06 December Friday

ഭാര്യയെ സംശയിച്ച് മകനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019

 പത്തനംതിട്ട

ഭാര്യയുടെ ചാരിത്ര്യത്തിൽ സംശയിച്ച‌് മൂന്നാം ക്ലാസ‌് വിദ്യാർഥിയായ മകനെ വെട്ടിക്കൊന്ന കേസിൽ അച്ഛന‌് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ. തോട്ടപ്പുഴശ്ശേരി  കുറിയന്നൂർ കോളപ്ര വീട്ടിൽ  റജി തോമസ‌് (45)നാണ് പത്തനംതിട്ട  സെഷൻസ് കോടതി നാല‌് ജഡ‌്ജി സാനു എസ‌് പണിക്കർ ശിക്ഷ വിധിച്ചത്. 2014 നവംബർ 19 നായിരുന്നു സംഭവം.
കുറിയന്നൂർ എംടി എൽപി സ്കൂളിൽ  പഠിച്ചുകൊണ്ടിരുന്ന മകനെ അമ്മയ‌്ക്ക‌് സുഖമില്ലെന്നു പറഞ്ഞ് സ്കൂൾ അധികൃതരോട് അനുവാദം വാങ്ങി വീട്ടിലെത്തിച്ചാണ‌് കൊലപ്പെടുത്തിയത‌്. ഈ സമയം അമ്മ വീട്ടിലില്ലായിരുന്നു. വാക്കത്തികൊണ്ട്  കഴുത്തിൽ മുറിവ് ഉണ്ടാക്കിയശേഷം  കഴുത്ത് ചിരവയിൽ വച്ച് വാക്കത്തികൊണ്ട് വെട്ടി തല വേർപെടുത്തിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്.
കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോഴഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ദിലീപ് ഖാൻ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയത്.  പ്രതി മാനസിക രോഗിയാണെന്നും വിഭ്രാന്തിയിലാണ് കുറ്റകൃത്യം ചെയ‌്തതെന്നുമായിരുന്നു പ്രതിഭാഗം വാദം. പ്രതിക്ക് മാനസികരോഗം ഇല്ലായിരുന്നു എന്ന പ്രോസിക്യൂഷൻ വാദവും തെളിവുകളും അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത‌്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ജില്ലാ ഗവൺമെന്റ് പ്ലീഡർ രേഖ ആർ നായർ ഹാജരായി.
 
 
പ്രധാന വാർത്തകൾ
 Top