17 February Sunday

ആനയുടെ കാലുവെട്ടും കത്തി മുതല്‍ രാജകൊട്ടാരത്തിലെ പന്തം വരെ

വെബ് ഡെസ്‌ക്‌Updated: Sunday Mar 5, 2017

പൂഴിക്കാട് സ്കൂളില്‍ നടന്ന പുരാവസ്തു പ്രദര്‍ശനത്തില്‍ കുട്ടികള്‍ പുരാവസ്തുക്കള്‍ കാണുന്നു

 പന്തളം > രാജാക്കന്‍മാരുടെ ഇടയില്‍ യുദ്ധം കൊടുമ്പിരിക്കൊളളുന്നകാലം. ആന, കുതിര, കാലാള്‍ പടകള്‍ യുദ്ധഭൂമിയില്‍ അണിനിരക്കുമ്പോള്‍ ഏറെ നാശം വിതയ്ക്കുന്ന ആനപ്പടയേയാണ് ആദ്യം തകര്‍ക്കേണ്ടുന്നതെന്ന യുദ്ധ തന്ത്രത്തിന്റെ ഭാഗമായാണ് യുദ്ധത്തില്‍ ആനയുടെ കാലു വെട്ടുന്ന കത്തിക്ക് പ്രചാരം ലഭിക്കുന്നത്. ഈ കത്തിയാണ് പൂഴിക്കാട് യുപിഎസില്‍ നടന്ന പുരാവസ്തു പ്രദര്‍ശനത്തില്‍ കുട്ടികളെ ഏറെ ആകര്‍ഷിച്ചത്. 

കുട്ടികള്‍ക്ക് മുമ്പില്‍ കത്തി ഉയര്‍ത്തിക്കാട്ടി സംഘാടകര്‍ കാര്യങ്ങള്‍ വിവരിച്ച് കൊടുക്കുമ്പോള്‍ അവരുടെ കണ്ണില്‍ ആനയോളം അത്ഭുതവും അറിവും നല്‍കുന്നതായി പ്രദര്‍ശനം. രാജകൊട്ടാരങ്ങളുടെ ചുവരുകളിലും കൊട്ടാരക്കെട്ടുകളുടെ അകത്തളങ്ങളിലും പ്രകാശം പരത്തുന്നതിന് ഉപയോഗിച്ചിരുന്ന പന്തമായിരുന്നു അടുത്ത ഇനം. ഈ പന്തത്തില്‍ ചുറ്റുന്ന തുണിയില്‍ എണ്ണകോരി കത്തിച്ചിച്ചു നിര്‍ത്തുന്ന സംവിധാനം അധ്യാപകര്‍ വിവരിച്ചു. ആവശ്യമെങ്കില്‍ ഇവ മാറ്റി സ്ഥാപിക്കുന്നതിനും ശത്രുക്കളുടെ ആക്രമണ സമയത്ത് കത്തിച്ച പന്തം ഉപയോഗിച്ച് പ്രത്യാക്രമണത്തിനും ഉപയോഗിക്കാമെന്ന കാര്യവും കുട്ടികള്‍ക്ക് പ്രത്യേക അറിവ് പകരുന്നവയായി. 
 
പഴയ തിരുവിതാകൂര്‍ മേഖലകളില്‍ വെളളി നാണയങ്ങള്‍ എണ്ണാന്‍ ഉപയോഗിച്ചിരുന്ന ചക്രപ്പലകയും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നതായി. നൂറ് പൊഴികളുളള പലകയില്‍ വെളളി ചക്രങ്ങള്‍ ഒരുപിടി കോരി നിരത്തുകയും, പൊഴികളില്‍(കിഴുത്തകള്‍)ചക്രങ്ങള്‍ നിറഞ്ഞു കഴിയുമ്പോള്‍ ബാക്കിയുളളവ മാറ്റി നൂറ് എന്ന കണക്കില്‍ എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു രീതി. കടകളിലും മറ്റും നൂറിന്റെ പലകകള്‍ മാത്രമെ അനുവദിച്ചിരുന്നുളളു. 1000ത്തിന്റെ പലക ഉപയോഗിക്കാന്‍ കൊട്ടാരങ്ങളില്‍ മാത്രമെ അന്ന് അനുവാദം ഉണ്ടായിരുന്നുളളൂ. കേരളത്തിലെ ആദ്യത്തെ ലോട്ടറിയും പ്രദര്‍ശനത്തിനുണ്ടായിരുന്നു. 
കൈവണ്ടി സൈക്കിളിന്റെ ലൈസന്‍സ്, ഓലപ്രമാണം, എഴുത്താണി, അറപ്പെട്ടി, മരവി, മസാലപ്പെട്ടി, മകുടി, പഴയകാല ടൈപ്പ് റൈറ്റര്‍, ഡോക്ടര്‍മാരുടെ മരുന്ന് പെട്ടി, ചര്‍ക്ക, തുറക്കുമ്പോള്‍ മണികിലുക്കുന്ന മണിപ്പൂട്ട്, പഴയകാല തേപ്പുപെട്ടി, വാലുരുളി, ആമാടപ്പെട്ടി. പാക്കുവെട്ടി തുടങ്ങിയവയും പ്രദര്‍ശനത്തില്‍ ഇടം പിടിച്ചു. കുട്ടികളെ പഴയകാല ഉപകരണങ്ങള്‍ പരിചയപ്പെടുത്തുന്നതിന് പൂഴിക്കാട് ഗവ. യുപിഎസും പത്തനതിട്ട ജില്ലാ എസ്എസ്എയും ചേര്‍ന്ന് സംഘടിപ്പിച്ചതാണ് പുരാവസ്തു പ്രദര്‍ശനം. പ്രദര്‍ശന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി ഉദ്ഘാടനം ചെയ്തു. പന്തളം നഗരസഭാ അധ്യക്ഷ ടികെ സതി അധ്യക്ഷയായി. ആനിജോണ്‍, ലസിതാ നായര്‍, അഡ്വ കെ പ്രതാപന്‍, കെപിസി കുറുപ്പ്, ലാല്‍, വിജയമോഹന്‍,  ടിജി ഗോപിനാഥപിളള എന്നിവര്‍ സംസാരിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top