26 September Saturday

വ്യാജ ഹോമിയോ മരുന്നു വിതരണം: ജാഗ്രത വേണം

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020
പത്തനംതിട്ട 
ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്തുകളും നഗരസഭകളും ചേർന്ന് നടത്തുന്നത് അല്ലാത്ത എല്ലാ മരുന്ന് വിതരണവും അനധികൃതമാണെന്ന്  ജില്ലാമെഡിക്കൽ ഓഫീസർ (ഹോമിയോപ്പതി) ഡോ.ഡി ബിജുകുമാർ അറിയിച്ചു. ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്നായ ആഴ്‌സ്നിക് ആൽബ് വാങ്ങുന്നതിന് വലിയ തോതിൽ തിരക്ക് അനുഭവപ്പെട്ടതോടെ പല തരത്തിലുള്ള വ്യാജ മരുന്ന് വിതരണം നടക്കുന്നതായി ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടു. സർക്കാർ ഹോമിയോ ആശുപത്രികളിലൂടെയും അതത് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും മുഖേനയും ഹോമിയോപ്പതി വകുപ്പ് സ്ട്രിപ്പ് ഗുളിക മാത്രമാണ് ഔദ്യോഗികമായി വിതരണം ചെയ്യുന്നത്. ഒരു ഗുളിക വീതം രാവിലെ മാത്രം തുടർച്ചയായി മൂന്നു ദിവസം എന്നതാണ് ഡോസ്.  സ്വകാര്യ ഡോക്ടർമാരും മെഡിക്കൽ സ്റ്റോറുകളും അവരുടെ സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് സാധാരണ ഹോമിയോ ഗുളികയിൽ  ഈ മരുന്ന് നൽകുന്നുണ്ട്. നാലു ഗുളിക വീതം രാവിലെ മൂന്നു ദിവസം എന്നതാണ് അതിന്റെ ഡോസ്. ഇതിൽ നിന്നും വ്യത്യസ്തമായി കുപ്പിയിൽ ഗുളിക രൂപത്തിൽ ചില സംഘടനകൾ വീടുകളിലും വ്യാപാര ശാലകളിലും വ്യാപകമായി  മരുന്ന് കൊടുക്കുന്നതായി ശ്രദ്ധയിൽ പെട്ടു. ഇത്തരത്തിലുള്ള മരുന്ന് വിതരണത്തിന് യാതൊരു അനുമതിയും ഇല്ല. ഇങ്ങനെ വ്യാപകമായി വിതരണം ചെയ്യുന്ന മരുന്നുകൾ ചിലപ്പോൾ അപകടകരമാകാം. വ്യാജ മരുന്നുകൾ ജനങ്ങൾ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുകയും ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പഞ്ചായത്തിനെയോ ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസറെയോ അറിയിക്കണം. ചില ഹോമിയോപ്പതി മെഡിക്കൽ സ്റ്റോറുകൾ  ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്നിന് അമിതമായ വില ഈടാക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അമിത വില വാങ്ങുന്നതായി പരാതി ലഭിച്ചാൽ കർശന നടപടികൾ സ്വീകരിക്കും. ജനങ്ങൾക്ക്  ഇതുമായി ബന്ധപ്പെട്ട വിവരം 9072615303 എന്ന നമ്പറിൽ ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകാം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top