17 August Saturday

ധാർമികത നഷ്ടപ്പെട്ട കോൺഗ്രസിന് ഒന്നിലും വ്യക്തമായ കാഴ്ചപ്പാടില്ലെന്ന് വൃന്ദാ കാരാട്ട്

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019

 കൊടുമൺ

ധാർമികത നഷ്ടപ്പെട്ട കോൺഗ്രസിന് ഒരു കാര്യത്തിലും വ്യക്തമായ കാഴ്ചപ്പാടില്ലെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ബിജെപി മുന്നോട്ട് വയക്കുന്ന തീവ്രഹിന്ദുത്വ നിലപാടുകൾ നടപ്പാക്കാൻ ഞാൻ മുമ്പേ ഞാൻ മുമ്പേയെന്ന് പറഞ്ഞു തുള്ളിച്ചാടുന്ന തവളകളെപ്പോലെയാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. ആവശ്യമുള്ളപ്പോൾ ഹിന്ദുത്വ കാർഡ് എടുത്ത് മുന്നോട്ട് ചാടും. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇളമണ്ണൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കോൺഗ്രസിന്റെ വടക്കേയിന്ത്യയിലെ നേതാക്കൾ പലരും ബിജെ പിയിലേക്ക് പോകുകയാണ് കേരളത്തിൽ പല നേതാക്കളും ബിജെ പിയിലേക്ക് കണ്ണും നട്ട് ഇരിക്കുന്നതായിട്ടാണ് പറഞ്ഞു കേൾക്കുന്നത്. അതിലെ പേരുകാർ അത് നിഷേധിക്കുന്നുമില്ല. വാതിൽ തുറന്നു കിടക്കട്ടെ എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാമെന്നതാണ് മനസിലിരിപ്പ്. 
സാമ്പത്തിക നയങ്ങളിലും കാർഷിക പ്രശ്ശങ്ങളിലും ഒരേ നിലപാടാണ് രണ്ട് കക്ഷികൾക്കും. ജിഎസ്ടി നടപ്പാക്കിയപ്പോൾ കോൺഗ്രസ് പണ്ടേ അത് തയ്യാറാക്കി വച്ചിരുന്നതെന്നാണവർ പറഞ്ഞ്. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന കാര്യത്തിലും കോർപ്പറേറ്റുകളുടെ കടം എഴുതിതള്ളുന്ന കാര്യത്തിലും ഒരേ മനസാണ്. 
മത ന്യൂനപക്ഷങ്ങളും ദളിതരും മുമ്പെന്നത്തേക്കാളും വ്യാപകമായി ആക്രമിക്കപ്പെടുന്ന സങ്കീർണമായ രാഷ്ട്രീയന്തരീക്ഷമാണി പ്പോഴിന്ത്യയിൽ നിലനിൽക്കുന്നത‌്. നോട്ട് നിരോധനത്തിലൂടെ 2 കോടി തൊഴിലവസരങ്ങൾ ഇല്ലാതായി. കോർപ്പറേറ്റുകളുടെ കോടികൾ എഴുതിത്തള്ളിയ നരേന്ദ്രമോദി വാർധക്യ, വിധവ, വികലാംഗ പെൻഷനിൽ ഒരു രൂപയുടെ വർധന പോലും നടത്തിയില്ല. 
ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും സ്ത്രീ ശാക്തീകരണത്തിന‌് വേണ്ടി രൂപീകരിച്ച വനിത ഗ്രൂപ്പ്  എല്ലാം പരാജയപ്പെട്ടപ്പോഴും കേരളത്തിലെ കുടുംബശ്രീയുടെ വിജയം ഇന്ത്യക്കാകെ മാതൃകയാണ്. വിദ്യാഭ്യാസ ആരോഗ്യമേഖലയിലൂടെ കേരളം സൃഷ്ടിച്ച ബദൽ ഇന്ത്യയിലാകെ വ്യാപിപ്പിക്കാൻ പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ അംഗബലം വർധിപ്പിക്കണം.
പൂണെ യൂണിവേഴ്സിറ്റിയിൽ വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങിലാണ് ഇന്ത്യയിലെ ഏറ്റവും മികച്ച എംഎൽഎയായി തെരെഞ്ഞെടുത്ത വീണാ ജോർജിനെ വ്യക്തിപരമായി പരിചയപ്പെട്ടതെന്ന് വൃന്ദാ കാരാട്ട് അനുസ്മരിച്ചു. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വീണാ ജോർജ് താൻ പ്രതിനിധീകരിക്കുന്ന പ്രദേശത്തുണ്ടായ വെള്ളപ്പൊക്കത്തിൽ രാവിലെ മുതൽ രാത്രി വരെ രക്ഷാപ്രവർത്തകരോടൊപ്പം നിന്നു. ദുഃഖങ്ങളിലും ദുരിതങ്ങളിലും പങ്കെടുക്കാത്ത ബിജെപി സ്ഥാനാർത്ഥിഒരു ക്ഷേത്രത്തിന്റെ പേര‌് പറഞ്ഞു മാത്രമണിവിടെ വന്നത്.ഭരണഘടന നൽകുന്ന അവകാശങ്ങൾ സത്രീയ്ക്കും പുരുഷനും തുല്യമാണ്.ഭരണഘടന രൂപപ്പെടുത്തുന്ന ഘട്ടത്തിൽ തന്നെ ജാതി മത ശക്തികളും മനു വാദികളും അതിനെതിരായി വാദമുഖങ്ങൾ ഉയർത്തിയെങ്കിലും മതേതര ഭരണഘടനയാണ് രാജ്യം അംഗീകരിച്ചതെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
യോഗത്തിൽ എം കെ വാമൻ അധ്യക്ഷനായി. അഡ്വ.ആർ ബി രാജീവ് കുമാർ സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം ആർ ഉണ്ണികൃഷ്ണപിള്ള, അഡ്വ.കെ അനന്തഗോപൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അഡ്വ.ഓമല്ലൂർ ശങ്കരൻ,പി ജെ അജയകുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പ്രൊഫ.കെ മോഹൻകുമാർ, ആർ തുളസീധരൻ പിള്ള, ഏരിയ സെക്രട്ടറിമാരായ എ എൻ സലീം, അഡ്വ.എസ് മനോജ്,സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ, എം പി മണിയമ്മ എന്നിവർ സംസാരിച്ചു.
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top