28 March Tuesday

പുതമണ്ണിൽ താൽക്കാലിക പാലം ഉടൻ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

 റാന്നി 

പുതമണ്ണിൽ ബലക്ഷയം നേരിട്ട പാലത്തിന്റെ ഭാഗത്ത് താൽക്കാലിക പാലത്തിന് വഴി തെളിയുന്നു. താൽക്കാലിക പാലത്തിനായി 30 ലക്ഷം രൂപയുടെ എസ്‌റ്റിമേറ്റാണ്‌  പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം തിരുവല്ല അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനീയർ സുഭാഷിന്റെ നേതൃത്വത്തിൽ തയ്യാറാക്കി നൽകിയിരിക്കുന്നത്. താൽക്കാലിക പാലത്തിന്റെ അപ്രോച്ച് റോഡ് നിർമിക്കാൻ സ്ഥലം വിട്ടുനൽകാനുള്ള സമ്മതപത്രം സ്ഥലമുടമ അന്ത്യാളൻകാവ്  കൊച്ചുകാലായിൽ സി എ മാത്യു മുൻ എംഎൽഎ രാജു ഏബ്രഹാമിന് കൈമാറിയതോടെയാണ് പൊതുമരാമത്ത് വകുപ്പിന്റെ ആദ്യ കടമ്പ കടന്നത്.  
പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടതനുസരിച്ചാണ് മുൻ എംഎൽഎയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ രാജു ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം സാം പി തോമസ്, ചെറുകോൽ ലോക്കൽ സെക്രട്ടറി റോയി ഓലിക്കൽ എന്നിവർ വസ്‌തു ഉടമയെ കണ്ട് ചർച്ച നടത്തിയത്.
റാന്നി –- കോഴഞ്ചേരി പാതയിൽ പുതമണ്ണിലെ പെരുന്തോട്ടിലുള്ള പാലമാണ് കാലപ്പഴക്കം കാരണം തകർന്ന് ഗതാഗതം നിർത്തിവച്ചിരിക്കുന്നത്. പുതിയ പാലം വരുംവരെ വാഹനങ്ങൾ അന്ത്യാളൻകാവ് വഴി തിരിച്ചുവിട്ടാലും ഏകദേശം പത്ത് കിലോമീറ്റർ അധികം സഞ്ചരിച്ചുവേണം മറുകരയെത്താൻ. ഈ ബുദ്ധിമുട്ട് മനസിലാക്കി സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാർ എന്നിവരിടപെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് താൽക്കാലിക പാലം വേണമെന്ന് അഭ്യർഥിച്ചു. തകർന്ന പാലം സന്ദർശിക്കാനെത്തിയ ചീഫ് എൻജിനീയറോട് അഡ്വ. പ്രമോദ് നാരായൺ എംഎൽഎയും താൽക്കാലിക നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്  താൽക്കാലിക പാലത്തിന്‌ എസ്റ്റിമേറ്റ് എടുത്തത്.
റാന്നിയിൽ നിന്നും കോഴഞ്ചേരിയിലേക്ക് പോകുമ്പോൾ പാലത്തിന്റെ ഇടതുഭാഗത്ത് ജലവിഭവ വകുപ്പിന്റെ വലിയ പൈപ്പുള്ളതിനാൽ വലതുഭാഗത്താണ് താൽക്കാലിക പാലം നിർമിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. പുതിയ പാലം നിർമിക്കേണ്ടി വരുന്നതിനാൽ നിലവിലുള്ള പാലത്തിൽനിന്നും 10 മീറ്റർ താഴെയാണ് താൽക്കാലിക പാലം നിർമ്മിക്കുക. തോട്ടിൽ വലിയ റിങ്ങിട്ട് ഇരുവശവും കല്ലുകെട്ടി അപ്രോച്ച് റോഡ് നിർമിച്ച് മണ്ണിട്ട് നികത്തി മുകൾവശം ടാറിങ് നടത്തിയാകും പുതിയ താൽക്കാലിക പാത നിർമിക്കുക. മറുകരയിലെ വസ്തു റവന്യൂ പുറമ്പോക്കായതിനാൽ ഒരു വശത്തെ സ്ഥലം മാത്രം വിട്ടുകിട്ടിയാൽ മതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top