17 September Tuesday

യൂത്ത്‌ സ്‌ട്രീറ്റ്‌: സംസ്ഥാന ജാഥ ജില്ലയിലെത്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019

 കൊടുമൺ

സ്വാതന്ത്ര്യ ദിനത്തിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന യൂത്ത്‌ സ്‌ട്രീറ്റിന്റെ ഭാഗമായുള്ള സംസ്ഥാന ജാഥ ജില്ലയിൽ പ്രവേശിച്ചു. രണ്ട്‌ ജാഥകളിൽ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌ നയിക്കുന്ന തെക്കൻ മേഖല ജാഥയാണ്‌ ജില്ലയിൽ പര്യടനം നടത്തുന്നത്‌. വെള്ളിയാഴ്‌ച ആറ്‌ കേന്ദ്രങ്ങളിൽ ജാഥയ്‌ക്ക്‌ സ്വീകരണം നൽകും.
 ‘വർഗീയത വേണ്ട, ജോലി മതി’ എന്ന മുദ്രാവാക്യമുയർത്തിയാണ്‌ യൂത്ത്‌ സ്‌ട്രീറ്റ്‌ സംഘടിപ്പിക്കുന്നത്‌. 15ന്‌ വൈകിട്ട്‌ നാലിന്‌ കോന്നിയിൽ അമ്പതിനായിരം യുവതീ യുവാക്കൾ അണിനിരക്കുന്ന റാലിയും യോഗവും സംഘടിപ്പിക്കും.
സംസ്ഥാന ട്രഷറർ എസ്‌ കെ സജീഷാണ്‌ ജാഥ മാനേജർ. വി കെ സനോജ്‌, എം വിജിൻ, ഡോ. പ്രിൻസി കുര്യാക്കോസ്‌, ഷിജുഖാൻ എന്നിവരാണ്‌ ജാഥ അംഗങ്ങൾ. 
വ്യാഴാഴ്‌ച  കൊല്ലം ജില്ലയിൽ പര്യടനം നടത്തിയ ജാഥ രാത്രി എട്ടരയോടെ ജില്ലാ അതിർത്തിയായ ഏനാദിമംഗലം പഞ്ചായത്തിലെ പുതുവലിൽ ഡിവൈഎഫ്ഐ നേതാക്കളും സംഘാടക സമിതി ഭാരവാഹികളും ബഹുജനങ്ങളും ചേർന്ന്‌ സ്വീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു  പുഷ്പഹാരം നൽകി സ്വീകരിച്ചു.നൂറ് കണക്കിന് യുവാക്കളും ജാഥയെ ഹാരാർപ്പണം ചെയ്‌തു. ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ, സെക്രട്ടറി പി ബി സതീഷ് കുമാർ, എക്സിക്യൂട്ടീവംഗം എസ്‌ രാജ്കുമാർ, ജില്ലാ കമ്മിറ്റിയംഗം ഡോ. ആർ സജിത, ഹരീഷ് മുകുന്ദ്, വിഷ്ണുമോഹൻ, സിപിഐ എം കൊടുമൺ ഏരിയ സെക്രട്ടറി എ എൻ സലീം, എസ് അനീഷ്, അഡ്വ.ആർ ബി രാജീവ് കുമാർ എന്നിവരും സ്വീകരിച്ചു. 
വെള്ളിയാഴ്‌ച രാവിലെ 10ന്‌ ജാഥയ്‌ക്ക്‌ അടൂരിൽ സ്വീകരണം നൽകും. തുടർന്ന്‌ കലഞ്ഞൂർ, പകൽ മൂന്നിന്‌ പത്തനംതിട്ട, നാലിന്‌ റാന്നി, അഞ്ചിന്‌ കോഴഞ്ചേരി, ആറിന്‌ തിരുവല്ല എന്നിവടങ്ങളിൽ സ്വീകരണം നൽകും. എല്ലാ കേന്ദ്രങ്ങളിലും കലാ–- സാംസ്‌കാരിക–- സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top