16 April Friday

യോഗം വിളിച്ചിട്ട് നഗരസഭാ ഭരണ സമിതി മുങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021
പന്തളം
പന്തളം നഗരസഭാ കൗൺസിൽ യോഗം അംഗങ്ങൾക്ക് നോട്ടീസ് നൽകി വിളിച്ചിട്ട് പ്രതിപക്ഷ കൗൺസിലർമാർ ഹാളിലെത്തിയപ്പോൾ ചെയർപേഴ്സണും ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും  എത്താതെ മുങ്ങി. ഇതോടെ  പ്രതിപക്ഷ അംഗങ്ങൾ മുൻ നഗരസഭാ അധ്യക്ഷയും കൗൺസിലറുമായ ടി കെ സതിയുടെ അധ്യക്ഷതയിൽ  പ്രതീകാത്മക കൗൺസിൽ യോഗം കൂടി. നഗരസഭാ അധ്യക്ഷയാണ്‌ യോഗം ചൊവ്വാഴ്ച വിളിച്ചത്. എന്നാൽ പ്രതിപക്ഷ  കൗൺസിലർമാരും ആരോഗ്യ സ്റ്റാൻഡിങ്‌‌ കമ്മിറ്റി ചെയർമാനും ഹാളിൽ എത്തിയെങ്കിലും ചെയർപേഴ്സണോ ഭരണ സമിതി അംഗങ്ങളോ എത്തിയില്ല. എന്നാൽ ചില ബിജെപി കൗൺസിലർമാർ നഗരസഭാ പരിസരത്ത് എത്തിയെങ്കിലും  ഹാളിൽ എത്തിയില്ല. വിവരം അന്വേഷിച്ചപ്പോൾ മാറ്റിവച്ചു എന്ന മറുപടിയാണ് പ്രതിപക്ഷത്തിന് ലഭിച്ചത്.  തെരഞ്ഞെടുപ്പ് ചട്ടം ഉള്ളതിനാൽ  നിയമപരമല്ലാത്ത അജണ്ടകൾ കാണിച്ചാണ് കൗൺസിൽ യോഗം വിളിച്ചു ചേർത്തിരുന്നത്.  ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ ഉണ്ണിത്താൻ എത്തിയെങ്കിലും മടങ്ങി. പ്രതിപക്ഷ കൗൺസിലർമാർ പ്രതീകാത്മക കൗൺസിൽ ചേർന്ന് അധ്യക്ഷയുടെ നിലപാടിനെ അപലപിച്ചു. ഭരണ ബാലപാഠം പോലും അറിയാത്ത ചെയർപേഴ്‌സണും ഭരണ സമിതിയും  കോപ്രായങ്ങൾ കാട്ടി ഭരണസ്തംഭനം ഉണ്ടാക്കുകയാണെന്ന് എൽഡിഎഫ് പാർലമെൻററി പാർടി ലീഡർ ലസിതാ നായർ ആരോപിച്ചു.     2021,22 പദ്ധതി പോലും യഥാസമയം ഡിപിസിക്ക്‌ സമർപ്പിച്ച് അംഗീകാരം നേടാനായില്ല. വികസന മുരടിപ്പിന് കാരണക്കാരായ ബിജെപി ഭരണ സമിതി രാജിവയ്‌ക്കണമെന്ന് പ്രതീകാത്മക കൗൺസിൽ യോഗം ആവശ്യപ്പെട്ടു.  കെ ആർ രവി, ലസിത നായർ, കെ ആർ വിജയകുമാർ, പന്തളം മഹേഷ് സുനിതാവേണു, രാജേഷ് കുമാർ, എസ് അരുൺ, അജിതകുമാരി , അംബിക രാജേഷ്. ശോഭനകുമാരി, സക്കീർ,ഷെഫീൻ റജീബ് ഖാൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top