ഇരവിപേരൂർ
"സംഭാവന കൂമ്പാരമാക്കൂ...പരിപാടി ഗംഭീരമാക്കാം....' എന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് കസർത്ത്. അതും നിലം തൊടാതെ. ബെല്ലും ബ്രേക്കും മഡ്ഗാർഡുമില്ലാതെ ആകെ രൂപാന്തരപ്പെട്ട സൈക്കിൾ. ഇന്ന് കാണിച്ച ഒരു നമ്പർ പോലും നാളെയില്ല. അങ്ങനെ നാട്ടുകൂട്ടത്തെ പഴയ ഓർമയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സൈക്കിൾ യജ്ഞകാലം ടി കെ റോഡിൽ മനക്കച്ചിറയിൽ തുടങ്ങി.
ശ്രീചാമുണ്ഡേശ്വരി സൈക്കിൾ സർക്കസിലെ മൈസൂർ സുരേഷും സംഘവുമാണ് കാണികൾക്ക് ആവേശം പകരാനെത്തിയത്. ചെറിയ സ്റ്റേജിനു മുന്നിലായി മൈക്കുനാട്ടിയ കാലിനു ചുറ്റും യജ്ഞക്കാരൻ സൈക്കിൾ ഓടിച്ചുകൊണ്ടിരിക്കും. കറങ്ങിക്കൊണ്ടിരിക്കുന്ന സൈക്കിളിലൂടെ കാണികളുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ടും മെയ് വഴക്കത്തോടെയുമാണ് അഭ്യാസപ്രകടനങ്ങൾ. യജ്ഞം തീരുംവരെ സൈക്കിളിൽനിന്ന് കാൽ തറ തൊടില്ല.
രണ്ടു മണിക്കൂർ നീണ്ട പ്രകടനത്തിൽ ആട്ടവും പാട്ടും കൺകെട്ടുമൊക്കെ പ്രത്യേകതകളാണ്. അന്യം നിന്നുപോയ തനിനാടൻ വിനോദമാണ് സൈക്കിൾ യജ്ഞം. പഴയ ഓർമകൾ ഉണർത്തുന്ന കലാവിരുത്. പഴയ ചലച്ചിത്ര ഗാനങ്ങൾക്കനുസരിച്ച് താളം ചവിട്ടുന്ന കലാകാരന്മാരാണ് പ്രത്യേകത. പ്രകടനം കൊണ്ട് മനസുനിറഞ്ഞ കാണികൾ നൽകുന്ന നാണയത്തുട്ടുകളും പ്രോത്സാഹനവുമാണ് ഇവരുടെ വരുമാനം. കാണികളിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ ലേലം വഴി വിൽക്കുന്നതും രസകരമായ ഓർമ.
അവസാന ദിവസം സൈക്കിൾ യജ്ഞ സംഘത്തിലെ പ്രധാനിയെ മൂന്നു മണിക്കൂറോളം കുഴിച്ചുമൂടി പുറത്തെടുക്കുന്നതോടെ യജ്ഞത്തിന് സമാപനമാവും. ദിവസവും രാത്രി 7.30 മുതൽ 9.30 വരെയാണ് പരിപാടി. സുരേഷിന്റെ മകൻ ഭൈരവാണ് സൈക്കിൾ മാൻ. ആവശ്യപ്പെട്ടാൽ ഗ്രാമങ്ങളിൽ വന്നും കൗതുകക്കാഴ്‌ച ഒരുക്കുമെന്ന് ഭൈരവ് പറയുന്നു. ഫോൺ: 6238473575.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..