Deshabhimani

ആംബുലൻസും ബസും 
കൂട്ടിയിടിച്ച്‌ 10 പേർക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 12:52 AM | 0 min read

 കലഞ്ഞൂർ

കലഞ്ഞൂരിൽ ആംബുലൻസും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചു. അപകടത്തിൽ ഇരുവാഹനത്തിലുമുണ്ടായിരുന്ന 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പത്തനാപുരം ഇ എം എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ ആവശ്യമുള്ള നാല്‌ പേരെ  കൊല്ലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
തിരുവനന്തപുരത്തു നിന്നും പത്തനംതിട്ടയിലേക്ക് വന്ന കെഎസ്ആർടിസി ബസ് കോന്നി ഭാഗത്ത് നിന്നും വന്ന ആംബുലൻസിൽ ഇടിക്കുകയായിരുന്നു. പകൽ പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. ആംബുലൻസിൽ ഉണ്ടായിരുന്നവർക്കാണ് പരിക്ക്‌ കൂടുതലായിട്ടുള്ളത്. കലഞ്ഞൂർ സ്കൂളിന് സമീപം ആംബുലൻസ് ബ്രേക്ക് ചെയ്തപ്പോൾ തെന്നി മാറിയതാണെന്നാണ് പ്രാഥമിക നിഗമനം.
ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ നാല് പേർക്കാണ് സാരമായി പരിക്കേറ്റത്.  ആംബുലൻസിൽ രോഗിയോടൊപ്പം ഉണ്ടായിരുന്നവർ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. മുറിവിൽ നിന്നുള്ള ചോരയും മാംസവും റോഡിൽ ചിതറിത്തെറിച്ചു. പെട്ടെന്ന് തന്നെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി.  പിന്നീട് അഗ്‌നി രക്ഷാസേനയും പൊലീസും എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
സ്ഥിരം അപകടമേഖല
കലഞ്ഞൂർ ഹയർ സെക്കൻഡറി സ്കൂളിന്റെ സമീപത്തെ വലിയ കെട്ടിടവും ഈ ഭാഗത്തെ വളവും പ്രദശത്ത്‌ സ്ഥിരം അപകടങ്ങൾക്ക്‌ കാരണമാകുന്നുണ്ട്‌. 
ദൂരെനിന്ന് വാഹനം വരുന്നത് ഡ്രൈവർക്ക് മുൻകൂട്ടികാണാൻ കഴിയില്ല. പലപ്പോഴും വേഗതയിൽ വരുന്ന വാഹനം അടുത്തെത്തുമ്പോഴാണ് കാണുന്നത്. അപ്പോഴേക്കും അപകടം നടന്നിരിക്കും. റോഡിലെ വളവും, മഴ മൂലം റോഡ് നനഞ്ഞു കിടന്നതും അപകടത്തിനിടയാക്കിയതായി സംശയിക്കുന്നു. എപ്പോഴും ആൾത്തിരക്കുള്ള സ്ഥലമാണവിടം. സ്കൂൾ അവധിദിവസമായതിനാൽ അപകടത്തിന്റെ  തോത്‌ കുറഞ്ഞു.


deshabhimani section

Related News

0 comments
Sort by

Home