24 October Thursday

അരുത്: വലിച്ചെറിയരുത്, കത്തിക്കരുത്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019
പത്തനംതിട്ട
മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താൽ കർശന നടപടിയെടുക്കാനൊരുങ്ങി സർക്കാർ. ഇതിനു മുന്നോടിയായി മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും അവ ലംഘിച്ചാൽ ലഭിക്കാവുന്ന ശിക്ഷകളും വ്യക്തമാക്കി വിപുലമായ ബഹുജന കാമ്പയിൻ ഹരിതകേരളം മിഷൻ സംഘടിപ്പിക്കും.  മാലിന്യം സൃഷ്ടിക്കുന്നവരിൽ നിക്ഷിപ്തമായിട്ടുള്ള ഉത്തരവാദിത്തം, ചുമതല, നിയമം അനുശാസിക്കും വിധമുള്ള മാലിന്യ പരിപാലനം, തെറ്റായ രീതിയിൽ മാലിന്യ സംസ്‌കരണം നടത്തിയാലുള്ള നിയമനടപടികൾ തുടങ്ങി വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുകയെന്ന് ഹരിതകേരളം മിഷൻ ജില്ലാ കോ-–-ഓർഡിനേറ്റർ ആർ രാജേഷ് പറഞ്ഞു.  
കുറ്റകൃത്യങ്ങൾക്ക് നിയമങ്ങളും ചട്ടങ്ങളും പ്രകാരമുള്ള പിഴ ഈടാക്കുന്നതിലും ശിക്ഷ ഉറപ്പാക്കാനായി നിയമനടപടികൾ സ്വീകരിക്കുന്നതിലും വിവരങ്ങൾ ബന്ധപ്പെട്ട മറ്റ് ഏജൻസികളുടെ ശ്രദ്ധയിൽപ്പെടുത്തി ശിക്ഷ ഉറപ്പു വരുത്തുന്നതിലും പഞ്ചായത്തുകൾക്കും സുപ്രധാന പങ്കുണ്ട്. ഇത്തരം നിയമങ്ങളെക്കുറിച്ചും ചട്ടങ്ങളെക്കുറിച്ചുമുള്ള അറിവ് പൊതുജനങ്ങളിലേക്ക് എത്തിക്കാനായി തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതൽ ഉള്ളവർക്ക്  ഹരിതനിയമ ബോധവൽകരണ കാമ്പയിൻ സംഘടിപ്പിക്കും. ആദ്യ ഘട്ടത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനതല അധ്യക്ഷൻമാർക്കും സെക്രട്ടറിമാർക്കുമാണ് പരിശീലനം നൽകുക. തുടർന്ന് അസി. സെക്രട്ടറിമാർക്കും ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കും പരിശീലനം നൽകും.  
തദ്ദേശസ്വയംഭരണ സ്ഥാപനതല അധ്യക്ഷൻമാർക്കും സെക്രട്ടറിമാർക്കും മലയാലപ്പുഴ കുടുംബശ്രീ അമനിറ്റി സെന്ററിൽ ചൊവ്വാഴ്‌ച നടക്കുന്ന  പരിശീലനത്തിന്റെ ആദ്യ ബാച്ച്‌  കലക്ടർ പി ബി നൂഹ് ഉദ്ഘാടനം ചെയ്യും. ഏഴിന് നടക്കുന്ന രണ്ടാം ബാച്ച്‌ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി നിർവഹിക്കും. 
അസി.  സെക്രട്ടറിമാർക്കും ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കുമുള്ള പരിശീലനം  എട്ട്, ഒൻപത്, 12,13 തീയതികളിൽ നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ഭക്ഷ്യസുരക്ഷ, പൊലീസ്, നഗരകാര്യം, ആരോഗ്യം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പരിശീലനം. 
ജില്ലാതല പരിശീലനത്തിനു ശേഷം ബ്ലോക്കുതലത്തിൽ റിസോഴ്‌സ് പേഴ്‌സൺമാർക്കും തുടർന്ന് വാർഡുതലത്തിൽ പൊതുജനങ്ങൾ, വ്യാപാര വ്യവസായ സംഘടനകൾ, ഓട്ടോ-ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയനുകൾ എന്നിവരെ കേന്ദ്രീകരിച്ചും സ്‌കൂളുകളിലും കോളജുകളിലും എൻസിസി, എൻഎസ്എസ്, സ്‌കൗട്ട്, എസ്‌‌പിസി എന്നിവയുടെ നേതൃത്വത്തിലുമാണ് ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഒരു വാർഡിൽ നിന്ന് 50 മുതൽ 100 വരെ ആളുകൾക്ക്  പരിശീലനം നൽകുക എന്നതാണ് ലക്ഷ്യം.
 
 
പ്രധാന വാർത്തകൾ
 Top