19 November Tuesday
പത്തനംതിട്ട വനിതാ പൊലീസ്‌ സ്‌റ്റേഷൻ

സ്‌ത്രീകൾ മടിയില്ലാതെ സ്‌റ്റേഷനിൽ കയറട്ടെ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

 പത്തനംതിട്ട

ജില്ലക്ക്‌ സ്വന്തം വനിതാ പൊലീസ്‌ സ്‌റ്റേഷൻ യാഥാർഥ്യമാകുന്നതോടെ സ്‌ത്രീകളുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന്‌ പ്രത്യേക സംവിധാനമാകും. വനിതാ പൊലീസ്‌ ഉദ്യോഗസ്ഥർ ചുമതല വഹിക്കുന്ന സ്‌റ്റേഷനിൽ പരാതിയുമായി എത്താൻ സ്‌ത്രീകൾ മടിയില്ലാതെ മുന്നോട്ടുവരും. എത്രയും വേഗം സ്‌റ്റേഷൻ പ്രവർത്തനം ആരംഭിക്കുമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി ജി ജയദേവ്‌ പറഞ്ഞു. 
സ്റ്റേഷന് സ്ഥലവും കെട്ടിടവും കണ്ടെത്തിയെന്നും എത്രയും വേഗം ആരംഭിക്കാൻ ശ്രമിക്കുമെന്നും വീണാ ജോർജ് എംഎൽഎ അറിയിച്ചു. സ്റ്റേഷൻ സംബന്ധിച്ച നോട്ടിഫിക്കേഷൻ കൂടി ഉടൻ ഉണ്ടാകുമെന്നും എംഎൽഎ പറഞ്ഞു.
കലക്ടറുടെ താഴെവെട്ടിപ്രത്തുള്ള മുൻ ഔദ്യോഗികവസതിയാണ്‌ തൽക്കാലം ഓഫീസ്‌ പ്രവർത്തനത്തിനായി നിശ്‌ചയിച്ചിരിക്കുന്നത്‌. സ്ഥലം തയാറായതായി പൊലീസ്‌ ഹെഡ്‌ക്വാർട്ടേഴ്‌സിൽ അറിയിച്ചു. 
വനിതാ സെൽ
വനിതകൾക്കായി ജില്ലാ അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം വനിതാ പൊലീസ്‌ സ്‌റ്റേഷന്റെ പ്രത്യേകതയായിരിക്കും. വനിതാ സെൽ, വനിതാ ഹെൽപ്പ്‌ലൈൻ പ്രവർത്തനങ്ങൾ സ്‌റ്റേഷനിൽ ഏകോപിപ്പിക്കും.  
19 തസ്തികകളാണ് പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനായി അനുവദിച്ചിരിക്കുന്നത്. സ്റ്റേഷൻ ഓഫീസർ സർക്കിൾ ഇൻസ്പെക്ടറായിരിക്കും. രണ്ട്‌ എസ്‌ഐമാർ, അഞ്ച്‌ വനിതാ സീനിയർ സിവിൽ ഓഫീസർമാരും, 10 വനിതാ സിവിൽ ഓഫീസർമാരും ഒരു ഡ്രൈവറും ഉൾപ്പെടുന്നതാണ് തസ്തികകൾ.
 
 
പ്രധാന വാർത്തകൾ
 Top