉറപ്പുള്ള  സ്വന്തം വീട്ടിൽ പെയിന്റ് പണിക്കാരനായ ഭർത്താവ് മത്തായി വർഗീസും, രണ്ടു മക്കളുമടങ്ങുന്ന പ്രിൻസിയുടെ കുടുംബം സർക്കാരിന്റെ കരുതലിൽ സുരക്ഷിതരാണ്.
പ്രധാന വാർത്തകൾ
 Top