22 August Thursday
ഭക്ഷ്യ സുരക്ഷാ നിബന്ധനകളിൽ വീഴ്ച

17 സ്ഥാപനങ്ങളിൽ നിന്ന‌് 1,45,000 രൂപ പിഴയീടാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019

 പത്തനംതിട്ട

ഭക്ഷ്യ സുരക്ഷ നിലവാര നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാതെ ഭക്ഷ്യ ഉല്പാദനവും, വ്യാപാരവും നടത്തുന്നത് 2006-ലെ ഭക്ഷ്യ സുരക്ഷാ നിലവാര നിയമ പ്രകാരം കുറ്റകരവും, ശിക്ഷാർഹവുമാണെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണർ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ ലൈസൻസ് എടുക്കേണ്ടതും നിയമാനുസൃതമുള്ള ശുചിത്വ നിലവാരം ഉൾപ്പെടെയുള്ള ലൈസൻസ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കും.   
ജൂൺ മാസത്തിൽ ജില്ലയിൽ ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ഗുരുതര വീഴ്ചകൾ വരുത്തിയ 17 സ്ഥാപനങ്ങൾക്ക് 145000 രൂപ പിഴ ഈടാക്കി. ഇവയിൽ ജോളിഫുഡ് പ്രോടക്ട്‌സ്-(20000), ലിയാൻസ് ബേക്കറി, തിരുവല്ല-(25000), അനന്തുഹോട്ടൽ, പെരുമ്പുഴ-(15000), ഇന്ത്യ കോഫീ ഹൗസ്, തിരുവല്ല-(10000), വൈറ്റ്‌പോർട്ടിക്കോ ഹോട്ടൽ, അടൂർ-(10000), ജെ- മാർട്ട് അറേബ്യൻ ഹോട്ടൽ, പത്തനംതിട്ട-(20000), ബാർബിക്യു ഫാമിലി റസ്‌ടോറന്റ്, തിരുവല്ല-(7000), ബൂസ്റ്റ് മുരുഗൻ തട്ടുകട, കുമ്പഴ-(7000),   മാതാ റസ്‌റ്റോറന്റ്, മല്ലപ്പള്ളി-(5000), എസ്എൻ ബേക്കറി, പന്തളം-(6000), ഹോട്ടൽ മന്ന- വിക്ടോറിയ, മഞ്ഞാടി-(3000), ഹോട്ടൽ ഗ്രീൻ വാലി, ഉതിമൂട്-(3000), മറിയം മാർജിൻ ഫ്രീ മാർക്കറ്റ്, പത്തനംതിട്ട-(3000), ഹോട്ടൽ പ്ലാസ, അടൂർ-(2000), ഹോട്ടൽ ടേയ്സ്റ്റ് മലബാർ, തിരുവല്ല-(5000) എന്നിവ ഉൾപ്പെടുന്നു.
ജൂൺ മാസം ശേഖരിച്ചു പരിശോധനയ്ക്ക് അയച്ച വിവിധ ഭക്ഷണ സാധനങ്ങളുടെ 19 ഭക്ഷ്യ സാമ്പിളുകളിൽ അഞ്ച് എണ്ണം ആരോഗ്യത്തിന‌് ഹാനികരമായ തരത്തിൽ സുരക്ഷിതമല്ല എന്നും രണ്ടെണ്ണം വേണ്ടത്ര ലേബൽ വിവരണങ്ങളില്ലാതെ മിസ്ബ്രാണ്ടഡ് എന്ന തരത്തിലും പരിശോധന ഫലങ്ങൾ ലഭ്യമായിട്ടുണ്ട്. റസ്‌ക്, മിക്‌സ്ചർ തുടങ്ങിയ ഭക്ഷണ സാധനങ്ങളിൽ കൃത്രിമ നിറങ്ങൾ ചേർക്കാൻ പാടില്ലാത്തതാണ്. എന്നാൽ പൊതുവേ ഹാനികരമായ തരത്തിൽ കൃത്രിമ നിറങ്ങൾ ചേർത്തതായി പരിശോധയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഹാനികരമായ ഭക്ഷണ പദാർഥങ്ങൾ ഉൽപാദിപ്പിച്ചു വിതരണം നടത്തിയവർക്കെതിരെ പ്രോസിക്യുഷൻ നടപടികൾ നടന്നു വരുകയാണ്.
ജില്ലയിലെ വിവിധ സോഡാ നിർമ്മാണ യുണിറ്റുകളിൽ നടത്തിയ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ ഒമ്പത് യുണിറ്റുകൾക്ക് നോട്ടീസ് നൽകുകയും ഗുരുതര വീഴ്ച കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങളുടെ പ്രവർത്തനം നിരോധിക്കുകയും ചെയ്തു. സ്‌കൂൾ-കോളേജ് ഹോസ്റ്റലുകളും കാന്റീനുകളും, ഉച്ചഭക്ഷണം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവൺമെന്റ് കാന്റീനുകൾ, പ്രസാദ വിതരണം നടത്തുന്ന ആരാധനാലയങ്ങൾ, റേഷൻകടകൾ ഉൾപ്പെടെയുള്ള പൊതുവിതരണ സ്ഥാപനങ്ങൾ  തുടങ്ങി എല്ലാ ഭക്ഷ്യ ഉൽപ്പാദന-വിതരണ-ശേഖരണ സ്ഥാപങ്ങളും ലൈസൻസ് എടുക്കണമെന്നും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും വരും ദിവസങ്ങളിൽ സ്‌ക്വാഡ് പ്രവർത്തനം ഊർജിതമാക്കുമെന്നും അസിസ്റ്റന്റ് കമീഷണർ അറിയിച്ചു.
 
 
പ്രധാന വാർത്തകൾ
 Top