05 December Thursday

പിന്തുണയുമായി 
ബിജെപി കൗണ്‍സിലർ

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

പന്തളം നഗരസഭയിലെ അഴിമതിക്കെതിരെ സിപിഐ എം നടത്തിയ പ്രതിഷേധ ധർണ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്‌ഘാടനം ചെയ്യുന്നു

 പന്തളം

അഴിമതിയും കെടുകാര്യസ്ഥതയും  നടമാടുന്ന പന്തളം ന​ഗരസഭയിലെ ബിജെപി ഭരണസമിതിക്കെതിരെ ബിജെപി കൗണ്‍സിലറും. സിപിഐ എം നേതൃത്വത്തിൽ നടന്ന ബഹുജന ധർണയ്ക്ക് ബിജെപി കൗണ്‍സിലറുടെ ഐക്യദാര്‍ഢ്യം. ബിജെപി മുന്‍ ജില്ലാ സെക്രട്ടറിയും ന​ഗരസഭയിലെ ബിജെപി പാര്‍ലമെന്ററി പാര്‍ടി  ലീഡറുമായിരുന്ന കെ വി പ്രഭയാണ് സിപിഐ എം സമരത്തിന് പിന്തുണയുമായെത്തിയത്. ജനങ്ങളെ എല്ലാ വിധത്തിലും ദ്രോഹിക്കുന്ന പരിപാടിയാണ് ന​ഗരസഭ ഭരണസമിതി നടത്തുന്നതെന്നും ജില്ലാ, സംസ്ഥാന നേതാക്കളുടെയടക്കം അറിവോടെയാണ് അഴിമതി നടക്കുന്നതെന്നും കെ വി പ്രഭ പറഞ്ഞു. 
വിവിധ ക്ഷേമ, വികസന പദ്ധതികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സാമ്പത്തിക വിഹിതങ്ങൾ  ചെലവാക്കാതെ നോക്കുകുത്തിയായിരിക്കുകയാണ്  നഗരസഭയെന്ന് സമരം ഉദ്ഘാടനം ചെയ്ത് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു.  ശബരിമല സീസൺ അടുത്തിട്ടും ന​ഗരസഭ ഒരുക്കേണ്ട സൗകര്യങ്ങൾ ചെയ്യാന്‍ മുന്‍കൈയെടുക്കുന്നില്ലെന്ന ആക്ഷേപം പരക്കെയുണ്ട്. തീർഥാടകർക്കായി പന്തളത്ത് നാലുവർഷം മുമ്പാരംഭിച്ച ശൗചാലയ നിർമാണം പോലും ഇതുവരെ തീർന്നിട്ടില്ല. തെരുവ്  വിളക്കുകൾ പലയിടത്തും പ്രവർത്തിക്കുന്നില്ല. ഇതിനിടയിലാണ് അന്യായമായി കെട്ടിട കരം കൂട്ടി സംസ്ഥാന സർക്കാരാണ് ഉത്തരവാദിയെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണവും  ഭരണസമിതി നടത്തുന്നത്. സിപിഐ എം നേതൃത്വത്തിൽ ഇതിനെതിരെ നിരന്തരമായി സമരം നടത്തുന്നതിന്റെ ഭാ​ഗമായാണ് ശനിയാഴ്ച രാവിലെയും ധർണ നടന്നത്. 
പട്ടികജാതി ഫണ്ട് അമ്പതുശതമാനം മാത്രമാണ് ചെലവഴിച്ചത്. ബാക്കി പണം ലാപ്‌സായി. സര്‍ക്കാര്‍ അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് നല്‍കാനും സമിതി തയ്യാറാകുന്നില്ല. വിദ്യാഭ്യാസ ആവശ്യത്തിനും വീടുവയ്ക്കാനുമടക്കം സർക്കാര്‍ അനുവദിച്ച ഫണ്ടുകൾ അര്‍ഹരായവര്‍ക്ക്  അനുവദിക്കാതെ   ദ്രോഹിക്കുകയാണ് ഭരണസമിതി.  ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് പാര്‍ടി നേതൃത്വം നല്‍കുമെന്നും കെ പി ഉദയഭാനു പറഞ്ഞു. യോ​ഗത്തില്‍ ഇ ഫസല്‍ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ആർ ജ്യോതികുമാർ ,   ന​ഗരസഭ കൗണ്‍സിലര്‍ എസ് അരുണ്‍, എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ടി ലീഡര്‍ ലസിതാ നായര്‍ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top