19 August Monday
ചൈൽഡ് വെൽഫയർ കമ്മിറ്റി ശുപാർശ

ടിസി നൽകാതിരുന്നാൽ വകുപ്പുതല നടപടി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019

 

 
പത്തനംതിട്ട       
കുട്ടികളുടെ അവകാശമായ ടിസി നൽകാൻ വിസമ്മതിക്കുന്ന  പ്രഥമധ്യാപകർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മറ്റി ശുപാർശ നൽകും. കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നിരവധി പരാതികളാണ് സിഡബ്ല്യുസിക്ക് ദിനംപ്രതി ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ അവകാശനിയമത്തിലെ അഞ്ചാം വകുപ്പു പ്രകാരം ടിസി ആവശ്യപ്പെട്ടാൽ പ്രഥമധ്യാപകരോ സ്‌കൂൾ ചുമതലയുള്ള വ്യക്തിയോ താമസം കൂടാതെ ടിസി നൽകണമെന്നാണ് നിയമം. പരസ്പരം പിരിഞ്ഞ് താമസിക്കുന്ന മാതാപിതാക്കളുടെ കുട്ടികളുടെ കാര്യത്തിൽ ഒരു രക്ഷകർത്താവിന്റെ പരാതിയെത്തുടർന്ന് ടിസി നൽകാൻ വിസമ്മതിക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം അവസരങ്ങളിൽ കുട്ടി ഏത് രക്ഷകർത്താവിനൊപ്പമാണ് താമസിക്കുന്നത് ആ രക്ഷകർത്താവിന്റെ ആവശ്യ പ്രകാരം ടിസി നൽകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ നൽകിയിട്ടുണ്ട്. 
കേരള ഹൈക്കോടതിയും ബാലാവകാശ കമീഷനും ടിസി കുട്ടിയുടെ അവകാശമാണെന്ന് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. കോന്നി ഐരവൺ പിഎസ്വിപിഎംഎച്ച്എസിൽ  നിന്നും പ്രമാടം സർക്കാർ എൽപി സ്‌കൂളിലേക്ക് ടിസി ആവശ്യപ്പെട്ട് സിഡബ്ല്യുസിക്ക് ലഭിച്ച പരാതിയിലാണ്  വിദ്യാഭ്യാസ അവകാശനിയമത്തിലെ 5(3) വകുപ്പ് പ്രകാരം ടിസി നൽകുന്നതിൽ കാലതാമസം വരുത്തുന്ന അധ്യാപകർക്കെതിരെ സർവീസ് നിയമപ്രകാരമുള്ള  വകുപ്പുതല നടപടികൾക്ക് ശുപാർശ ചെയ്യാൻ നിർബന്ധിതമാകുമെന്ന് സിഡബ്ല്യുസി നിരീക്ഷിച്ചത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ, അംഗങ്ങളായ അഡ്വ.എസ് ദീപ, സുരേഷ് കുമാർ, ആർ അജിതകുമാരി എന്നിവരുടേതാണ് ഉത്തരവ്.
 
                                    
 
പ്രധാന വാർത്തകൾ
 Top