21 August Wednesday

ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട്

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019
പത്തനംതിട്ട
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിൽ നാലിന‌് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കലക‌്ടർ പി ബി നൂഹ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള  ജില്ലകളിൽ ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 
ഓറഞ്ച് അല്ലെങ്കിൽ റെഡ് അലർട്ടിലേക്ക് മഞ്ഞ അലർട്ട് മാറുന്ന പക്ഷം പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും,   അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന എമർജൻസി കിറ്റ് തയാറാക്കി വയ്ക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറുകയും വേണം. എമർജൻസി കിറ്റ് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വയ്ക്കുകയും വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും അടിയന്തര സാഹചര്യത്തിൽ ആരെയും കാത്ത് നിൽക്കാതെ എമർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാൻ ഉതകുന്ന തരത്തിൽ വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും വേണം.  പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന വീട്ടിലെ ഉയർന്ന സ്ഥലത്തു സൂക്ഷിക്കുക.
ജില്ലയിലെ മഴക്കാല ദുരന്ത സാധ്യതകൾ ഒഴിവാക്കാനായി  കലക്ടർ അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ നൽകിയിട്ടുള്ള നിർദേശങ്ങൾ ജനങ്ങൾ പാലിക്കണം. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത്  മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ  നിർത്തരുത്. ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ള കാലയളവിൽ മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തോടുകളും പുഴയും മുറിച്ചു കടക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെൽഫി എടുക്കരുത്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങരുത്. പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. തൊട്ടടുത്തുള്ള ക്യാമ്പുകളിലേക്ക് ആവശ്യമെങ്കിൽ മാറി താമസിക്കണം. ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതതു പ്രാദേശിക ഭരണങ്ങൾ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കണം. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടണം.
 
 
പ്രധാന വാർത്തകൾ
 Top