22 February Friday

പ്രളയം: പ്രചാരണം വസ്തുതാവിരുദ്ധം‐മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

 പത്തനംതിട്ട

കേരളത്തിലുണ്ടായ പ്രളയം ഡാമുകൾ തുറന്നു വിട്ടതുകൊണ്ടാണെന്ന വസ്തുതാവിരുദ്ധമായ പ്രചാരണം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് മന്ത്രി മാത്യു ടി  തോമസ് പറഞ്ഞു. ഇതു സംബന്ധിച്ച് കൃത്യമായ കണക്കുകളുടെയും വിവരങ്ങളുടെയും വെളിച്ചത്തിൽ നിയമസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സാധാരണഗതിയിൽ ഒരു വർഷം കേരളത്തിലാകെ പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളിൽ മഴയിലൂടെ പതിക്കുന്നത് 75000 ദശലക്ഷം ഘനയടി വെള്ളമാണ്.  ജലവിഭവവകുപ്പിനു കീഴിലുള്ള പതിനാറു ഡാമുകളിലായി മുഴുവൻ സംഭരണശേഷിയും ഉപയോഗിച്ചാൽ സംഭരിക്കാൻ കഴിയുന്നത് 1570.6 ദശലക്ഷം ഘനയടി ജലം മാത്രവും. ആകെ നദീജലത്തിന്റെ 2.1 ശതമാനം മാത്രമാണിത്. ഇത്രയുംചെറിയ ശതമാനം ജലമാണ് കേരളത്തിലെ പ്രളയം മുഴുവൻ സൃഷ്ടിച്ചതെന്ന പ്രചാരണം വെറും പുകമറയാണെന്നു തിരിച്ചറിയണം. മാത്രമല്ല, ഈ   ഡാമുകളിൽ മിക്കതും ജൂൺ, ജൂലൈ മാസങ്ങളിൽത്തന്നെ തുറന്നിരുന്നതാണ്. 
കൂടാതെ ഭൂതത്താൻകെട്ട്, മണിയാർ (പമ്പ ജലസേചനപദ്ധതി), പഴശ്ശി എന്നീ ബാരേജുകളും യഥാക്രമം ജൂൺ ഒന്ന്, ജൂൺ ഒമ്പത്, മെയ് 28 തീയതികൾ മുതൽ തന്നെ തുറന്നിരിക്കുകയായിരുന്നു. പൊടുന്നനെ ഡാമുകൾ തുറന്ന് പ്രളയം വരുത്തിവച്ചതല്ലെന്നു വ്യക്തം. 
 
ഈ വർഷം പ്രത്യേകമായി സംഭവിച്ചത് ആഗസ‌്ത‌് പതിനഞ്ചു മുതലുള്ള ദിവസങ്ങളിൽ പെയ്ത ഭീമമായ അളവിലുള്ള മഴയാണ്. ആഗസ‌്ത‌് 15 മുതൽ 17 വരെയുള്ള മൂന്നു ദിവസങ്ങളിൽ മാത്രം 414 മി.മീ. മഴ പെയ്തു എന്നാണു കണക്ക്. അതിലൂടെ 16,063.2 ദശലക്ഷം ഘനയടി വെള്ളമാണ് പെയ്തിറങ്ങിയത്. സാധാരണ ഗതിയിൽ ഒരു വർഷമാകെ പെയ്യുന്ന മഴയുടെ അഞ്ചിലൊന്നിലധികം മൂന്നു ദിവസം കൊണ്ടു പെയ്തു എന്നർഥം. 'നാസ'യുടെ കണക്കനുസരിച്ച് സാധാരണ വർഷങ്ങളെ അപേക്ഷിച്ച് 164 ശതമാനം അധിക മഴയാണ് (264 ശതമാനം) പെയ്തത്. ആ ദിവസങ്ങളിൽ ജലസേചനവകുപ്പിന്റെ ഡാമുകളിൽ 696.785 ദശലക്ഷം ഘനയടി വെള്ളം ഒഴുകിയെത്തിയപ്പോൾ പുറത്തേക്കു വിട്ടത് 700.373 ദശലക്ഷം ഘനയടി മാത്രം. തമ്മിലുള്ള അന്തരം നേരിയതു മാത്രം എന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.  1924ൽ ഉണ്ടായ മഹാപ്രളയം സംബന്ധിച്ച വാർത്ത പുനഃപ്രസിദ്ധീകരിച്ചതു നമുക്ക് ലഭ്യമാണ്. അതിൻ പ്രകാരം അന്ന് അടയാളപ്പെടുത്തിയിരുന്ന പ്രദേശങ്ങളിൽത്തന്നെയാണ് കൃത്യമായും ഇത്തവണയും പ്രളയമുണ്ടായതെന്നു മനസ്സിലാക്കാം. ഭൂതത്താൻകെട്ടിന് അഞ്ചു കി. മീ. മുകളിൽ അന്നത്തെ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയിരുന്ന പാലമറ്റം എസ്റ്റേറ്റ് പ്രദേശത്ത് അന്നത്തേതിനേക്കാൾ ഒമ്പതടി താഴെയാണ് ഇത്തവണത്തെ ജലനിരപ്പ് എത്തിയത്. കാലടിയിൽ തലപ്പള്ളി മനയിൽ അന്നു രേഖപ്പെടുത്തിയതിനേക്കാൾ 1.4 മീറ്റർ താഴെ മാത്രം.   ഡാമുകളല്ല പ്രളയകാരണം എന്നതിന് ഇതിലും വലിയ തെളിവിന്റെ ആവശ്യമില്ല. 
കുട്ടനാട്ടിലെ ജലനിരപ്പിനെ സ്വാധീനിക്കാൻ കഴിയുന്ന രണ്ടു മനുഷ്യനിർമിത സംവിധാനങ്ങളാണ് തോട്ടപ്പള്ളി സ്പിൽവേയും തണ്ണീർമുക്കം ബണ്ടും. തോട്ടപ്പള്ളി സ്പിൽവേയുടെ 40 ഷട്ടറുകളും നേരത്തെതന്നെ തുറന്നു വച്ചിരുന്നതും പൊഴിമുറിക്കൽ മേയ് മാസത്തിൽത്തന്നെ നടത്തി പരമാവധി ജലം കടലിലേക്ക് ഒഴുക്കി വിട്ടതുമാണ്. സാധാരണ 150 മീറ്റർ വീതിയിൽ പൊഴി മുറിക്കാറുള്ളത്, പ്രളയം മൂലം മതിയാകാതെ വന്നതുമൂലം,  ഇത്തവണ 250 മീറ്റർ വീതിയിലാണു മുറിച്ചത്. തണ്ണീർമുക്കം ബണ്ടിന്റെ ബാർജുകൾ തുറന്നാണിരിക്കുന്നത്. മണ്ണു നീക്കംചെയ്യൽ പരമാവധി വേഗത്തിൽ നടത്തി കഴിയുന്നത്ര വെള്ളം കടലിലേക്ക് ഒഴുക്കി വിട്ടുകൊണ്ടിരിക്കുന്നു. തണ്ണീർമുക്കം ബണ്ടിന്റെ ഇരുഭാഗത്തും കഴിഞ്ഞ ഒരു മാസത്തിലേറെയായി ഏതാണ്ട് ഒരേ ജലനിരപ്പാണ് എന്നതിനർഥം കാര്യമായി കടലിലേക്ക് ജലമൊഴുക്കി വിടാൻ കഴിയുമായിരുന്നില്ല എന്നു തന്നെയാണ്. 
ഒരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച‌് രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ  ശ്രമിക്കുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും തുറന്നുവിടാതെ ഡാം തകർന്നിരുന്നെങ്കിലത്തെ അവസ്ഥ എത്ര ഭീകരമാകുമായിരുന്നു എന്ന് എല്ലാവരും ശാന്തമായി ആലോചിക്കണമെന്നും മാത്യു ടി തോമസ് പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top