05 December Thursday

പരിശോധന ശക്തമാക്കി എക്‌സൈസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024
പത്തനംതിട്ട
ശബരിമല തീർഥാടനം കണക്കിലെടുത്ത്‌ വരും ദിവസങ്ങളിൽ പരിശോധനകൾ ശക്തമായി തുടരുമെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമീഷണർ വി  റോബർട്ട് അറിയിച്ചു. 
ഒക്ടോബറിൽ ആകെ 815 റെയ്‌ഡുകൾ നടത്തി. 152 അബ്കാരി കേസുകളും 45 മയക്കുമരുന്ന് കേസുകളും പുകയില ഉൽപ്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് 291 കോട്പ കേസുകളും റിപ്പോർട്ട്‌ ചെയ്‌തു. അബ്കാരി കേസുകളിൽ 1287 ലിറ്റർ കോട, 21 ലിറ്റർ ചാരായം,166 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം, 4.8 ലിറ്റർ ബിയർ, 29 ലിറ്റർ കള്ള് എന്നിവ തൊണ്ടിയായി കണ്ടെടുത്തു. മയക്കുമരുന്ന് കേസുകളിൽ 5.576 കിലോ കഞ്ചാവും കോട്പ കേസുകളിൽ 9.45 കിലോ പുകയില ഉൽപ്പന്നങ്ങളും നാല്‌ കഞ്ചാവ് ബീഡികളും 8340 രൂപയും കണ്ടെടുത്തു. 
അബ്കാരി കേസുകളിലായി 138 പ്രതികളെയും മയക്കുമരുന്ന് കേസുകളിൽ 46 പ്രതികളെയും കോട്പ കേസുകളിൽ 291 പ്രതികളെയും അറസ്റ്റ് ചെയ്‌തു. കോട്പ കേസുകളിൽ 58200/-രൂപ പിഴ ഈടാക്കി. അബ്കാരി കേസുകളിൽ രണ്ട് വാഹനങ്ങൾ കണ്ടെടുത്തു. മയക്കുമരുന്ന്‌ കേസുകളിൽ ഒരു വാഹനവും കണ്ടെടുത്തു. അതിഥി തൊഴിലാളികൾ താമസിക്കുന്ന 33 ക്യാമ്പുകൾ പരിശോധിച്ചു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ലൈസൻസ്‌ഡ് സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തി. ഹൈവേ പ്രദേശങ്ങളിൽ വാഹന പരിശോധനയും നടത്തി. 44 വിദേശമദ്യ ഷോപ്പുകളും 300 കള്ള് ഷാപ്പുകളും പരിശോധിച്ചു. വിദേശമദ്യ ഷോപ്പുകളിൽ നിന്ന് 10 സാമ്പിളും കള്ള് ഷാപ്പുകളിൽ നിന്ന് 50 സാമ്പിളുകളും ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചു. 
എക്‌സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ മുൻകാല കുറ്റവാളികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പത്തനംതിട്ട അസിസ്റ്റന്റ് എക്‌സൈസ് കമീഷണർ രാജീവ്‌ ബി നായർ അറിയിച്ചു. എക്സൈസ് ഡിവിഷൻ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സൈസ് കൺട്രോൾ റൂം പ്രവർത്തിക്കുന്നു. 0468 2222873 എന്ന കൺട്രോൾ റൂം നമ്പറിലോ പത്തനംതിട്ട അസിസ്റ്റന്റ്‌ എക്സൈസ് കമീഷണറുടെ 9496002863 എന്ന നമ്പറിലോ 155358 എന്ന ടോൾ ഫ്രീ നമ്പറിലോ പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top