16 April Friday

കോവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021
പത്തനംതിട്ട
ജില്ലയിൽ 60 വയസിന്‌ മുകളിൽ ഉള്ളവർക്കും, 45, 59  പ്രായ പരിധിയിലുള്ള ഗുരുതര രോഗബാധിതർക്കും കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷൻ ജില്ലയിൽ ആരംഭിച്ചു. നിലവിൽ 63 സർക്കാർ ആശുപത്രികളും 12 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 75 വാക്സിനേഷൻ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ലൈഫ് ലൈൻ ഹോസ്പിറ്റൽ അടൂർ, മൗണ്ട്സിയോൺ മെഡിക്കൽ കോളജ് ചായലോട്, പുഷ്പഗിരി മെഡിക്കൽ കോളജ് തിരുവല്ല, സിഎം ഹോസ്പിറ്റൽ പന്തളം, സെന്റ് ഗ്രിഗോറിയോസ് ഹോസ്പിറ്റൽ പരുമല, മാലക്കര ഹോസ്പിറ്റൽ, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് തിരുവല്ല, എംജിഎം മുത്തൂറ്റ് ഹോസ്പിറ്റൽ പത്തനംതിട്ട, മുത്തൂറ്റ് ഹോസ്പിറ്റൽ കോഴഞ്ചേരി, ഹോളിക്രോസ് ഹോസ്പിറ്റൽ അടൂർ, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ കുളനട, തിരുവല്ല മെഡിക്കൽ മിഷൻ എന്നീ സ്വകാര്യ ആശുപത്രികളിൽ കോവിൻ പോർട്ടൽ വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്തി വാക്സിൻ എടുക്കാം. www.cowin.gov.in എന്ന പോർട്ടലിലൂടെ വളരെ ലളിതമായി ആർക്കും രജിസ്ട്രേഷൻ നടത്താം. ഒരു മൊബൈലിൽനിന്ന്‌ നാല്‌ പേർക്ക്‌ വരെ രജിസ്റ്റർ ചെയ്യാം. ഇപ്രകാരം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതാണ് സുരക്ഷിതവും സൗകര്യപ്രദവും. പോർട്ടൽ വഴി സ്വന്തമായി രജിസ്‌റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് ആശാ പ്രവർത്തകർ മുഖേന ആവശ്യമായ രേഖകളുമായി വാക്സിനേഷൻ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്ത് വാക്സിൻ എടുക്കാം. ആശുപത്രികളിൽ എത്തേണ്ട ദിവസം ആശാ പ്രവർത്തകർ അറിയിക്കും.
ഇതുവരെ രജിസ്‌റ്റർ ചെയ്യാൻ സാധിക്കാത്ത ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ, രജിസ്‌റ്റർ ചെയ്തിട്ടും ആദ്യ ഡോസോ, രണ്ടാമത്തെ ഡോസോ എടുക്കാത്തവർ തുടങ്ങിയവർക്ക് സ്പോട്ട് രജിസ്ട്രേഷൻ വഴി വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തി വാക്സിൻ എടുക്കാം.
തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ തിരിച്ചറിയൽ രേഖകളുമായി തൊട്ടടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിലെത്തി വാക്സിൻ എടുക്കണം. ഇതിനായി ഓഫീസ് മേലധികാരി നൽകുന്ന ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ജീവനക്കാരനാണെന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
വാക്സിനേഷന്‌ വേണ്ടി പോകുമ്പോൾ ആധാർ ലിങ്ക് ചെയ്ത മൊബൈൽ ഫോൺ, ആധാർ കാർഡോ, ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയൽ രേഖകളോ കൈയിൽ കരുതണം. 45, -59 വയസ്‌ വരെയുള്ള ഗുരുതര രോഗങ്ങളുള്ളവർ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ കോമോർബിഡിറ്റി സർട്ടിഫിക്കറ്റ് (രോഗവിവരം വ്യക്തമാക്കുന്ന രേഖ) കരുതണം.
മൂന്നാം ഘട്ടത്തിൽ 3,66,000 പേർക്കാണ് ജില്ലയിൽ വാക്സിനേഷൻ നടത്തേണ്ടത്. ഏകദേശം മൂന്നുമാസം കൊണ്ടു മാത്രമേ എല്ലാവർക്കും വാക്സിനേഷൻ പൂർത്തീകരിക്കാൻ കഴിയുകയുള്ളു. ആദ്യ ദിനങ്ങളിൽ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്നവർക്കുള്ള വാക്സിനേഷനാണ് മുൻഗണന നൽകുന്നത്. തുടർന്ന് പൂർണമായും പൊതുജനങ്ങൾക്ക് വാക്സിനേഷനുള്ള കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകും. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, മരുന്നുകൾക്കും ഭക്ഷണത്തിനും ഗുരുതര അലർജി ഉള്ളവർ, കോവിഡ് പോസിറ്റീവ് ആയവർ എന്നിവർ വാക്സിൻ എടുക്കേണ്ടതില്ല.
സർക്കാർ ആശുപത്രികളിൽ വാക്സിനേഷൻ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളിൽ വാക്സിൻ ഒരു ഡോസിന് 250 രൂപ നൽകണം. വാക്സിനേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിന് 0468-2228220, 0468-2222515 എന്നീ കൺട്രോൾ റൂം നമ്പരുകളിലേക്ക് വിളിക്കണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top