12 August Wednesday
കോന്നി മെഡിക്കൽ കോളേജ്

പ്രിൻസിപ്പാൾ, സൂപ്രണ്ട് ഓഫീസുകൾ ഈ മാസം തുറക്കും

സ്വന്തം ലേഖകൻUpdated: Sunday Jul 5, 2020

കോന്നിമെഡിക്കൽ കോളേജിന്റെ ക്രമീകരണങ്ങൾക്കായി തിരുവനന്തപുരത്ത്‌ നടത്തിയ അവലോകന യോഗം

 
കോന്നി
കോന്നി മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പാൾ, സൂപ്രണ്ട് ഓഫീസുകൾ  ജൂലൈ മാസം പ്രവർത്തനം ആരംഭിക്കും. മെഡിക്കൽ കോളേജ് ഒപി പ്രവർത്തനം ആഗസ്‌തിൽ ആരംഭിക്കുന്നതിനു മുന്നോടിയായാണ് ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതെന്ന്‌ കെ യു ജെനീഷ്‌കുമാർ എംഎൽഎ  പറഞ്ഞു.
തിരുവനന്തപുരത്ത് ഡിഎംഇ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ഒപിആരംഭിക്കുന്നതിന്റെ ഭാഗമായി 68 പുതിയ തസ്തികകൾക്ക് അടിയന്തര അംഗീകാരം തേടി ഗവൺമെന്റിലേക്ക് ശുപാർശ നൽകും. എൻഎച്ച്എംൽനിന്ന്‌ നിയമനങ്ങൾ നടത്താനും  തീരുമാനമായി. സംസ്ഥാനത്തെ ഇതര മെഡിക്കൽ കോളേജുകളിൽനിന്ന് ജോലി ക്രമീകരണ വ്യവസ്ഥയിലും ജീവനക്കാരെ എത്തിക്കുമെന്നും ഡിഎംഇ യോഗത്തെ അറിയിച്ചു.അടുത്തയാഴ്ച ഇതു സംബന്ധിച്ച ഉത്തരവിറങ്ങും. 
പരിസ്ഥിതി അനുമതി വ്യവസ്ഥകളോടെ വാങ്ങിയെടുക്കുന്നതിന് ആവശ്യമായ അടിയന്തര ഇടപെടീൽ നടത്തും. ഫർണിച്ചറുകൾക്കും, അനുബന്ധ ഉപകരണങ്ങൾക്കുമായി പണം ലഭ്യമാക്കാൻ സർക്കാരിനോട്‌ ആവശ്യപ്പെടും. ഇതിനായി എംഎൽഎ ഫണ്ടിൽനിന്ന്‌ ഒരു കോടി രൂപ നൽകുമെന്ന് കെ യു ജെനീഷ്‌കുമാർ എംഎൽഎ യോഗത്തെ അറിയിച്ചു.
 ജീവനക്കാർക്ക് താമസ സൗകര്യം ഏർപ്പെടുത്തും. മെഡിക്കൽ കോളേജ് റോഡിൽ അടിയന്തര അറ്റകുറ്റപ്പണി നടത്താൻ പിഡബ്ല്യുഡിക്ക്‌ കത്ത് നൽകും. ദുർഘടമായ ഭാഗങ്ങളിൽ പൂട്ടുകട്ട പാകും.മെഡിക്കൽ കോളേജിലേക്ക് വാഹന സൗകര്യം ലഭ്യമാക്കുന്നതിന്റെ  ഭാഗമായി ബസ് സർവസ് ആരംഭിക്കാൻ കെഎസ്ആർടിസിക്ക്‌ കത്ത് നൽകും. വെള്ളം എത്തിക്കുന്നതിന് താൽക്കാലിക സംവിധാനം ഏർപ്പെടുത്തും.
രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ വിശദാംശം അടുത്ത കിഫ്ബി ബോർഡിൽ സമർപ്പിക്കാനും തീരുമാനമായി. മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കാനുള്ള അന്തിമഘട്ട പ്രവർത്തനങ്ങൾ നടന്നുവരുന്നതായും, നിശ്ചയിച്ച പ്രകാരം ആഗസ്‌തിൽ ഒപി ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.
കെ യു ജെനീഷ്‌കുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിഎംഇ ഡോ.റംല ബീവി, മെഡിക്കൽ എജ്യുക്കേഷൻ ജോയിന്റ്‌ ഡയറക്ടർമാരായ ഡോ.തോമസ് മാത്യു, ഡോ.മംഗളം, സ്‌പെഷ്യൽ ഓഫീസർ ഡോ.ഹരികുമാരൻ നായർ, പ്രിൻസിപ്പാൾ ഡോ.സി എസ് വിക്രമൻ, സീനിയർ ഫിനാൻസ് ഓഫീസർ ശ്രീകുമാർ, പ്ലാനിങ്‌ ഓഫീസർ കുഞ്ഞിമുഹമ്മദ്, നിർമാണ കമ്പനി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top