കോഴഞ്ചേരി
ജില്ലാ ആശുപത്രിയിൽ നിർത്തിവെച്ചിരുന്ന പൊതുചികിത്സ വീണ്ടും തുടങ്ങി. കോവിഡ് ആശുപത്രിയായി പ്രവർത്തിച്ചിരുന്ന പത്തനംതിട്ട ജനറൽ ആശുപത്രി ശബരിമലയുടെ ബേയ്സ് ആശുപത്രിയായതുകൊണ്ടാണ് ജില്ലാ ആശുപത്രി പൂർണമായും കോവിഡ് ചികിത്സക്കായി മാറ്റിയത്. സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ഉൾപ്പെടെ മറ്റെല്ലാ ചികിത്സയും ഇവിടെ നിർത്തിവെച്ചിരുന്നു. ഇപ്പോൾ ഗൈനക്കോളജി ഒഴിച്ചുള്ള മറ്റെല്ലാ വിഭാഗങ്ങളും വീണ്ടും പ്രവർത്തനം ആരംഭിച്ചു.
ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം താരതമ്യേന കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് ജില്ലാ, ജനറൽ ആശുപത്രികൾ കോവിഡ് ഹൈബ്രീഡ് ഹോസ്പിറ്റലുകളാക്കി മാറ്റി ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്. ഇതോടെ ഇവിടങ്ങളിൽ കോവിഡ് രോഗികൾക്കും ഇതര രോഗികൾക്കും ചികിത്സ ലഭിക്കും. ഗുരുതരാവസ്ഥയിലാകുന്ന കാറ്റഗറി സി വിഭാഗം രോഗികൾക്കു വേണ്ടി 18 കിടക്കകൾ അടക്കം 42 കിടക്കകൾ കോവിഡ് ബാധിതർക്കായി മാറ്റി വെച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിലും കോവിഡ് ബാധിതർക്കായി പ്രത്യേകം കിടക്കകൾ തയാറാണ്. ഹൈബ്രീഡ് ആശുപത്രി ജീവനക്കാരെ റൊട്ടേഷൻ ക്രമത്തിലാണ് ചുമതലപ്പെടുത്തുക. കോവിഡ് -–-കോവിഡിതര വിഭാഗങ്ങളിൽ ജീവനക്കാർ ജോലി ചെയ്യുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ആശുപത്രി സൂപ്രണ്ടുമാർ നിർവഹിക്കും. കോവിഡ് ബാധിതരായ ഗർഭിണികൾക്കും ഡയാലിസിസ് നടത്തേണ്ടവർക്കുമുള്ള ചികിത്സ ജില്ലാ ആശുപത്രിയിൽ തുടരും.
അസ്ഥിരോഗവിഭാഗം, ശസ്ത്രക്രിയ, നേത്രചികിത്സാ വിഭാഗം, ജനറൽ മെഡിസിൻ, ശിശുരോഗവിഭാഗം, മനശാസ്ത്രവിഭാഗം, ഫിസിക്കൽ മെഡിസിൻ തുടങ്ങിയ ഒപികൾ തുറന്നതോടെ വലിയ തോതിൽ രോഗികൾ എത്തിത്തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..