22 September Sunday

സ്മരണകള്‍ അലമാലകൾ തീര്‍ത്തു; പന്തളം രക്തസാക്ഷികള്‍ക്ക് പ്രണാമം

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

 പന്തളം

രക്തസാക്ഷി സ്മരണകൾ അലമാലകളായി ആർത്തിരമ്പി... ഭാനുവിന്റേയും നാരായണപിള്ളയുടേയും സ്മരണകളിൽ ചെങ്കൊടിയുടെ മക്കൾ പന്തളത്തിന്റെ തെരുവീഥികളിൽ സിന്ദൂര നിറമാർന്ന മഹാപ്രവാഹമായി. എഴുപത്തിമൂന്നിലെ ഭീകരതയെ ചെറുത്ത കുരമ്പാല അമ്പലത്തിനാൽ ചൂരയിലെ സ്മൃതിമണ്ഡപം വെള്ളിയാഴ്ച ചെഞ്ചായത്തിൽ മുങ്ങിനിന്നു.  ചെങ്കൊടിക്കീഴിൽ അണിനിരന്ന സിപിഐ എം പ്രവർത്തകർ ഇവിടെ ദിനാചരണങ്ങൾക്ക് തുടക്കമിട്ട് ഇനി മതഭ്രാന്തൻമാർക്കും ഫാസിസ്റ്റ് ശക്തികൾക്കും ഇവിടെ ഇടമില്ലെന്ന്  പ്രതിജ്ഞയെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പുത്തൻ ഉണർവിന്റെ പതാക ഉയർത്തി.  കുരമ്പാലയിലെ ചടങ്ങിൽ  സിപിഐ എം ഏരിയാ കമ്മിറ്റിയംഗം ആർ ജ്യോതികുമാർ അധ്യക്ഷനായി. എഴുപത്തിമൂന്നിലെ സമര നേതാവ് പി കെ കുമാരൻ, സിപിഐ എം  ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി ഡി ബൈജു, ഏരിയ സെക്രട്ടറി കെ ആർ പ്രമോദ്കുമാർ, ഏരിയ ആക്ടിങ്‌ സെക്രട്ടറി ഇ ഫസൽ, മുതിർന്ന നേതാവ് കെ പി സി കുറുപ്പ്, പന്തളം നഗരസഭാധ്യക്ഷ ടി കെ സതി എന്നിവർ സന്നിഹിതരായി. കുരമ്പാല ലോക്കൽ സെക്രട്ടറി ബി പ്രദീപ് സ്വാഗതം പറഞ്ഞു. 
ഏരിയ കമ്മിറ്റിയംഗം സി രാഗേഷ് ക്യാപ്റ്റനായി നൂറുകണക്കിന് വാഹനങ്ങൾ പങ്കെടുത്ത റാലിയാണ് നടന്നത്. മുടിയൂർക്കോണ്‌ രക്തസാക്ഷി മണ്ഡപത്തിൽ 73ലെ സമരനേതാക്കളിലൊരാളായ പി കെ കുമാരൻ പതായ ഉയർത്തി. മുടിയൂർക്കോണം ലോക്കൽ സെക്രട്ടറി പി കെ ശാന്തപ്പൻ അധ്യക്ഷനായി.  ഏരിയ കമ്മിറ്റിയംഗം വി കെ മുരളി സ്വാഗതം പറഞ്ഞു. രക്തസാക്ഷി നാരായണപിള്ളയുടെ ഭാര്യ തങ്കമ്മ, മക്കൾ കെ എൻ സരസ്വതി, പത്മകുമാരി, ഭാനുവിന്റെ സഹോദരി ശാരദ എന്നിവർ സന്നിഹിതരായി. 
വൈകിട്ട് നടന്ന മഹാപ്രകടനം പന്തളത്തെ പ്രകമ്പനംകൊള്ളിച്ചു. മഹിളകളും തൊഴിലാളികളും കർഷകരും യുവജനങ്ങളും അണിനിരന്ന പ്രകടനം മെഡിക്കൽമിഷൻ ജങ്‌ഷനിൽ തുടങ്ങി പന്തളം പ്രൈവറ്റ് ബസ്‌സ്റ്റാൻഡിൽ എത്തിയപ്പോൾ ആരംഭിച്ച പൊതുസമ്മേളനം വീണാ ജോർജ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ആർ ഗോവിന്ദ്‌ സംസാരിച്ചു. ദിനാചരണ കമ്മിറ്റി ചെയർമാൻ കെ പി സി കുറുപ്പ് അധ്യക്ഷനായി.   ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാനക്കമ്മിറ്റിയംഗങ്ങളായ ആർ ഉണ്ണികൃഷ്ണപിള്ള, അഡ്വ. കെ അനന്തഗോപൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി ഡി ബൈജു, ജില്ലാകമ്മിറ്റി അംഗങ്ങളായ പി കെ കുമാരൻ, ആർ തുളസീധരൻ പിള്ള, ലോക്കൽ സെക്രട്ടറിമാരായ എച്ച് നവാസ്, പി കെ ശാന്തപ്പൻ, ബി പ്രദീപ്, കെ പി മോഹനൻ, എൻ ജീവരാജ്, എസ് രാജേന്ദ്രപ്രസാദ്, പി ആർ ചന്ദ്രൻപിള്ള എന്നിവർ പങ്കെടുത്തു. സ്വാഗത സംഘം കൺവീനർ ഇ ഫസൽ സ്വാഗതം പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top