26 January Wednesday
ആയുധം താഴെ വയ്ക്കാതെ ആർഎസ്എസ്

അരിഞ്ഞുതള്ളിയത് പിഞ്ചു ബാലനെയും

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

 പത്തനംതിട്ട

ഭാര്യയുടെയും തിരച്ചറിവായിട്ടില്ലാത്ത രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെയും തേങ്ങലുകൾക്കിടയിൽ സന്ദീപിന്റെ  ചേതനയറ്റ ശരീരം  ചിതയിലേക്കെടുക്കുമ്പോൾ അങ്ങ് വയ്യാറ്റുപുഴയിൽ സിപിഐ എം പ്രവർത്തകർ അനിലിനെ അനുസ്മരിക്കുകയായിരുന്നു. ആർഎസ്എസിന്റെ  ക്രൂരതകൾക്ക്‌ ഒൻപതാം ക്ലാസ് വിദ്യാർഥി എന്ന പരിഗണനയൊന്നുമുണ്ടായില്ല. 38 വർഷം മുമ്പാണ് ആ ക്രൂരത അരങ്ങേറിയത്. 1983 ഡിസംബർ മൂന്നിന്. തോമസ് വർഗീസ് എന്ന അനിൽ പതിമൂന്നാം വയസ്സിലാണ് ആർഎസ്എസിന്റെ  കൊലക്കത്തിക്കിരയായത്. അച്ഛനോടുള്ള പക തീർക്കാനാണ്  അവർ അർധരാത്രി വീടിന്റെ വാതിൽ തകർത്ത്  ഇരച്ചെത്തിയത്. കെെയിൽ കിട്ടിയത് ആ പിഞ്ചു ബാലനെയാണ്. കണ്ണിൽ ചോരയില്ലാത്ത അക്രമി സംഘം നിഷ്ഠൂരമായാണ് അനിലിനെ കൊലപ്പെടുത്തിയത്.
പിഞ്ചു കുഞ്ഞിനോടിതാണെങ്കിൽ മറ്റുള്ളവരുടെ  കാര്യത്തിൽ ആക്രമണശൗര്യം കൂടുക സ്വാഭാവികം. റാന്നിയിലെ  റെജി സക്കറിയയോടും നാരങ്ങാനത്തെ ഷാജി തോമസിനോടും ആർഎസ്എസ് കാട്ടിയത് അതാണ്. റെജി സക്കറിയ സിപിഐ എം പുലിയള്ള്  ബ്രാഞ്ചംഗവും ഡിവെെഎഫ്ഐ യൂണിറ്റ് പ്രസിഡന്റുമായിരുന്നു. വർഗീയ ഫാസിസ്റ്റുകൾക്കെതിരെ  യുവജനങ്ങളെ  സംഘടിപ്പിച്ച്  സമരങ്ങൾക്ക്  നേതൃത്വം നൽകിയതാണ് ആർഎസ്എസിനെ ചൊടിപ്പിച്ചത്.
36 വർഷം മുമ്പ് 1985 നവംബർ 20ന് രാത്രിയായിരുന്നു ആക്രമണം. എം എം  ബേബി എന്ന സഖാവുമൊത്ത് പോസ്റ്റർ പതിക്കുന്നതിനിടെയാണ്  ആർഎസ്എസ് സംഘം ആയുധങ്ങളുമായെത്തിയത്. ഇരുവരെയും വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. പിൻതുടർന്നെത്തി ആശുപത്രി വളപ്പിലിട്ടും വെട്ടി. ഒടുവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നാരങ്ങാനത്തെ  ഷാജി തോമസിന് നേരെയും സംഘടിത ആക്രണമാണ് നടത്തിയത്. 1989 ആഗസ്റ്റ് 31നായിരുന്നു ആ അരുംകൊലയും.
1991ലെ  നിയമസഭാ തെരഞ്ഞെടുപ്പു വേളയിലാണ് തുണ്ടത്തിൽ കമലാസനെ ആർഎസ്എസുകാർ കൊലപ്പെടുത്തുന്നത്.  എൽഡിഎഫിനെ  പരാജയപ്പെടുത്താൻ കോൺഗ്രസും ആർഎസ്എസും യോജിച്ചാണ് പ്രവർത്തിച്ചത്. അതിനെതിരെ ശക്തമായ ക്യാമ്പയിൻ നടത്തിയതാണ്  കമലാസനെ അവരുടെ കണ്ണിലെ കരടാക്കിയത്. എന്നിട്ടും ആയുധം താഴെ വയ്ക്കാത്ത ആർഎസ്എസ് ഇതാ സന്ദീപിനെയും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top