16 April Friday
കോവിഡ് ബാധിതർക്കും 80 കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും

തപാൽവോട്ട് ചെയ്യാം

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

 പത്തനംതിട്ട

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ കോവിഡ് ബാധിതർ, 80 വയസ് കഴിഞ്ഞവർ, ഭിന്നശേഷിക്കാർ എന്നിവർക്കും തപാൽ വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും. കോവിഡ് ബാധിതരുടെയും പ്രാഥമിക സമ്പർക്കത്തിൽ ഉള്ളവരുടെയും പട്ടിക ജില്ലാ മെഡിക്കൽ ഓഫീസർ ശേഖരിച്ച് റിട്ടേണിങ്‌ ഓഫീസർക്ക്‌ കൈമാറും. ബിഎൽഒമാർ ഇവരെ ഫോണിൽ ബന്ധപ്പെട്ടശേഷം വീടുകളിലെത്തി അപേക്ഷ നൽകും. അപേക്ഷകൾ വോട്ടർമാരിൽ നിന്നും ബിഎൽഒമാർ തിരികെ വാങ്ങി മാർച്ച് 17ന് മുമ്പ് അതത് വരണാധികാരികളെ ഏൽപ്പിക്കും. ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർ 40 ശതമാനത്തോളം അംഗവൈകല്യം കാണിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം വേണം അപേക്ഷിക്കേണ്ടത്. കോവിഡ് / ക്വാറൻന്റൈനിൽ ഉള്ളവർ ആരോഗ്യവകുപ്പിൽ നിന്നും ഇതിലേക്കായി ജില്ലാ മെഡിക്കൽ ഓഫീസർ നിയോഗിച്ച ഉദ്യോഗസ്ഥൻ നൽകിയിട്ടുള്ള സാക്ഷ്യപത്രം സഹിതം വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
പോളിംഗ് ഉദ്യാഗസ്ഥർക്കും പോലീസുകാർക്കുമാണ് സാധാരണ തപാൽ വോട്ട് അനുവദിക്കാറുള്ളത്. കൂടാതെ ആരോഗ്യം, അഗ്നിരക്ഷാ സേന, ജയിൽ, എക്സൈസ്, മിൽമ, വൈദ്യുതി വകുപ്പ്, ജല അതോറിറ്റി, കെഎസ്ആർടിസി, വനം വകുപ്പ്, ട്രഷറി, തെരഞ്ഞെടുത്ത കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ആംബുലൻസ് തുടങ്ങി അവശ്യ സർവീസിൽ ജോലി ചെയ്യുന്നവർക്കും തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കും ഇത്തവണ തപാൽ വോട്ട് ചെയ്യാം.
80 വയസ് കഴിഞ്ഞവർക്കും, ഭിന്നശേഷിക്കാർ എന്ന് വോട്ടർ പട്ടികയിൽ രേഖപ്പെടുത്തിയവർക്കും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) തപാൽ വോട്ടിനുള്ള അപേക്ഷ (ഫോം 12ഡി) വീട്ടിലെത്തിക്കും. വീട്ടിലെത്തി ബിഎൽഒ തരുന്ന അപേക്ഷാഫോം അപ്പോൾ തന്നെ പൂരിപ്പിച്ച് ഒപ്പിട്ട് നൽകണം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകൾ റിട്ടേണിങ്‌ ഓഫീസർക്ക് ബിഎൽഒ കൈമാറും. ഇവർ തപാൽ വോട്ടർമാരാണെന്ന്‌ വോട്ടർ പട്ടികയിൽ രേഖപ്പെടുത്തും. ഈ പട്ടികയാണ് പോളിങ്‌ ഉദ്യോഗസ്ഥർക്ക് കൈമാറുക. തുടർന്ന് രണ്ട്‌ പോളിങ്‌ ഉദ്യോഗസ്ഥർ, ഒരു സുരക്ഷാ ജീവനക്കാരൻ, വീഡിയോഗ്രാഫർ, ഡ്രൈവർ, ബിഎൽഒ എന്നിവരടങ്ങുന്ന സംഘം ബാലറ്റുമായി തപാൽ വോട്ടർമാരുടെ വീടുകളിലെത്തും. രാഷ്ട്രീയ പാർടി  പ്രതിനിധികൾക്കും ഈ സംഘത്തെ അനുഗമിക്കാം. വീട്ടിലെത്തുന്ന സംഘം ആദ്യം ബാലറ്റ് പേപ്പർ വോട്ടർക്ക്‌ കൈമാറും. അതു പൂരിപ്പിക്കേണ്ട രീതി വിവരിക്കും. ഇവ വീഡിയോയിൽ പകർത്തും.
പോളിങിന്റെ രഹസ്യ സ്വഭാവം നിലനിർത്തി മറ്റാരും കാണാതെ വോട്ടർ വോട്ട് രേഖപ്പെടുത്തണം. വോട്ടർ വോട്ട് ചെയ്യാൻ ഉദേശിക്കുന്ന സ്ഥാനാർഥിയുടെ പേരിന്‌  നേർക്കുള്ള സ്ഥലത്ത് പേന കൊണ്ടു ഗുണന ചിഹ്നമോ, ശരി അടയാളമോ തുടങ്ങി ഏത് അടയാളവും രേഖപ്പെടുത്താവുന്നതും, എന്നാൽ വോട്ടറെ തിരിച്ചറിയുന്ന യാതൊന്നും രേഖപ്പെടുത്താൻ പാടില്ലാത്തതും വോട്ടിന്റെ രഹസ്യ സ്വഭാവം സൂഷിക്കുകയും വേണം.  വോട്ടറുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച് പോളിങ്‌ ഓഫീസർ ഫോം 13എ അറ്റസ്റ്റ് ചെയ്യും. ആശുപത്രികളിലാണെങ്കിൽ അവിടത്തെ ഡോക്ടർക്ക് അറ്റസ്റ്റ് ചെയ്യാം. അതിനു ശേഷം വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് ചെറിയ കവറിൽ  ഇടണം. ആ കവർ മറ്റൊരു വലിയ കവറിൽ ഇടണം. ഒട്ടിച്ച ശേഷം കവർ തിരികെ നൽകണം. വോട്ട് രേഖപ്പെടുത്താ--ൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വോട്ടർ ചുമതലപ്പെടുത്തുന്ന മറ്റൊരാൾക്ക് പകരം വോട്ടു ചെയ്യാം. വോട്ടുചെയ്ത പോസ്റ്റൽ ബാലറ്റുകൾ പോളിങ്‌ ടീം  സ്വീകരിക്കും. വോട്ടെടുപ്പ് ദിവസം അവസാനത്തെ ഒരു മണിക്കൂറിൽ കോവിഡ് രോഗികൾക്കും ക്വാറൻന്റൈനിൽ ഇരിക്കുന്നവർക്കും ബൂത്തിൽ എത്തിയും കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി വോട്ട് ചെയ്യാൻ ഇലക്ഷൻ കമീഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
എല്ലാ വോട്ടർമാർക്കും വോട്ടർ ഇൻഫർമേഷൻ സ്ലിപ് ബിഎൽഒമാർ വീട്ടിലെത്തിക്കും. സ്ലിപ്പിൽ പോളിങ്‌ സ്റ്റേഷന്റെ പേര്, വോട്ടെടുപ്പ് തീയതി, സമയം എന്നിവ ഉണ്ടാകും. ഇത്തവണ വോട്ടിങ്‌ സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചിട്ടുണ്ട്. രാവിലെ ഏഴ്‌ മുതൽ രാത്രി ഏഴ്‌ വരെയാണ് സമയം. കുറ്റമറ്റ ക്രമീകരണങ്ങളും പോളിങ്‌ സമയം നീട്ടിയതും  ശതമാനം വർധിപ്പിക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികളും സ്ഥാനാർഥികളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top