06 December Friday

ശബരിമല: ഒരുങ്ങുന്നത് വൻ വികസന പദ്ധതികൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019

 പത്തനംതിട്ട

ശബരിമല തീർഥാടന കാലം തുടങ്ങാൻ നാല് മാസം അവശേഷിക്കെ വികസന പ്രവർത്തനങ്ങൾ ടോപ്പ് ഗിയറിലേക്ക് മാറുന്നു. സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി, റാന്നി, ചെങ്ങന്നൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള വികസന പ്രവർത്തനങ്ങൾക്കാണ് വേഗം കൂടുന്നത്. നവംബർ 17 നാണ് ഇത്തവണ ശബരിമലയിൽ തീർഥാടനകാലം തുടങ്ങുന്നത്. മണ്ഡല-മകരവിളക്ക് കാലത്തിനിടെ സന്നിധാനത്തെത്തുന്ന ഭക്തർക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതും പാർക്കിങിന് കൂടുതൽ സ്ഥലം കണ്ടെത്തുന്നതും അടക്കമുള്ള വികസന പ്രവർത്തനങ്ങൾക്ക് ഗതിവഗം വർധിച്ചുകഴിഞ്ഞു. ഇതുവരെ നടന്ന പ്രവർത്തനങ്ങൾ വിലയിരുത്താൻ അടുത്ത ദിവസങ്ങളിൽ പ്രത്യേകസംഘം പത്തനംതിട്ടയിലെത്തും. എല്ലാ പ്രദേശങ്ങളും സന്ദർശിച്ച് ഈ സംഘം നൽകുന്ന അവലോകന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാരും ശബരിമല ഉന്നതാധികാര സമിതിയും കഴിഞ്ഞ ദിവസം തീരുമാനിച്ചു.  
റോപ്‌വേ അടക്കമുള്ള നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. റോപ്‌വേയ്ക്ക് ആവശ്യമായ തൂണുകൾ സ്ഥാപിക്കുന്ന നടപടി ഉടൻ ആരംഭിക്കും. ഇതിന്റ മണ്ണ് പരിശോധന അടക്കമുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. പൂജയ്ക്കും കച്ചവടത്തിനുമുള്ള സാധനസാമഗ്രികൾ മുകളിലെത്തിക്കാനായി ഈ സംവിധാനം ഉപയോഗിക്കാനാവും. ഇതിന് ചെറിയ വാടകയും ഈടാക്കും. അതിലുപരി, അത്യാവശ്യഘട്ടങ്ങളിൽ ജീവൻ രക്ഷാ ആംബുലൻസുകളായി റോപ്‌വേ ഉപയോഗിക്കാനാവുമെന്നതാണ് പ്രധാന സവിശേഷത. ഹെലിപാഡിന്റെ അറ്റകുറ്റപണികളും ഈ കാലയളവിനുള്ളിൽ പൂർത്തിയാക്കും. 
തീർഥാടകരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. തീർഥാടകർ ഇക്കുറി കൂടുതലായി എത്തുമെന്നതിനാൽ അവർക്ക് വിരി വയ്ക്കുന്നതിന് കൂടുതൽ സ്ഥലസൗകര്യം ഒരുക്കും. സ്വീവേജ് സംവിധാനത്തിനും ശുചിമുറികളുടെ നിർമാണത്തിനും പ്രാധാന്യം നൽകും. കഴിഞ്ഞതവണ സ്ഥാപിച്ച ബയോടോയ്‌ലറ്റുകൾ ഉടൻ നീക്കം ചെയ്യും. ഇതിന് പകരം ആയിരത്തോളം പുതിയ സ്ഥിരം ശുചിമുറികൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രളയത്തിൽ അടിഞ്ഞ മണൽ ഈ നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. സന്നിധാനത്ത് തീർഥാടകർ വന്യമൃഗങ്ങളാൽ ആക്രമിക്കപ്പെടുന്നത് ഒഴിവാക്കാനുള്ള പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. പാതയുടെ ഇരുവശത്തും വലിയ പനകൾ നട്ടുപിടിപ്പിക്കുന്ന ശ്രീലങ്കൻ മാതൃകയാണ് പരിഗണനയിൽ. മൃഗങ്ങളുടെ കടന്നുകയറ്റം ഒഴിവാക്കാൻ കഴിയുമെന്ന് മാത്രമല്ല, പരിസ്ഥിതി സൗഹൃദവുമാണ് ഈ മാതൃക. 
ശബരിമലയിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക കമ്പനി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ബജറ്റിൽ 739 കോടിരൂപയാണ് ശബരിമല വികസനത്തിന് വകയിരുത്തിയിട്ടുള്ളത്. കിഫ്ബി വഴി 11 പദ്ധതികളും നടപ്പാക്കുന്നുണ്ട്. ശബരിമലയ്ക്കുള്ള 141.75 കോടിയടക്കം പത്തനംതിട്ട ജില്ലയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 1327.96 കോടിയുടെ പദ്ധതികളാണ് കിഫ്ബി വഴി നടപ്പിലാക്കുന്നത്. ഈ പദ്ധതികളുടെ ഏകോപനത്തിനായാണ് ചീഫ് സെക്രട്ടറി ചെയർമാനായ പ്രത്യേക കമ്പനി പ്രവർത്തിക്കുന്നത്. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ ഈ കമ്പനിയുടെ ഗവേണിങ‌് ബോഡി അംഗങ്ങളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണറാണ് ഇതിന്റെ കൺവീനർ. ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും ദേവസ്വം ബോർഡ് കമീഷണർ കൺവീനറുമായി ഇംപ്ലിമെന്റേഷൻ കമ്മിറ്റിയും ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. 
ഇത്തവണ പാർക്കിങിനായി നിലയ്ക്കലിന‌് പുറമേ റാന്നിയിലും സൗകര്യമൊരുക്കും. കിഫ്ബി മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി 9.69 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ശബരിമലയുടെ ഗേറ്റ്‌വേയായ ചെങ്ങന്നൂരിലും തീർഥാടകർക്കായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. നിലയ്ക്കൽ, എരുമേലി, പമ്പാവാലി ഇടത്താവളങ്ങളിലായി 73.08 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടന്നുവരുന്നു.പമ്പയിൽ 10 ദശലക്ഷം ലിറ്റർ സംഭരണശേഷിയുള്ള മലിനജല സംസ്‌കരണ പ്ലാന്റും  വരുന്നുണ്ട്. ശബരിമല, സന്നിധാനം, പമ്പ, നിലയ്ക്കൽ എരുമേലി തുടങ്ങിയ പ്രദേശങ്ങൾ ശുചിയായി സൂക്ഷിക്കുന്നതിനുള്ള പുണ്യം പൂങ്കാവനം പദ്ധതി ഇക്കുറിയും തുടരും. ഭക്തർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള വാട്ടർ കിയോസ്‌കുകൾ ഇത്തവണയും വ്യാപകമായി സ്ഥാപിക്കാൻ വാട്ടർ അതോറിട്ടി നടപടി തുടങ്ങിക്കഴിഞ്ഞു. 
നിലയ്ക്കലിന്റെ വികസനത്തിനുള്ള പ്രധാന പദ്ധതിയുടെ ഭാഗമായി  ടാറ്റാ പ്രൊജക്ട് ലിമിറ്റഡിന്റെ നേതൃത്വത്തിൽ 3600 ച.മീറ്റർ വിസ്തൃതിയുള്ള വിരിഷെഡ്, 500 പുതിയ ശുചിമുറികൾ, കുടിവെള്ളക്ഷാമം അനുഭവപ്പെടാതിരിക്കാനായി അഞ്ചിടങ്ങളിലായി ആർഒ പ്ലാന്റുകൾ തുടങ്ങിയവ നിർമിച്ചു. ഒരു ആർഒ പ്ലാന്റിൽ മൂന്ന് മുതൽ ഏഴുവരെ ആർഒ യൂണിറ്റുകൾ ഉണ്ട്. 25 ലക്ഷം ലിറ്റർ ജലം അധികമായി സംഭരിക്കുന്നതിനുള്ള ടാങ്കിന്റെ നിർമാണവും നിലയ്ക്കലിൽ പൂർത്തിയാക്കിയിട്ടുണ്ട്.  വാഹന പാർക്കിങിനായി നിലയ്ക്കലിൽ കൂടുതൽ സ്ഥലം സജ്ജമാക്കും. 
 
 
 
പ്രധാന വാർത്തകൾ
 Top