25 August Sunday

എസ്ബിഐ സീതത്തോട് ശാഖയിലേക്ക‌് തൊഴിലാളികൾ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019
ചിറ്റാർ
ഓട്ടോ തൊഴിലാളിയുടെ മകൾക്ക‌് വിദ്യാഭ്യാസവായ്പ നിഷേധിച്ചതിനെ തുടർന്ന്  തൊഴിലാളി ബാങ്കിന്റെ റീജിയണൽ ഓഫീസിൽ കുഴഞ്ഞു വീഴാൻ ഇടയായ സാഹചര്യത്തിൽ പ്രതിഷേധിച്ച്  എസ്ബിഐയുടെ സീതത്തോട് ശാഖയിലേക്ക‌് തൊഴിലാളികൾ മാർച്ച്‌ നടത്തി.ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ സിഐടിയു നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. സീതക്കുഴി നിരപ്പുകണ്ടത്തിൽ മാത്യുവാണ്  പത്തനംതിട്ട റീജിയണൽ ഓഫീസിൽ കുഴഞ്ഞു വീണത്.
ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 
ഫീസ് അടക്കാത്തതിനാൽ മകളെ കോളേജിൽ പ്രവേശിപ്പിക്കാത്തതിനെ തുടർന്നാണ് മാത്യു റീജിയണൽ ഓഫീസിൽ പോയത്. ബാങ്ക് അധികൃതർ നിഷേധസമീപനം സ്വീകരിച്ചതിനാൽ ബാങ്കിൽ കുഴഞ്ഞു വീഴുകയായിരുന്നു. 
സാധാരണക്കാരുടെ മക്കളുടെ പഠനം മുടക്കുന്ന ബാങ്ക് നിലപാടിൽ പ്രതിഷേധിച്ചു നടത്തിയ സമരം ഡിവൈഎഫ്ഐ ജില്ലാ ജോ. സെക്രട്ടറി ജോബി ടി ഈശോ ഉദ‌്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സന്തോഷ്‌കുമാർ തോണിക്കടവിൽ അധ്യക്ഷനായി. ഷാനു സലിം, ബിജു വർഗീസ്, ഷിബു കണമൂട്ടിൽ എന്നിവർ സംസാരിച്ചു.
സമരക്കാരും ബാങ്ക് അധികൃതരും ചിറ്റാർ എസ്ഐയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ വായ്പ വേഗത്തിൽ നൽകാമെന്നും വായ്പതുകയുടെ കാര്യത്തിൽ മാത്രമാണ് തർക്കമെന്നും റീജിയണൽ ഓഫീസുമായി ബന്ധപെട്ട‌് പരിഹരിക്കുമെന്നും ഉറപ്പു നൽകി.
 
 
പ്രധാന വാർത്തകൾ
 Top