പത്തനംതിട്ട
മലയും പുഴയും കടന്നുവന്ന പഠനവണ്ടി ഊരുകളിൽ എത്തിയപ്പോൾ ഒരുകൂട്ടം പുഞ്ചിരികൾ തിരികെ നൽകി അവർ എസ്എഫ്ഐ പ്രവർത്തകരെ യാത്രയാക്കി. ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ആദിവാസി ഊരികളും വിദ്യാർത്ഥികളെ ഏറ്റെടുക്കുന്ന പദ്ധതിയായ ഊരുകളിലേക്ക് എസ്എഫ്ഐയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ആവണിപ്പാറ ആദിവാസി കോളനിയിൽ നിർവഹിച്ചു.
ജില്ലയിലെ ക്യാമ്പസുകളിൽ സഞ്ചരിച്ച പഠനവണ്ടി ഒരു രൂപ ചലഞ്ചിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയും കണ്ടെത്തിയ പഠനോപകരണങ്ങൾ ഏറ്റുവാങ്ങിയപ്പോൾ കോളേജുകളിൽ അധ്യാപകരും വിദ്യാർഥികളും വലിയ സ്വീകാര്യതയാണ് പദ്ധതിക്ക് നൽകിയത്. പഠനോപകരണങ്ങൾ നൽകുന്നതിനപ്പുറം ഓരോ ഊരുകളുടെയും ആവശ്യാനുസരണം മെഡിക്കൽ ക്യാമ്പുകളും തയ്യൽ പരിശീലനവും വ്യക്തിത്വ വികസന ക്ലാസുകളും ഗ്രന്ഥശാലാ നിർമാണവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
വരുംദിവസങ്ങളിൽ ജില്ലയിലെ ഗവി, അടിച്ചിപ്പുഴ, നിലയ്ക്കൽ, കുരുമ്പൻമൂഴി അടക്കമുള്ള ആദിവാസി ഊരുകളിലേക്കും കുട്ടികൾക്കുള്ള പഠനോപകരണങ്ങളുമായി പഠനവണ്ടി എത്തും. ആവണിപ്പാറയിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് എസ് ഷൈജു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അമൽ ഏബ്രഹാം സ്വാഗതവും അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, അജ്മൽ സിറാജ്, സച്ചിൻ സജീവ്, എസ് ഷെഫീഖ്, അജ്മൽ ബഷീർ, അനന്ദു മധു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..