കോന്നി
നിർമാണം പുരോഗമിക്കുന്ന കോന്നി താലൂക്ക് ആശുപത്രിയിൽ വരാനിരിക്കുന്നത് അത്യാധുനിക ലേബർ വാർഡ്, ഓപ്പറേഷൻ തീയറ്റർ തുടങ്ങിയവ. 13.79 കോടി രൂപയുടെ നിർമാണമാണ് ഇവിടെ നടക്കുന്നത്. എംഎൽഎ ഫണ്ടിൽ നിന്നനുവദിച്ച ഏഴരക്കോടി രൂപയ്ക്ക് കെട്ടിട നിർമാണം പുരോഗമിക്കുന്നു. നിർമ്മാണം അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ച് വിലയിരുത്തി.
പുതിയ കെട്ടിടത്തിൽ നിലവിലെ അത്യാഹിത വിഭാഗത്തിലാണ് ആധുനിക ആർദ്രം ഓപി ബ്ലോക്ക് ക്രമീകരിക്കുന്നത്. ഇതിനായി 93 ലക്ഷം രൂപ വകയിരുത്തി. ഒന്നാം നിലയിൽ ഓപി ബ്ലോക്ക് ക്രമീകരിക്കുന്നതിനൊപ്പം താഴത്തെ നിലയിലേക്ക് അത്യാഹിതവിഭാഗം മാറ്റും. നിർമ്മാണം പൂർത്തിയായ രണ്ടാം നിലയിൽ ആധുനിക ഗൈനക്കോളജി വാർഡ് ക്രമീകരിക്കും. ആധുനിക ലേബർ ഓപ്പറേഷൻ തിയേറ്റർ, ആധുനിക ലേബർ റൂം, ആധുനിക ലേബർ വാർഡ് എന്നിവയുണ്ടാക്കും. ഇതിനായി 2.7 കോടി രൂപ വകയിരുത്തി നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്.
മൂന്നാം നിലയിൽ നേത്രരോഗികൾക്കായി ആധുനിക ഐ ഓപ്പറേഷൻ തിയേറ്ററും ഐ വാർഡും ക്രമീകരിക്കും. ഇതിനായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നാലാം നിലയിൽ പുരുഷൻ മാർക്കുള്ള വാർഡും ഡോക്ടർമാരുടെ മുറികളും എല്ലാ നിലയിലും നഴ്സിങ് സ്റ്റേഷനുമുണ്ടാവും. നിലവിലുള്ള കിടത്തി ചികിത്സാ വാർഡിനു പിന്നിലാണ് എംഎൽഎ ഫണ്ടിൽനിന്നും 1.79 കോടി രൂപ അനുവദിച്ച് ഐസൊലേഷൻ വാർഡ് നിർമിക്കുന്നത്. വാർഡിലേക്ക് പോകാനുള്ള വഴി നിർമ്മിക്കാനും നിലവിലെ കെട്ടിടത്തിന്റെ നവീകരണ പ്രവർത്തികൾക്കുമായി എംഎൽഎ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും വകയിരുത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് ബേബി, ഷീന രാജൻ, ഡോ. ശ്രീകുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രേസ് മറിയം, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആശ, അസിസ്റ്റന്റ് എൻജിനീയർ മെജോ, ശ്യാംകുമാർ, ഡോ. അരുൺ, തമീം, അജ്മൽ ഘോഷ്, സുഗതൻ, വിധുരാജ് എന്നിവരും എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..