08 August Saturday
എസ്എസ്എൽസി ഫലം

വീണ്ടും ഒന്നാമത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

 പത്തനംതിട്ട

കോവിഡ്‌ ഭീഷണിക്കിടയിലും  എസ്എസ്എൽസി പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 99.71 ശതമാനമാനം വിജയവുമായി ജില്ല ഇത്തവണയും ഒന്നാം സ്ഥാനത്ത്‌. കഴിഞ്ഞ വർഷം നേടിയ വിജയ ശതമാനത്തേക്കാൾ കൂടുതലാണിത്‌. കഴിഞ്ഞ വർഷത്തെ  99.34 ശതമാനമെന്നത് ഈ വർഷം 99.71 ശതമാനമായി ഉയർന്നു. 
ഈ വർഷം 10417 വിദ്യാർഥികളാണു ജില്ലയിൽ പരീക്ഷ എഴുതിയത്. ഇതിൽ 10387 പേരും വിജയിച്ചു. കഴിഞ്ഞ വർഷം 10852 കുട്ടികൾ പരീക്ഷ എഴുതിയതിൽ 10780 പേരാണു വിജയിച്ചത്. ഉന്നത പഠനത്തിന് അർഹത നേടാൻ കഴിയാതെ പോയവർ  30 ആണ്‌.   കഴിഞ്ഞ വർഷം ഇത്‌  72 ആയിരുന്നു.
1019 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇതിൽ 691 പേരും പെൺകുട്ടികളാണ്. പട്ടികജാതി, വർഗ വിഭാഗത്തിൽപ്പെട്ട 39 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
ജില്ലയിലെ 168 വിദ്യാലയങ്ങളിൽ 145 എണ്ണത്തിനും 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. 51 ഗവ. വിദ്യാലയങ്ങളിൽ 41 ലും, 112 എയ്ഡഡ് വിദ്യാലയങ്ങളിൽ 97 ലും 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. ഏഴ് അൺ എയിഡഡ് വിദ്യാലയങ്ങളും ഈ പട്ടികയിലുണ്ട്.
ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ എംജിഎം സ്‌കൂളിൽ 350 ൽ ഒരാൾ പരീക്ഷയെഴുതാഞ്ഞത് മൂലം 100 ശതമാനം വിജയം നഷ്ടമായി. ഇതര സംസ്ഥാന വിദ്യാർഥി സ്വന്തം സംസ്ഥാനമായ രാജസ്ഥാനിലേക്കു മടങ്ങിയതിനാൽ അവസാന മൂന്ന് പരീക്ഷകൾ എഴുതാൻ കഴിഞ്ഞിരുന്നില്ല. 
ഏറ്റവും കുറച്ച് കുട്ടികൾ പരീക്ഷ എഴുതിയ സെന്റ് ജോർജ് ഹൈസ്‌കൂൾ ചായലോട്–- 4, ജിഎച്ച്എസ് അഴിയിടത്തുചിറ –-3 എന്നിവിടങ്ങളിൽ എല്ലാ കുട്ടികളും വിജയിച്ചു.
ജില്ലയിൽ മികച്ച വിജയം നേടുന്നതിന് യത്‌നിച്ച അധ്യാപകരെയും ഉദ്യോഗസ്ഥരേയും രക്ഷിതാക്കളെയും വിദ്യാർഥികളെയും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി കെ ഹരിദാസ് അഭിനന്ദിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top