കോന്നി
കുടുംബശ്രീ പോലെയുള്ള സംരംഭങ്ങൾ എങ്ങനെ നാടിന്റെ ഐശ്വര്യമായി മാറുന്നുവെന്ന് സുജാത ചേച്ചിയോട് ചോദിച്ചാലറിയാം. ഭർത്താവിന്റെ മരണത്തോടെ സ്വന്തം ജീവിതത്തിലുണ്ടായ ബുദ്ധിമുട്ടുകൾ മറ്റൊരു സ്ത്രീക്കും ഉണ്ടാകാതിരിക്കാൻ സ്വയമാർജിച്ച കരുത്ത് മറ്റുള്ളവർക്ക് പകരുകയാണിവർ.
കോന്നി ബ്ലോക്ക് പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷൻ എൽ ഡി എഫ് സ്ഥാനാർഥി സുജാത അനിലിനെ ആർക്കും പരിചയപ്പെടുത്തേണ്ടതില്ല. നാട്ടിൽ സ്ത്രീ ശാക്തീകരണത്തിനുള്ള എല്ലാ പദ്ധതികളിലും ഈ നാൽപത്തെട്ടുകാരിയുടെ കൈയൊപ്പുണ്ട്.
ഭർത്താവ് മുക്കുഴി പുന്നാട്ട് കിഴക്കേതിൽ അനിലിന്റെ മരണശേഷം കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ റബർവെട്ടിന് പോയി. അക്കാലത്താണ് കുടുംബശ്രീ രൂപീകരിക്കുന്നത്. വാർഡ്തലം മുതൽ പ്രവർത്തിച്ച സുജാത വീട്ടിലെ കഷ്ടപ്പാടുകൾക്കിടയിലും പഞ്ചായത്തിലാകെ നിരവധി കുടുംബശ്രീ യൂണിറ്റുകൾ രൂപീകരിച്ച് സ്ത്രീ ശാക്തീകരണത്തിന് നേതൃത്വം നൽകി. തുടർന്ന് ഏഴു വർഷം മലയാലപ്പുഴ പഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സണായി പ്രവർത്തിച്ചു. കുടുംബശ്രീ കാന്റീൻ ഉൾപ്പെടെ നടത്തി പഞ്ചായത്തിലെ പാവപ്പെട്ട സ്ത്രീകൾക്ക് വരുമാന മാർഗം ഉണ്ടാക്കുന്നതിൽ നേതൃത്വം വഹിച്ചു. ഏറ്റവും ഒടുവിൽ കുടുംബശ്രീ ചുമതലയിൽ പ്രിന്റിങ് പ്രസ് ആരംഭിച്ചു.
സിഡിഎസ് ചെയർപേഴ്സണായിരിക്കുമ്പോൾ ഒരു തവണ സംസ്ഥാനത്തെ മികച്ച ആറാമത്തെ കുടുംബശ്രീയായി മലയാലപ്പുഴ കുടുംബശ്രീയ്ക്ക് അവാർഡ് ലഭിച്ചു. തുടർച്ചയായി അഞ്ചുതവണ സംസ്ഥാന അവാർഡുകൾ തേടിയെത്തി. തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചപ്പോൾ തൊഴിലാളിയായി ജോലി ചെയ്തു സ്ത്രീകളെ സംഘടിപ്പിച്ചു. മലയാലപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റായപ്പോൾ മികച്ച സദ്ഭരണ പഞ്ചായത്ത്, തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയ പഞ്ചായത്ത്, സമ്പൂർണ ഒഡിഎഫ് എന്നിങ്ങനെ നിരവധി അവാർഡുകൾ നേടി.
45 കിടപ്പ് രോഗികൾക്ക് മരുന്നുകളും, 15 രോഗികൾക്ക് ഭക്ഷ്യ കിറ്റുകളും വീട്ടിലെത്തിച്ചു നൽകുന്നതിലും ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി സോണൽ ചെയർപേഴ്സൺ കൂടിയായ സുജാത നേതൃത്വം നൽകുന്നു. നിലവിൽ സിപിഐ എം മലയാലപ്പുഴ ലോക്കൽ കമ്മിറ്റിയംഗം, മഹിള അസോസിയേഷൻ കോന്നി ഏരിയ സെക്രട്ടറി, എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..