24 October Thursday

റാന്നിക്കാരുടെ സ്വന്തം 65 ബാങ്ക്‌ നൂറിന്റെ നിറവിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

 റാന്നി

റാന്നിക്കാരുടെ സ്വന്തം  സർവീസ് സഹകരണ ബാങ്കായ 65ന്‌ നൂറിന്റെ  നിറവ്‌. - നാട്ടിലെ സാധാരണക്കാരനും പാവപ്പെട്ടവനും വീടുവയ്ക്കുന്നതിനും മക്കളെ   കെട്ടിച്ചയക്കുന്നതിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കും എന്നും ഒപ്പം നിന്നത് റാന്നി സർവീസ് സഹകരണ ബാങ്ക് ആണ്. 
മറ്റ് ദേശസാൽകൃത ബാങ്കുകൾ  പാവപ്പെവർക്ക് ലോൺ നിഷേധിക്കുമ്പോൾ അവർക്ക് കൈത്താങ്ങാകുന്നത് ഈ ബാങ്കാണ്‌. അതുകൊണ്ടു തന്നെ  നാടിന്റെ മൊത്തം ആഘോഷമായി മാറുകയാണ് .
  ബാങ്കിന്റെ ശതാബ്ദി ആഘോഷവും പാലച്ചുവട് ശാഖയുടെ  ഉദ്ഘാടനവും ചൊവ്വാഴ്‌ച പകൽ 3 ന് ബാങ്ക് ഓഡിറ്റോറിയത്തിൽ   മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ബാങ്ക് വെബ സൈറ്റ് ഉദ്ഘാടനം രാജു ഏബ്രഹാം എംഎൽഎ നിർവ്വഹിക്കും. ബാങ്ക് പ്രസിഡന്റ് ടി എൻ ശിവൻകുട്ടി അധ്യക്ഷനാകും.
‌ 1919 ൽ നായർ വെള്ളാള പരസ്പര സഹായ സംഘം എന്ന പേരിൽ തുടക്കം കുറിച്ച്  1959 ൽ റാന്നി സേവന സഹകരണ സംഘമായി പേര് മാറ്റി . 1963 ൽ റാന്നി സർവീസ് സഹകരണ ബാങ്കായി മാറി.1973 മുതൽ ലാഭത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. 1980 ൽ ക്ലാസ് മൂന്നും 1983ൽ ക്ലാസ് രണ്ടും 1986 ൽ ക്ലാസ് ഒന്നായും 1995 ൽ ക്ലാസ് | സ്പെഷ്യൽ ഗ്രേഡും 2016ൽ സൂപ്പർ ഗ്രേഡായും ഉയർത്തപ്പെട്ടു. ജില്ലയിൽ സൂപ്പർ ഗ്രേഡ് പദവിയിലെത്തിയ ആദ്യ ബാങ്കാണിത്‌.  2001 മുതൽ 20 ശതമാനം ഡിവിഡൻഡ് നൽകി വരുന്നു .
‌ബാങ്ക് പ്രവർത്തനങ്ങൾക്ക് പുറമേ ചിട്ടി, സ്വർണ പണയം , സേഫ് ഡിപ്പോസിറ്റ് ലോക്കർ, ഓഡിറ്റോറിയം, നീതി സ്റ്റോർ, വളം ഡിപ്പോ എന്നിവയും നടത്തിവരുന്നു . ചികിത്സാ ധനസഹായവും നൽകുന്നുണ്ട്‌.  സംസ്ഥാന സർക്കാരിന്റെ  സേവന പെൻഷനുകൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്നുണ്ട്. കെഎസ്ആർടിസി പെൻഷൻ വിതരണവും നടത്തുന്നു. പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കെയർ ഹോം പദ്ധതിയിൽ രണ്ടു വീടുകളാണ് ബാങ്ക് നിർമിച്ചു  നൽകിയത്.
ഇപ്പോൾ 116 കോടി രൂപ നിക്ഷേപ ബാക്കിയും 64 കോടി രൂപ വായ്പാ ബാക്കിയും  ഉണ്ട്. 13132 അംഗങ്ങൾ ഉണ്ട്. 1.54 കോടി രൂപ ഓഹരി മൂലധനവും 118 കോടി രൂപ പ്രവർത്തന മൂലധനവും ഉണ്ട്.
റാന്നിയിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ടി എൻ ശിവൻകുട്ടി, കൺവീനർ പി ആർ പ്രസാദ്, സെക്രട്ടറി സൂസൻ കെ തോമസ്, ബിനോയി കുര്യാക്കോസ്, സി എൻ രാജൻ, ജി ഹരികുമാർ , എൻ ജി തോമസ് കുട്ടി എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top