19 September Saturday

വിത്സൺ കാത്തിരിക്കുന്നു കൺമണിയെ കാണാൻ

ശരത‌് കൽപ്പാത്തിUpdated: Friday Jul 31, 2020

വിത്സൺ ശങ്കർ

 

 
പാലക്കാട് 
ഒരുമതിൽക്കെട്ടിനപ്പുറം പിറന്ന ആദ്യ കൺമണിയെ ഇതുവരെ കാണാനായില്ലെന്ന സങ്കടം ഏറെയുണ്ട്‌. കോവിഡ്‌ മുക്തി നേടിയെങ്കിലും നിരീക്ഷണകാലയളവ്‌ കഴിയും വരെ ഇനിയും കാത്തിരിക്കണം. ജില്ലാ ആശുപത്രിയിലെ നേഴ്‌സ്‌ വിത്സൺ ശങ്കറാണ്‌ പൊന്നോമനയെ കാണാൻ ദിവസങ്ങൾ തള്ളിനീക്കുന്നത്‌. ‌ 
21ന് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഭാര്യ ധനുഷ ആൺകുഞ്ഞിന് ജന്മം നൽകിയ വിവരം സഹപ്രവർത്തകരാണ് ഫോണിൽ അറിയിച്ചത്. ആ സമയം സ്രവപരിശോധനയ്‌ക്ക്‌ ജില്ലാ ആശുപത്രിയിൽ ഇരിക്കുകയായിരുന്നു വിത്സൺ. ജോലിക്കിടെയാണ്‌‌ വിത്സന്‌‌ കോവിഡ്‌ ബാധിച്ചത്‌.  
മസ്തിഷ്‌ക ജ്വരവുമായി അത്യാഹിത വിഭാഗത്തിലെത്തിയ യുവാവിനെ അനുനയിപ്പിച്ച്‌‌ മരുന്ന് കഴിപ്പിക്കണം. മാസ്‌ക്‌ ധരിച്ചിരുന്നു.  കൈകൾ സോപ്പുപയോഗിച്ചും‌ കഴുകി. ഒടുവിൽ യുവാവിന് കോവിഡ് സ്ഥിരീകരിച്ചപ്പോൾ നിരീക്ഷണത്തിൽ പോകേണ്ടി വന്നു. 
അതിലൊന്നും വിത്സണ്‌‌ വിഷമമില്ല. 15 മുതൽ നിരീക്ഷണത്തിൽ ആയിരുന്നു. 23ന് പോസിറ്റീവ് ആയി. 
വീഡിയോ കോളിലൂടെയാണ് ഭാര്യയോട്‌ സംസാരിക്കുന്നത്‌. ധനുഷ ഛണ്ഡീഗഡിൽ നേഴ്സാണ്. പ്രസവത്തിന്‌ നാട്ടിൽ വന്നതാണ്. തന്നിലൂടെ ആർക്കും കോവിഡ് വരരുതെന്ന് മാത്രമേ കരുതിയുള്ളു. പക്ഷേ നാട്ടുകാരിൽ ചിലരും വേണ്ടപ്പെട്ടവരും ഭയത്തോടെയാണ് കാണുന്നതെന്ന് വിത്സൺ പറയുന്നു. അതുമാത്രമാണ്  വിഷമം. 
നിരീക്ഷണകാലയളവ് കഴിഞ്ഞാൽ വീണ്ടും കോവിഡ് ജോലിക്ക് തിരിച്ചെത്തും. എത്ര കരുതലെടുത്താലും ചെറിയ ശ്രദ്ധക്കുറവിൽ രോഗബാധയുണ്ടായേക്കാം എന്ന ബോധ്യത്തിൽ തന്നെയാണ്‌ ആരോഗ്യപ്രവർത്തകർ  ജോലി ചെയ്യുന്നത്. 
കോവിഡ് കാലത്തെ അനുഭവം പങ്കുവച്ചുള്ള വിത്സന്റെ ഫേസ്ബുക്ക്‌ പോസ്റ്റ് വൈറലായിരുന്നു. ജില്ലാ ആശുപത്രിയിൽ മാത്രം 17 ആരോഗ്യപ്രവർത്തകർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. പുതുപ്പരിയാരം കാവിൽപ്പാട് ശങ്കരന്റെയും ശോഭനയുടെയും മകനാണ് വിത്സൺ. ഭാര്യയും കുഞ്ഞും വീട്ടിൽ സുഖമായിരിക്കുന്നു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top