14 September Saturday
ജില്ലയിൽ 48 മില്ലിമീറ്റർ മഴ

ജില്ലയിൽ 48 മില്ലിമീറ്റർ മഴ

സ്വന്തം ലേഖകൻUpdated: Sunday Oct 1, 2023

കനത്ത മഴയിൽ ആനചാരിക്കൽ മീൻമുട്ടിക്കൽ തങ്കപ്പന്റെ വീടിന്റെ അടിത്തറ തകർന്ന നിലയിൽ

പത്തനംതിട്ട
കാലവർഷം അവസാനത്തോടടുത്തപ്പോൾ ജില്ലയിൽ മഴ കനത്തു. മൂന്ന്‌ ദിവസമായി ജില്ലയിൽ എല്ലാ ഭാഗങ്ങളിലും ഭേദപ്പെട്ട നിലയിൽ മഴ പെയ്‌തു. ശനിയാഴ്‌ച 48.5 മില്ലിമീറ്റർ മഴയാണ്‌ ജില്ലയിൽ ലഭിച്ചത്‌. 8.9 ശതമാനം മഴയാണ്‌ ഈ ദിവസങ്ങളിൽ സാധാരണ നിലയിൽ ലഭിക്കേണ്ടിയിരുന്നത്‌. 445 ശതമാനം അധിക മഴ ശനിയാഴ്‌ച ലഭിച്ചു. മഴ ശക്‌തമായതോടെ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ ശനിയാഴ്‌ച ജില്ലയിൽ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു. ജൂൺ ഒന്ന്‌ മുതൽ സെപ്‌തംബർ 30 വരെ 1, 369.2 മില്ലിമീറ്റർ മഴ ജില്ലയിൽ ലഭിച്ചു. 1,572.7 മില്ലിമീറ്റർ മഴയാണ്‌ ലഭിക്കേണ്ടിയിരുന്നത്‌. കാലവർഷത്തിൽ 13 ശതമാനത്തിന്റെ മഴക്കുറവാണ്‌ ജില്ലയിൽ ഉണ്ടായത്‌. സംസ്ഥാനത്ത്‌ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവന്തപുരം ജില്ലകൾ ഒഴികെ എല്ലാ ജില്ലകളിലും മഴ സാരമായി കുറഞ്ഞു. 34 ശതമാനത്തിന്റെ കുറവാണ്‌ സംസ്ഥാനത്തുണ്ടായത്‌.
കുറച്ച്‌ ദിവസങ്ങളായി തുടരെ മഴ ലഭിച്ചതോടെ ജില്ലയിലെ അണക്കെട്ടുകളിലെയും നദികളിലെയും ജലനിരപ്പ്‌ ഉയർന്നു. കാലവർഷത്തിന്റെ തുടക്കത്തിൽ മഴ കുറഞ്ഞതിനാൽ അണക്കെട്ടുകളിൽ ജലനിരപ്പ്‌ കുറവായിരുന്നു. ജല നിരപ്പ്‌ ഉയർന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച്‌ ഇപ്പോഴും കുറവാണ്‌. ജില്ലയിലെ പ്രധാന നദികളിലെല്ലാം ജല നിരപ്പ്‌ ഗണ്യമായി ഉയർന്നു. പമ്പ നദിയിയിൽ കുരുടാമണ്ണിൽ, മാരമൺ, ആറന്മുള, മാലക്കര തുടങ്ങി എല്ലാ സ്ഥലങ്ങളിൽ ജല നിരപ്പ്‌ ഉയർന്നു. അച്ചൻകോവിലാറിന്റെ കോന്നി, കല്ലേലി, പന്തളം, തുമ്പമൺ മണിമലയാറിന്റെ വള്ളംകുളം, കല്ലപ്പാറ ഉൾപ്പടെ എല്ലാ സ്ഥലങ്ങളിലും ജല നിരപ്പ്‌ ഉയർന്നിട്ടുണ്ട്‌. എവിടെയും അപകട സൂചനയില്ല.
കക്കി, മൂഴിയാർ അണക്കെട്ടുകളിലെ ജലനിരപ്പും ഉയർന്നു. 967.78 മീറ്ററാണ്‌ ശനിയാഴ്‌ചത്തെ ജലനിരപ്പ്‌. സംഭരണശേഷിയുടെ 56.8 ശതമാനമായ 253.63 എംസിഎം വെള്ളമാണ്‌ അണക്കെട്ടിലുള്ളത്‌. 63 മില്ലിമീറ്റർ മഴ അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശത്ത്‌ ലഭിച്ചു. 4.2214 എംസിഎം വെള്ളം ഒഴുകി എത്തുന്നു. 0.9214 എംസിഎം വെള്ളം ഉപയോഗിച്ച്‌ 1.4862 മെഗാ യൂണിറ്റ്‌ വൈദ്യുതിയും ഉൽപ്പാദിപ്പിച്ചു. കഴിഞ്ഞ വർഷം 975.56 മീറ്റാറായിരുന്നു ജലനിരപ്പ്‌. സംഭരണശേഷിയുടെ 78.75 ശതമാനം. പമ്പ അണക്കെട്ടിൽ 968.65 മീറ്ററാണ്‌ നിലവിലെ ജലനിരപ്പ്‌. സംഭരണശേഷിയുടെ 15.51 ശതമാനമായ 4.83 എംസിഎം വെള്ളമാണ്‌ അണക്കെട്ടിലുള്ളത്‌. 41 മില്ലിമീറ്റർ മഴ വൃഷ്‌ടി പ്രദേശത്ത്‌ ലഭിച്ചു. 1.568 എംസിഎം വെള്ളം ഒഴുകിയെത്തുന്നു. കഴിഞ്ഞ വർഷം 975.70 മീറ്റായിരുന്നു ജലനിരപ്പ്‌. സംഭരണശേഷിയുടെ 42.31 ശതമാനം. മൂഴിയാറിൽ 186.6 മീറ്ററും മണിയാറിൽ 33.9 മീറ്ററുമാണ്‌ ജലനിരപ്പ്‌.
കനത്ത മഴയിൽ മലയാലപ്പുഴയിൽ വീടിന്റെ അടിത്തറ തകർന്നു. ആനചാരിക്കൽ മീൻമുട്ടിക്കൽ തങ്കപ്പന്റെ വീടിന്റെ അടിത്തറയാണ്‌ തകർന്നത്‌. പകൽ രണ്ടോടെയാണ് ഇടിഞ്ഞു വീണത്. അടിത്തറ ഇളകി കല്ലും മണ്ണും സമീപവാസിയായ അമ്പാടിയിൽ നീലാംബരന്റെ വീട്ടിലേക്ക് വീണ് വീടിന് കേടുപാടുകളും ഭിത്തിക്ക് വിള്ളലും ഉണ്ടായി. തങ്കപ്പന്റെ വീടിന്റെ അടിത്തറ പൂർണ്ണമായി തകരുകയും വീടിന്റെ പല ഭാഗത്തും വിള്ളലുണ്ടാവുകയും ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top