പത്തനംതിട്ട
അഞ്ചു വയസുകാരിയെ പീഡിപ്പിപ്പ് മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ രണ്ടാനച്ഛൻ തമിഴ്നാട് രാജപാളയം സ്വദേശി അലക്സിനെതിരെ പോക്സാേ ചുമത്തി. ബാലിക ക്രൂര ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. കുട്ടിയുടെ ശരീരത്തിൽ പലതരത്തിൽ ശാരീരിക പീഡനത്തിന് ഇരയായതിന്റെ പാടുകളുണ്ട്. പഴക്കംചെന്ന പാടുകളും കണ്ടത് ഇയാൾ കുറേ കാലമായി തുടർച്ചയായി കുട്ടിയെ ഉപദ്രവിച്ചിരുന്നതിന് തെളിവായി.
തിങ്കളാഴ്ച പകൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാൾ രാത്രി പൊലീസ് സ്റ്റേഷനിൽനിന്ന് കടന്നു കളഞ്ഞിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ പുലർച്ചെ കുമ്പഴ തുണ്ടുമൺകരയിലെ ചതുപ്പുനിലത്ത് നിന്ന് പിടികൂടി. പ്രതി പൊലീസ് സ്റ്റേഷനിൽനിന്ന് കടന്നുകളഞ്ഞതുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ രവികുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
കുമ്പഴയിലെ വാടകവീട്ടിലാണ് തമിഴ്നാട് രാജപാളയം സ്വദേശികളായ ദമ്പതികൾ താമസിച്ചിരുന്നത്. യുവതിയുടെ ആദ്യവിവാഹത്തിലെ രണ്ടു മക്കളിൽ മൂത്ത മകളാണ് കൊല്ലപ്പെട്ടത്. ഇളയ കുട്ടി തമിഴ്നാട്ടിലാണ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കുട്ടിയുടെ അമ്മ വീട്ടിൽ ജോലിക്ക് പോയി മടങ്ങിയെത്തുമ്പോൾ ശരീരം മുഴുവൻ കത്തി കൊണ്ടു വരഞ്ഞ നിലയിൽ കുട്ടി അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. രണ്ടാനച്ഛനൊപ്പം മകളെ വീട്ടിൽ ഇരുത്തിയാണ് അമ്മ ജോലിക്ക് പോയത്. പെൺകുട്ടിയെ ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോലിക്കൊന്നും പോകാതെ മദ്യപിച്ചും മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചും വീട്ടിൽ കഴിയുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..