പത്തനംതിട്ട
ബ്ലോക്ക്പ്രസിഡണ്ടുമാരെ പ്രഖ്യാപിച്ചതോടെ ജില്ലയിൽ കോൺഗ്രസിലെ തർക്കം രൂക്ഷമായി. മാസങ്ങൾക്ക് മുമ്പ് തന്നെ രൂക്ഷമായ ചേരിതിരിവിൽ സംഘടനാ സംവിധാനം നിശ്ചലമായ ജില്ല കൂടിയാണ് പത്തനംതിട്ട. അത് വീണ്ടും രൂക്ഷമാക്കുന്ന വിധത്തിലാണ് പുനസംഘടന.
ജില്ലാതലത്തിൽ ഡിസിസിയുടെ തലപ്പത്തെ മൂവർ സംഘമാണ് ഭാരവാഹികളെ നിശ്ചയിച്ചതെന്നാണ്ആ രോപണം. ഇതിനെതിരെ വിവിധ ഘടകങ്ങളും നിരവധി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്ത് എത്തി. നിരവധിപേർ കെപിസിസിക്ക്പ രാതി അയച്ചു. പി ജെ കുര്യനും ഡിസിസി പ്രസിഡന്റും എംപിയുമടങ്ങുന്ന സംഘമാണ് ഭാരവാഹികളെ നിശ്ചയിച്ചതെന്നാണ് ആക്ഷേപം. ഇവരോടൊപ്പമായിരുന്ന കെപിസിസി ജനറൽ സെക്രട്ടറിയെ മൂവർസംഘം അവഗണിക്കുകയും ചെയ്തു. ഇതോടെ മുൻ ഡിസിസി പ്രസിഡന്റിനെ വീണ്ടും പാർടിയിലേക്ക് തിരിച്ചെടുക്കണമെന്ന പ്രസ്താവനയുമായി രംഗത്തെത്തുകയും ചെയ്തു.
ഒരുകാലത്ത് എ ഗ്രൂപ്പിന് ശക്തമായ ജില്ലയായിരുന്നു പത്തനംതിട്ട. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മറ്റൊരു വിഭാഗവും സജീവമായിരുന്നു. പേരിന് മറ്റു വിഭാഗങ്ങളും. എന്നാൽ ഇവയെല്ലാം മറി കടന്ന് ഏതാനും വ്യക്തികളുടെ കൈയിൽ മാത്രമായി സംഘടന ഒതുങ്ങിയതിന്റെ ദുരന്തമാണ് പുനസംഘടനയിലൂടെ തെളിയുന്നതെന്ന് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ദേശാഭിമാനിയോട് പറഞ്ഞു. പി ജെ കുര്യന്റെ സ്റ്റാഫിൽപ്പെട്ട വ്യക്തിയെയും മറ്റ് കാര്യമായ പ്രവര്‍ത്തന പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാതെ ഭാരവാഹിപ്പട്ടികയിലാക്കി . ഇത് കോൺഗ്രസിന്റെ സജീവ പ്രവർത്തകരെ ആക്ഷേപിക്കുന്നതിന് തുല്യമാണ്.
ഭാരവാഹി നിർണയത്തിൽ സാമൂഹ്യ, സാമുദായിക സന്തുലാവസ്ഥ പരിഗണിച്ചില്ലെന്നും കടുത്ത ആരോപണമുണ്ട്. എപ്പോഴും സാമൂഹ്യ, സാമുദായിക പരിഗണനയ്ക്ക് വേണ്ടി ശക്തമായി വാദിച്ചിരുന്ന പിജെ കുര്യൻ പലപ്പോഴും അത്തരത്തിൽ ശക്തമായ വാദത്തിന്റെ മറവിലാണ് സ്വന്തം സ്ഥാനാർഥിത്വം പോലും ഉറപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അതില്‍ നിന്ന് പിന്മാറിയത് സ്വാര്‍ത്ഥ താൽപ്പര്യ സംരക്ഷണത്തിനാണെന്നും പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് പറഞ്ഞു.
പുനസംഘടനാ പ്രഖ്യാപനം വന്നയുടൻ മുൻ ഡിസിസി പ്രസിഡന്റിനെ താൻ ആക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹത്തെ പർടിയിലേക്ക് തിരിച്ചെടുക്കണമെന്നുമാണ് കെപിസിസി ജനറൽ സെക്രട്ടറിയുടെ പ്രസ്താവന. ചേരിമാറ്റത്തിന് സാധ്യതയുണ്ടോയെന്ന അന്വേഷണമായാണ് സാധാരണ കോൺഗ്രസ് പ്രവർത്തകർ ഇതിനെ കാണുന്നത്. ഒരിക്കൽപോലും കെപിസിസി യോഗത്തിൽ മൂന്‍ ഡിസിസി പ്രസിഡന്റിനെ തിരിച്ചെടുക്കണമെന്ന് വാദിക്കാത്ത വ്യക്തിയാണ് മറ്റൊരു അവസരവാദ നിക്കവുമായി വന്നിട്ടുള്ളത്.
എന്നാൽ ഇത്തരം പ്രസ്താവന കൊണ്ടൊന്നും തന്റെ നിലപാടിൽ മാറ്റമില്ലെന്നും രാജി പ്രഖ്യാപിച്ച സമയത്ത് ഉന്നിച്ച കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നും മുൻ ഡിസിസി പ്രസിഡന്റ് പ്രതികരിച്ചു. സഹകരണ മേഖലയിലേതിന് പിന്നാലെ ഭാരവാഹി നിർണയത്തിലും പാർടി ഈ നിലപാടുമായി മുന്നോട്ട് പോയാൽ ജില്ലയിൽ കോൺഗ്രസിന്റെ വേരറ്റുപോകുമെന്നും മുൻ ഭാരവാഹി പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..