28 May Thursday

കന്നിമലയിൽ വൻ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020

 അടൂർ 

വേനൽ കനത്തതോടെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മണ്ണടി കന്നിമലയിലെ ഏക്കറുകണക്കിന് ചോലവനങ്ങളും പുൽമേടുകളും കാട്ടുതീയിൽ കത്തിയമർന്നു. അമൂല്യമായ ജൈവവൈവിധ്യമാണ് വർഷം തോറും കാട്ടുതീയിൽ ഭസ്മമാകുന്നത്. മാർച്ച് ആകുന്നതോടെ ഈ മലനിരകളിൽ തീ ആളിപ്പടരുന്നത് പതിവാണ്. പ്രദേശത്ത് കുളിരുള്ള കാലാവസ്ഥ പ്രദാനം ചെയ്യുന്നതിൽ മുഖ്യപങ്കാണ് കന്നിമല മലനിരകൾക്കുള്ളത്. പശ്ചിമഘട്ടം പിന്നിട്ടെത്തുന്ന കാറ്റിനെ തടഞ്ഞുനിർത്തി വർഷത്തിൽ 1000 മില്ലിമീറ്റർ മഴ ഇവിടെ ലഭിക്കുന്നതിന് ഈ പർവതമാണ് സഹായിക്കുന്നത്.  ഇവിടത്തെ ഖനനം മൂലം മഴക്കാലത്ത് കന്നിമല ദുരന്തമേഖലയായി മാറുന്നു. ഇതിനിടയിൽ ഖനന മാഫിയയും വെല്ലുവിളിയാകുന്നുണ്ട്. പകൽ രണ്ടോടുകൂടി  ആരംഭിച്ച കാട്ടുതീ നാട്ടുകാരുടെയും ഡിവൈഎഫ്ഐ പ്രവർത്തകരുടെയും നേതൃത്വത്തിൽ നിയന്ത്രണ വിധേയമാക്കി. അടൂരിൽനിന്ന്‌ ഫയർഫോഴ്സ് സ്‌റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയെങ്കിലും  വാഹനം എത്താൻ വഴിയില്ലാത്തതിനാൽ ശ്രമം വിഫലമായി. കന്നിമലയിൽ അടിക്കടി ഉണ്ടാകുന്ന കാട്ടുതീയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം ശ്രീനി എസ് മണ്ണടി ആവശ്യപ്പെട്ടു.
 
 
പ്രധാന വാർത്തകൾ
 Top