25 May Monday
വീണാ ജോർജിന്റെ ഇടപെടൽ

കോവിഡ്‌ ബാധിച്ച മലയാളി നേഴ്‌സിന്‌ തുണയായി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

 പത്തനംതിട്ട

കോവിഡ്‌ ബാധിച്ച മലയാളി നേഴ്‌സിന്‌ രക്ഷയായി വീണാജോർജ്‌ എംഎൽഎയുടെ ഇടപെടൽ. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട്‌  യുവതിയെയും  കുട്ടികളെയും ഡൽഹി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രയിൽ പ്രവേശിപ്പിച്ചു.
   ഡൽഹി സ്‌റ്റേറ്റ്‌ കാൻസർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഒമ്പതു വർഷമായി ജോലി ചെയ്‌തുവരുന്ന പത്തനംതിട്ട ജില്ലക്കാരിയായ നേഴ്‌സിനാണ്‌  തിങ്കളാഴ്‌ച വൈകിട്ട്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. എട്ടും നാലും വയസ്സുള്ള രണ്ടു മക്കളുമായി എന്തു ചെയ്യണമെന്നറിയാതെ  നിസഹയായി  നിൽക്കാേനേ അവർക്കായുള്ളു. ഭർത്താവ്‌ അദ്ദേഹത്തിന്റെ അമ്മയ്‌ക്ക്‌ വിദഗ്‌ധ ചികിത്സയ്‌ക്കായി 23ന്‌ നാട്ടിലെത്തിയിരുന്നു. ലോക്‌ഡൗൺ കാരണം തിരികെ പോകാനായില്ല.
യുവതി സുഹൃത്തു മുഖേന വീണാജോർജ്‌ എംഎൽഎയെ വിളിച്ച്‌ എങ്ങനെയെങ്കിലും തന്നെ നാട്ടിൽ എത്തിക്കണമെന്ന്‌ ആവശ്യപ്പെട്ടു. അത്യന്തം ഹൃദയഭേദകമായ  സംസാരമായിരുന്നു  യുവതിയുടെതെന്ന്‌  എംഎൽഎ പറയുന്നു. അപ്പോൾ തന്നെ വീണാ ജോർജ്‌ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട്‌  യുവതിയുടെയും കുഞ്ഞുങ്ങളുടെയും സാഹചര്യം അറിയിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ സംസാരിച്ചു. ആവശ്യമായ ക്രമീകരണം ചെയ്യാമെന്ന്‌ കെജ്‌രിവാൾ പറഞ്ഞു. രാത്രി വെകി ഡൽഹി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ യുവതിയേയും കുട്ടികളെയും പ്രവേശിപ്പിച്ചു. എന്നാൽ, രോഗിയായ അമ്മയേയും രോഗമില്ലാത്ത കുട്ടികളെയും ഒരു ചെറിയ ക്യുബിക്കിളിലാണ്‌ താമസിപ്പിച്ചത്‌. 
ചൊവ്വാഴ്‌ച ഉച്ചവരെ അവരെ പരിശോധിക്കുകയോ മരുന്ന്‌ നൽകുകയോ ചെയ്‌തില്ല. 
വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടു. ഡൽഹി റസിഡന്റ്‌ കമീഷണർ സഞ്‌ജയ്‌ ഗാർഗ്‌ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ഡയറക്ടറെ നേരിൽ കണ്ട്‌ അമ്മയ്‌ക്കും കുഞ്ഞുങ്ങൾക്കുമായി പ്രത്യേക  മുറി നൽകണമെന്നും കുട്ടികളുടെ സാമ്പിൾ പരിശോധന ഉടൻ നടത്താനുള്ള ക്രമീകരണം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌.
പ്രധാന വാർത്തകൾ
 Top