21 February Thursday

ജനങ്ങൾക്ക് പ്രതീക്ഷ സിപിഐ എമ്മിൽ മാത്രം: കോടിയേരി

സ്വന്തം ലേഖകൻUpdated: Wednesday Aug 1, 2018

വി ആർ ശിവരാജന്റെ 11‐ാമത് അനുസ്മരണം കോന്നി പൂങ്കാവിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

 കോന്നി

ഇന്നത്തെ കാലഘട്ടത്തിൽ ജനങ്ങൾക്ക് ഏക പ്രതീക്ഷ സിപിഐ എമ്മിൽ മാത്രമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗമായിരുന്ന വി ആർ ശിവരാജന്റെ 11‐ാമത് അനുസ്മരണം കോന്നി പൂങ്കാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. 
കേന്ദ്രം സർക്കാർ ഉദാരവൽക്കരണ സാമ്പത്തിക നയം തീവ്രമായി നടപ്പിലാക്കുന്നതോടുകൂടി ജനജീവിതം ദുസഹമായിരിക്കുകയാണ്. നാല് വർഷം കൊണ്ട് അറുപതിനായിരം കർഷകരാണ് ആത്മഹത്യ ചെയ്തത്. ദളിത് വിഭാഗങ്ങൾക്ക് ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും സമാധാനത്തോടെ ജീവിക്കാൻ കഴിയാതെ വന്നിരിക്കുന്നു. ബിജെപി സർക്കാർ അധികാരത്തിൽ വന്ന ശേഷം രാജ്യത്ത് 90 ലക്ഷം തൊഴിലാളികൾക്ക് തൊഴിൽ  നഷ്ടമായി. ബിജെപി സർക്കാരിന്റെ നാല് വർഷത്തെ ഭരണം പഴയ കോൺഗ്രസ് ഭരണത്തിന്റെ മറ്റൊരു പതിപ്പായി മാറി. കോൺഗ്രസിന്റെയും ബിജെപിയുടെയും നയങ്ങൾക്ക് ഒരു ബദൽ നയം വളർത്തിക്കൊണ്ടുവരാൻ ഇടതുപക്ഷത്തിനേ കഴിയൂവെന്നും കോടിയേരി പറഞ്ഞു.  കോന്നി, സിപിഐ എം സംസ്ഥാന സെക്രട്ടറി, 
 ബിജെപി ഗവൺമെന്റിന് ബദൽ ഇടതുപക്ഷമാണ്. ലൈഫ് മിഷൻ പദ്ധതി, കുടുംബ ഡോക്ടർ സംവിധാനം തുടങ്ങി വിവിധ പദ്ധതികളിലൂടെ കേരളത്തിലെ പാവപ്പെട്ടവർക്ക് ആശ്വാസമാണ് പിണറായി വിജയൻ സർക്കാർ. ഇടത്തരക്കാരില്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ ധനം  ലഭ്യമാക്കിയ സംസ്ഥാനമായി കേരളം മാറി. രണ്ട് വർഷം കൊണ്ട് 400 കോടി രൂപയാണ് ദുരിതാശ്വാസ സഹായമായി എൽഡിഎഫ് ഗവൺമെന്റ് വിതരണം ചെയ്്തത്. അഞ്ച് വർഷം കൊണ്ട് യുഡിഎഫ് വിതരണം ചെയ്തത് വെറും 450 കോടി മാത്രമാണ്.  ഇത്തരത്തിലുള്ള പിണറായി വിജയൻ സർക്കാരിനെ അസ്ഥിരീകരിക്കാനാണ് ബിജെപിയും, ആർഎസ്എസും  ഇപ്പോൾ മുസ്ലിം തീവ്രവാദികളായ എസ്ഡിപിഐയും ശ്രമിക്കുന്നത്.  രണ്ട് വർഗീയ ശക്തികളും ഒരു പോലെ കേരളത്തെ കലാപഭൂമിയാക്കാൻ ശ്രമിക്കുകയാണ്.
എസ്എഫ്ഐക്കാരെയും ഡിവൈഎഫ്ഐക്കാരെയും സിപിഐ എമ്മുക്കാരെയും കൊലപ്പെടുത്തി  ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് ഒരു ഭാഗത്ത് ആർഎസ്എസും മറുഭാഗത്ത് എസ്ഡിപിഐയും ശ്രമിക്കുന്നത്. എന്നാൽ സിപിഐ എമ്മിനെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാവില്ല. കേരളം അതിന് കീഴടങ്ങാൻ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു. 
വർഗീയ ശക്തികളുടെ പ്രവർത്തനത്തോട്  ജനങ്ങൾ സഹകരിക്കരുത്. ആർഎസ്എസുകാർ ദൈവത്തിന്റെ ആളുകളായി അവതരിക്കും.  ക്ഷേത്രങ്ങളെയും അവർ പ്രചാരണത്തിനായി ഉപയോഗിക്കുകയാണ്. പണ്ട് ക്ഷേത്രങ്ങളിലാണ് അഷ്ടമിരോഹിണി ആചരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആർഎസ്എസ് ശ്രീകൃഷ്ണജയന്തി ആഘോഷിക്കാൻ പോവുകയാണ്. ശ്രീകൃഷ്ണനും ബിജെപിയും തമ്മിൽ എന്താണ് ബന്ധം. ബിജെപിയുടെ ഏതോ നേതാവാണ് ശ്രീകൃഷ്ണനെന്ന് തോന്നുന്ന രീതിയിലാണ് ഇവർ ഇത് ആചരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. 
സിപിഐ എമ്മിനെ കെട്ടിപ്പടുക്കുക, പാർടിയെ ഏറ്റവും വലിയ ബഹുജനസ്വാധീനമുള്ള പാർടിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സഖാവ് ശിവരാജൻ പ്രവർത്തിച്ചുകൊണ്ടിരുന്നതെന്നം സഖാവ് ബാക്കിവെച്ച കാര്യങ്ങൾ ഏറ്റെടുക്കാൻ ഇന്നത്തെ തലമുറ തയാറാകണമെന്നും കോടിയേരി  പറഞ്ഞു. 
യോഗത്തിൽ ലോക്കൽ സെക്രട്ടറി കെ ആർ ജയൻ അധ്യക്ഷനായി, സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണപിള്ള സംസാരിച്ചു,  സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ അനന്തഗോപൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ജെ അജയകുമാർ, എ പത്മകുമാർ, അഡ്വ.ആർ സനൽകുമാർ, പ്രൊഫ.ടി കെ ജി നായർ, അഡ്വ.ഓമല്ലൂർ ശങ്കരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ ശ്രീകുമാർ, എൻ സജികുമാർ, ഏരിയ സെക്രട്ടറി സി ജി ദിനേശ്, ഏരിയ  കമ്മിറ്റി അംഗങ്ങളായ ശ്യാംലാൽ, ജി പ്രമോദ്, എം അനീഷ് കുമാർ, ശിവരാജന്റെ ഭാര്യ ഡി ചന്ദ്രമതി  എന്നിവർ വേദിയിൽ സന്നിഹിതരായി. സംഘാടക സമിതി കൺവീനർ കെ എം മോഹനൻ സ്വാഗതവും, പി എസ് ഗോപി നന്ദിയും പറഞ്ഞു. സിപിഐഎമ്മുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചവർക്ക് യോഗത്തിൽ സ്വീകരണം നൽകി. 
സ്മൃതി മണ്ഡപത്തിൽ പുഷ്പാപാർച്ചനയും പതാക ഉയർത്തലും നടത്തി .
 

 

പ്രധാന വാർത്തകൾ
 Top